ശബരിമല സ്ത്രീപ്രവേശത്തെ അനുകൂലിച്ച് സര്‍ക്കാര്‍; നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ്‌

Posted on: July 20, 2018 10:10 am | Last updated: July 20, 2018 at 10:28 am
SHARE

ന്യൂഡല്‍ഹി: ശബരിമലസ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കണമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ച്് മണിക്കൂറുകള്‍ക്കകം എതിര്‍പ്പുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തുകയും ശേഷം നിലപാടില്‍ നിന്ന് പിന്നോട്ട് പോകുകയുമായിരുന്നു. പുതിയ നിലപാട് സുപ്രീം കോടതിയില്‍ ചൊവ്വാഴ്ച അറിയിക്കും. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കുന്നതിനെ അനുകൂലിക്കുന്നതായി് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റേതിനു വിരുദ്ധമായി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനെ ദേവസ്വം ബോര്‍ഡ് എതിര്‍ക്കുകയായിരുന്നു. . ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരസ്പര വിരുദ്ധമായി നിലപാട് സ്വീകരിച്ചത്. പിന്നീട് ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. കേസില്‍ മൂന്നാംദിവസമായ ഇന്നലെ അമിക്കസ്‌കൂറി രാജുരാമചന്ദ്രനും ദേവസ്വംബോര്‍ഡും സംസ്ഥാനസര്‍ക്കാരും ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദങ്ങള്‍ നിരത്തി. ആര്‍ത്തവവകാലത്ത് 41 ദിവസത്തെ വ്രതമെടുക്കാന്‍ സ്ത്രീകള്‍ക്കു കഴിയില്ലെന്ന് ദേവസ്വംബോര്‍ഡിനു വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് മനു സാംഗ്‌വി വാദിച്ചു.

10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല. ഇതു വിവേചനമല്ല, വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ തുടര്‍ന്നുപോരുന്നതാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, ഇതിനെ എതിര്‍ത്ത ചീഫ്ജസ്റ്റിസ്, അസാധ്യമായ വ്യവസ്ഥ സ്ത്രീകള്‍ക്കു മേല്‍ കൊണ്ടുവരുന്നത് എന്തിനാണെന്നു ചോദിച്ചു. ശബരിമലയില്‍ ദര്‍ശനത്തിന് മുമ്പ് 41 ദിവസത്തെ വ്രതം വേണം. എന്നാല്‍ സ്ത്രീകള്‍ക്ക് ഇത് പ്രായോഗികമല്ല. ഇത്തരം വ്യവസ്ഥകള്‍ മൂലം സ്ത്രീകള്‍ക്ക് പരോക്ഷ നീതി നിഷേധമല്ലേ ഉണ്ടാവുന്നത്? 10 മുതല്‍ 50വരെ എന്ന പ്രായം എങ്ങനെ ഉപാധിവെക്കാനാവും. ചിലര്‍ക്ക് 45 വയസ്സില്‍ തന്നെ ആര്‍ത്തവം നിലക്കും. ചിലര്‍ക്ക് 50 വയസ്സിനു ശേഷവും ആര്‍ത്തവമുണ്ടാവും. 10 വയസ്സ് ആയിട്ടും ആര്‍ത്തവം തുടങ്ങാത്തവരും ഉണ്ടാവും. അതിനാല്‍ പ്രായത്തിന്റെ ഈ പരിധി എങ്ങിനെ നീതിയുക്തമാവുമെന്നും ചീഫ്ജസ്റ്റിസ് ചോദിച്ചു.

50- 55 വയസ്സ് വരെ ഒരാള്‍ ജീവിക്കും എന്ന് ഈ ആധുനിക വൈദ്യശാസ്ത്ര യുഗത്തില്‍ പോലും ഉറപ്പിച്ചു പറയാനാകില്ലെന്നും അതിനാല്‍ ധാരാളം സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാന്‍ കഴിയാതെ വരുന്നുവെന്നും സംസ്ഥാനസര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത പഞ്ഞു. പ്രായഭേദമന്യേ സത്രീ പ്രവേശം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്‍ത്തവം അശുദ്ധിയായി കണക്കാക്കി അതിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് അയിത്തത്തിന് തുല്യമാണെന്ന് അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍ചൂണ്ടിക്കാട്ടി. അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്ന് പറഞ്ഞ് സ്ത്രീകളെ തടയുന്നത് വിവേചനമാണെന്ന് കേസില്‍ കക്ഷിയായ ജനാധിപത്യ മഹിളാ അസോസിയേഷനു വേണ്ടി ഹാജരായ പിവി സുരേന്ദ്ര നാഥ് പറഞ്ഞു.

എന്നാല്‍ കേരളത്തില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലത്ത ക്ഷേത്രമുണ്ടെന്നും അതിനാല്‍ ശബരിമലയിലെ സ്ത്രീവിലക്ക് അയിത്തമല്ലെന്നും വിവേചനമാണെന്നും ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര പ്രതികരിച്ചു.
ജാതിപരമായ തൊട്ടുകൂടായ്മ ‘ഭരണഘടനയുടെ 17ാം അനുച്ഛേദ പ്രകാരം നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ ആര്‍ത്തവം കാരണം അശുദ്ധിയുള്ള ഉയര്‍ന്ന ജാതിക്കാരായ സ്ത്രീകളെ 17ാാം അനുച്ഛേദത്തിന് കീഴില്‍ കൊണ്ടുവരാന്‍ കഴിയുമോയെന്ന് ബെഞ്ചിലെ ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ ചോദിച്ചു. കേസില്‍ വാദം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here