പ്രസിഡണ്ടിന്റെ യു എ ഇ സന്ദര്‍ശനം; ആദര സൂചകമായി ചൈനീസ് ഭാഷയില്‍ ലൈസന്‍സ് പുറത്തിറക്കി

Posted on: July 20, 2018 7:29 pm | Last updated: July 20, 2018 at 7:29 pm

അബുദാബി: ചൈനീസ് പ്രസിഡണ്ട് ഷി ചിന്‍പിങ്ങിന്റെ ആദ്യ യു എ ഇ സന്ദര്‍ശനത്തിന് ആദരസൂചകമായി യു എ ഇ ലുള്ള ചൈന സ്വദേശികള്‍ക്ക് ചൈനീസ് ഭാഷയില്‍ പ്രത്യേക ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിക്കൊണ്ട് യു എ ഇ ആദരവ് പ്രകടിപ്പിച്ചു.
പ്രസിഡന്റ് ജി ജിന്‍പിങ്ങിന്റെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഓര്‍മക്കയാണ് ചൈനീസ് ഭാഷയിലുള്ള യു എ ഇ ഡ്രൈവിങ് ലൈസന്‍സ് വ്യാഴാഴ്ച ഗതാഗത വകുപ്പ് പുറത്തിറക്കിയതെന്ന് അബുദാബി പോലീസ് വാഹന ലൈസന്‍സിങ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഇബ്‌റാഹിം നസീര്‍ അല്‍ ഷംസി പറഞ്ഞു. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ചൈനാ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി യു എ ഇയും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള ശക്തമായ ബന്ധത്തെയും നയതന്ത്രത്തെയും സാമ്പത്തിക ബന്ധങ്ങളെയും സാക്ഷിയാക്കുന്ന വീഡിയോകള്‍ അബുദാബി പോലീസ് പുറത്തിറക്കി. അബുദാബി പോലീസ് ഓഫിസറുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിന്‍ ചൈനീസ് ഭാഷയില്‍ അബുദാബി മീഡിയ ഡിപ്പാര്‍ട്‌മെന്റ് സംപ്രേഷണം ചെയ്തു.
ചൈനയും യു എ ഇ യും തമ്മിലുള്ള ബന്ധത്തിന് 2,000 വര്‍ഷത്തെ പഴക്കമുണ്ടെന്ന് അബുദാബി പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

യു എ ഇയും ചൈനയും തമ്മില്‍ ഇത്രയും കാലം ശക്തമായ സൗഹൃദമാണ് നിലനിര്‍ത്തിയത്. ഏഴാം നൂറ്റാണ്ടില്‍ കടല്‍ വഴിയുള്ള വിപണനം തുറന്നതോടെ ചൈനീസ് പട്ട്, കളിമണ്‍ എന്നിവ അറേബ്യന്‍ ഉപദ്വീപ്, കിഴക്കന്‍ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വിപണനം ചെയ്യപ്പെട്ടു.
അറേബ്യാന്‍ രാജ്യങ്ങളിലെ സുഗന്ധങ്ങളും മുത്തുകളും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ഏഷ്യയിലേക്കും വിപണനം ചെയ്യപ്പെട്ടു.