അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നു; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

Posted on: July 20, 2018 2:31 pm | Last updated: July 20, 2018 at 6:53 pm

ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി പൊള്ളയായാ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റാഫേല്‍ കരാര്‍ ഫ്രാന്‍സുമായുള്ള രഹസ്യകരാറാണെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. എന്നാല്‍ അത്തരമൊരു രഹസ്യ കരാറില്ലെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് തന്നോട് പറഞ്ഞത്. ഈ ഇടപാടില്‍ പ്രധാനമന്ത്രിയുടെ അടുത്ത സുഹ്യത്ത് 45000 കോടി രൂപയുടെ നേട്ടമുണ്ടാക്കി. 35000 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നയാളാണ് ഈ വ്യവസായി.

കോണ്‍ഗ്ര്‌സ് ജിഎസ്ടി കൊണ്ടുവന്നപ്പോള്‍ എതിര്‍ത്ത ബിജെപി എന്തിനാണ് ജിഎസ്ടി കൊണ്ടുവന്നതെന്നും രാഹുല്‍ ചോദിച്ചു. തൊഴില്‍ വാഗ്ദാനം നല്‍കി യുവാക്കളെ വഞ്ചിച്ച കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ടുവന്ന് കര്‍ഷകരുടേയും ചെറുകിട വ്യാപാരികളുടേയും ജീവിതം ദുരിതപൂര്‍ണവുമാക്കിയെന്നും രാഹുല്‍ ആരോപിച്ചു. മോദിയെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ പ്രസംഗം അവസാനിച്ചയുടനെ മോദിയെ ഇരിപ്പിടത്തിലെത്തി ആലിംഗനം ചെയ്യുകയും ചെയ്തു.