മോദിയുടേത് നിഷേധാത്മക നിലപാടെന്ന് സര്‍വകക്ഷി സംഘം

Posted on: July 20, 2018 10:14 am | Last updated: July 20, 2018 at 10:28 am
SHARE

ന്യൂഡല്‍ഹി: കേരളത്തിന്റെ ആവശ്യങ്ങളോട് മുഖംതിരിക്കുന്ന നിഷേധാത്മക നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചതെന്ന് സംസ്ഥാനത്ത് നിന്നുള്ള സര്‍വകക്ഷി സംഘം. കേന്ദ്രത്തിന്റെ നിലപാട് നിരാശാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സര്‍വകക്ഷി പ്രതിനിധികള്‍ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. ഭക്ഷ്യധാന്യം വെട്ടിക്കുറച്ചത് ഉള്‍പ്പെടെ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ മുഖ്യമന്ത്രി നാല് തവണ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും നിഷേധിക്കപ്പെട്ടത് വിവാദമായ ശേഷമാണ് സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചത്.
ഭക്ഷ്യധാന്യ വിഹിതം വര്‍ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങളോട് പ്രധാനമന്ത്രിയുടെ പ്രതികരണം നിരാശാജനകമായിരുന്നുവെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് ശേഷം വ്യക്തമാക്കി. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മാസം അഞ്ച് കിലോ വീതം ഭക്ഷ്യധാന്യം പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതിന് വര്‍ഷം 7.23 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കൂടുതലായി അനുവദിക്കണമെന്നാണ് സര്‍വകക്ഷി സംഘം ആവശ്യപ്പെട്ടത്. മുന്‍ഗണനാ വിഭാഗത്തില്‍ വരാത്തവര്‍ക്ക് നല്‍കാന്‍ വര്‍ഷം 11.22 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം ആവശ്യമുണ്ട്. ഇപ്പോള്‍ ലഭിക്കുന്നത് 3.99 ലക്ഷം ടണ്‍ മാത്രമാണെന്നും സംഘം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ ഭക്ഷ്യഭദ്രതാ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായ രീതിയിലേ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തിലും അനുകൂല നിലപാടല്ല സ്വീകരിച്ചത്. കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും നിഷേധാത്മക നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കോച്ച് ഫാക്ടറി ഉപേക്ഷിക്കരുതെന്ന ആവശ്യത്തോട് തിരഞ്ഞെടുപ്പ് കാലത്ത് ഇതേപോലെ ഒട്ടേറെ തറക്കല്ലിടല്‍ നടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായും പ്രതിനിധി സംഘം ആരോപിച്ചു.
അങ്കമാലിയില്‍ നിന്ന് ശബരിമലയിലേക്കുള്ള ശബരി പാത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറും റെയില്‍വേയുമായി ചര്‍ച്ചക്ക് അവസരം ഒരുക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ അന്തിമ റിപ്പോര്‍ട്ട് വൈകുന്നതിലെ ആശങ്കയും സര്‍വകക്ഷി സംഘം ഉന്നയിച്ചു. കേരളം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളില്‍ നിന്നും ഇനിയും റിപ്പോര്‍ട്ട് ലഭിക്കാനുണ്ടെന്നും അതിന് ശേഷം കഴിയുന്നത്ര വേഗത്തില്‍ തീരുമാനമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എച്ച് എന്‍ എല്‍ വില്‍പ്പന ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാറിനെ ഏല്‍പ്പിക്കണമെന്നും കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാത്ത സാഹചര്യവും ചര്‍ച്ചയായി. എച്ച് എന്‍ എല്‍ വിഷയത്തില്‍ കോര്‍പറേറ്റുകള്‍ക്കൊപ്പം ടെന്‍ഡറിന്റെ ഭാഗമാകാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്ന് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി തിലോത്തമന്‍, ജി സുധാകരന്‍ , രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കരുണാകരന്‍ എം പി, വിവിധ കക്ഷി നേതാക്കള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here