ഉപയോഗശൂന്യമായ ടയര്‍; ആറ് മാസത്തിനുള്ളില്‍ 8,000 ലംഘനങ്ങള്‍ കണ്ടെത്തി

Posted on: July 20, 2018 7:27 pm | Last updated: July 20, 2018 at 7:27 pm
SHARE

അബുദാബി: കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അബുദാബിയില്‍ അസാധുവായ ടയര്‍ ഉപയോഗിച്ചുള്ള 8000 ലംഘനങ്ങള്‍ കണ്ടെത്തിയതായി അബുദാബി ട്രാഫിക് മന്ത്രാലയം അറിയിച്ചു. സുരക്ഷിത യാത്രക്ക് ടയര്‍ സുരക്ഷിതമായിരിക്കണമെന്ന് ട്രാഫിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ മേജര്‍ അബ്ദുള്ള അല്‍ ഖുബൈസി വ്യക്തമാക്കി. ടയര്‍ ഉപയോഗ രഹിതമായതും, അമിത ഭാരവുമാണ് ടയര്‍ സ്‌ഫോടനത്തിന്റെ കാരണം. സുരക്ഷ ഉറപ്പുവരുത്തുന്നതിന് നല്ല ടയറുകള്‍ ഉപയോഗിക്കുകയും കൃത്യമായ നിര്‍ദേശങ്ങള്‍ പിന്തുടരുകയും ചെയ്യണം. ഉചിതമായ ലോഡ്, ടയറിന്റെ ഉല്‍പാദനം, ടയറിന്റെ കാലാവധി എന്നിവ ഉറപ്പുവരുത്താന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

അബുദാബിയിലെ പ്രധാന റോഡുകളില്‍ ടയര്‍ സുരക്ഷയെക്കുറിച്ച് അല്‍ മസൂദ് ടയര്‍ കമ്പനിയുമായി സഹകരിച്ചു അപകടങ്ങള്‍ ഇല്ലാത്ത വേനല്‍ക്കാലം എന്ന ശീര്‍ഷകത്തില്‍ ടയര്‍ സുരക്ഷ ബോധവല്‍ക്കരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. കാലാവധി കഴിഞ്ഞ ടയര്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ഒരാഴ്ച വാഹനം പിടിച്ചു വെക്കുകയും ചെയ്യുമെന്ന് അബുദാബി ട്രാഫിക് മന്ത്രാലയം വ്യക്തമാക്കി. വാഹനം കേടായി നടുറോഡില്‍ കുടുങ്ങിയവര്‍ക്കു സൗജന്യ സേവനവുമായി അബുദാബി ഗതാഗത വകുപ്പ്. ബ്രേക്ക് ഡൗണ്‍ ആകുന്നത് ഉള്‍പ്പെടെ റോഡിലുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ ഗതാഗത വിഭാഗത്തിലെ റോഡ് സൈഡ് അസിസ്റ്റന്‍സിന്റെ സഹായം തേടാം.

കേടായ വാഹനം നന്നാക്കാന്‍ ആവശ്യമായ അത്യാധുനിക സംവിധാനവും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന വാഹനം 24 മണിക്കൂറും നഗരത്തില്‍ റോന്തു ചുറ്റും. വാഹനം സുരക്ഷിത സ്ഥലത്തേക്കു മാറ്റിയശേഷം അവിടെവച്ചു തന്നെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കും. അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താനും ഗതാഗതം നിയന്ത്രിക്കാനും സംഘത്തിന് അനുമതിയുണ്ട്. സേവനം ആവശ്യമുള്ളവര്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ 80088888.

LEAVE A REPLY

Please enter your comment!
Please enter your name here