Connect with us

Gulf

പ്രവാസി ചിട്ടിയെപ്പറ്റി ആശങ്ക വേണ്ട: തോമസ് ഐസക്

Published

|

Last Updated

ദുബൈ: പ്രവാസി ചിട്ടിയെപ്പറ്റി ആശങ്ക വേണ്ടെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. സൃഷ്ടിപരമായ സംവാദങ്ങള്‍ക്ക് ഇനിയും ഒരുക്കമാണെന്നും നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ പ്രവാസി ചിട്ടി സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മുന്‍ ധനമന്ത്രി കെ എം മാണിയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രവാസി ചിട്ടി നിയമസഭയില്‍ ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ നടപ്പാക്കാവൂ എന്നാവശ്യപ്പെട്ടുകൊണ്ടുള്ള കെ എം മാണിയുടെ പ്രസ്താവനക്കുള്ള മറുപടിയായിട്ടാണ് മന്ത്രി തന്റെ നിലപാട് ആവര്‍ത്തിച്ചത്.

ഈ മാസം11ന് കോട്ടക്കല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യത്തില്‍ എന്റെ സന്നദ്ധത അറിയിച്ചിരുന്നു. നിയമസഭയെ പൂര്‍ണമായും വിശ്വാസത്തിലെടുത്താണ് കെഎസ്എഫ്ഇയുടെ ചിട്ടി അടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നാളിതുവരെ നടത്തിപ്പോന്നിട്ടുള്ളത്. തുടര്‍ന്നും അങ്ങനെ ചെയ്യുന്നതില്‍ ഒരു വീഴ്ചയും വരുത്തുകയില്ല. കെ എം മാണി അദ്ദേഹത്തിന്റെ വാര്‍ത്താ കുറിപ്പില്‍ കെ എസ് എഫ് ഇ പ്രവാസി ചിട്ടി 1982ലെ ചിട്ടി നിയമത്തിന്റെ നാലും അഞ്ചും ഇരുപതും വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് നടത്തുന്നത് എന്ന് ആരോപിക്കുന്നു.
ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.

ചിട്ടി നിയമത്തിന്റെ നാലാം വകുപ്പ് ചിട്ടി നടത്തിപ്പിനുള്ള മുന്‍കൂര്‍ അനുമതിയെ സംബന്ധിച്ചും അഞ്ചാം വകുപ്പ് ചിട്ടി നടത്തിപ്പ് സംബന്ധിച്ച് നല്‍കുന്ന നോട്ടീസുകളെ സംബന്ധിച്ചും ഇരുപതാം വകുപ്പ് ചിട്ടി അനുവാദത്തിന് മുന്‍കൂറായി നിക്ഷേപിക്കേണ്ട സെക്യൂരിറ്റിയെ സംബന്ധിച്ചുമാണ്. ഈ വ്യവസ്ഥകള്‍ എല്ലാം പ്രവാസി ചിട്ടിക്കും ആഭ്യന്തര ചിട്ടിക്കും ബാധകമാണ്. കെ എസ് എഫ് ഇ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ ആഭ്യന്തര ചിട്ടികളും ചിട്ടി നിയമത്തിലെ നാലും അഞ്ചും ഇരുപതും വകുപ്പുകള്‍ പാലിച്ചു കൊണ്ടുതന്നെയാണെന്ന് മന്ത്രി പറഞ്ഞു.