ദിര്‍ഹം കരുത്താര്‍ജിച്ചു; ആദ്യപകുതിയില്‍ ജീവിതച്ചെലവ് ഗണ്യമായി കുറഞ്ഞു

Posted on: July 20, 2018 7:35 pm | Last updated: July 20, 2018 at 7:35 pm
SHARE

അബുദാബി: ഈ വര്‍ഷം ആദ്യ പകുതി പിന്നിടുമ്പോള്‍ യുഎഇയില്‍ ജീവിത ചെലവ് ഗണ്യമായി കുറഞ്ഞതായി പഠനം വ്യക്തമാക്കുന്നു. നുംബിയോ ഏജന്‍സി പുറത്തു വിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം ചെലവേറിയ നഗരങ്ങളുടെ, മധ്യ വര്‍ഷ ജീവിത ചെലവ് സൂചിക പ്രകാരം അബുദാബി 97, ദുബൈ 113, എന്നിങ്ങനെയാണ് റേറ്റ്. വാടകകളിലും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസിലും ഇടിവുണ്ടായി. ദിര്‍ഹം കരുത്താര്‍ജിച്ചു. സര്‍ക്കാര്‍ നല്‍കുന്ന പല പൊതുസേവനങ്ങളുടേയും ഫീസ് കുറച്ചിട്ടുണ്ട്. കൂടാതെ സ്‌കൂള്‍ ഫീ വര്‍ധന മരവിപ്പിച്ചതും വലിയ ആശ്വാസമായി.
ഏറ്റവും പ്രധാനപ്പെട്ട കാര്യം മറ്റു രാജ്യാന്തര കറന്‍സികള്‍ക്കെതിരെ ദിര്‍ഹം ശക്തി പ്രാപിച്ചതാണ്. ഇതോടെ യുഎഇയില്‍ ജീവിക്കുന്നവരുടെ ശേഷിയും ജീവിത നിലവാരവും മെച്ചപ്പെട്ടു.

2017 ആദ്യ പകുതിയില്‍ ഇത് യഥാക്രമം 72ഉം 93ഉം ആയിരുന്നു. യുഎഇയിലെ ഏറ്റവും വലിയ രണ്ടു എമിറേറ്റുകളില്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ജീവിത ചെലവ് കുറഞ്ഞിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ദുബൈയില്‍ ജീവിക്കുന്നവരുടെ വാങ്ങല്‍ ശേഷി കഴിഞ്ഞ വര്‍ഷത്തെ 101.67 പോയിന്റിനെ അപേക്ഷിച്ച് ഇത്തവണ 153.68 പോയിന്റ് ആയി ഉയര്‍ന്നിരിക്കുന്നു. സുരക്ഷ, ആരോഗ്യ സംരക്ഷണം, സ്വത്ത് വില, വരുമാന അനുപാതം, മലിനീകരണം, കാലാവസ്ഥ തുടങ്ങിയ സൂചികകളിലും ഈ കാലയളവില്‍ ദുബൈ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇതെല്ലാം ചേര്‍ന്നാണ് ജീവിത നിലവാരം മെച്ചപ്പെട്ടത്. ജീവിത നിലവാരം, സുരക്ഷ, ആരോഗ്യ സംരക്ഷണം എന്നീ സൂചികകളില്‍ അബുദാബി പുരോഗതി കൈവരിച്ചു. വാറ്റ് (മൂല്യ വര്‍ധിത നികുതി) നടപ്പിലാക്കിയത് ഉല്‍പ്പന്നങ്ങളുടെ വിലയില്‍ നേരിയ വര്‍ധനക്ക് കാരണമായെങ്കിലും വീട്ടു വാടക കുത്തനെ ഇടിഞ്ഞത് പണപ്പെരുപ്പം വര്‍ധിക്കാതെ പിടിച്ചു നിര്‍ത്തിയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ദിര്‍ഹം = 18.80 രൂപ
ദുബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം റിക്കോര്‍ഡ് താഴ്ചയില്‍. ഇന്നലെ ദിര്‍ഹം നല്‍കിയാല്‍ 18.80 രൂപ ലഭിക്കുന്ന അവസ്ഥയായി. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഒറ്റ ദിവസം 43 പൈസയുടെ കുറവാണ് സംഭവിച്ചത്. വരും ദിവസങ്ങളില്‍ ഇനിയും കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here