Connect with us

National

എയര്‍സെല്‍- മാക്‌സിസ് കേസ്: ചിദംബരത്തിനെതിരെഅനുബന്ധ കുറ്റപത്രം

Published

|

Last Updated

ന്യൂഡല്‍ഹി: എയര്‍സെല്‍- മാക്‌സിസ് കേസില്‍ പി ചിദംബരത്തിനെതിരെ സി ബി ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലെ പ്രത്യേക സി ബി ഐ ജഡ്ജി ഒ പി സൈനിയുടെ മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം എന്നിവരുള്‍പ്പെടെ പതിനെട്ട് പേരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നത്. ഈ മാസം 31ന് കോടതി രേഖകള്‍ പരിശോധിക്കും. കുറ്റപത്രം കോടതി അംഗീകരിക്കുന്നതോടെ വിഷയത്തില്‍ പി ചിദംബരം വിചാരണ നേരിടേണ്ടിവരും.

മന്‍മോഹന്‍ സിംഗ് സര്‍ക്കാറിലെ ധനകാര്യ മന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ ഓഫീസ് വിദേശ നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട എയര്‍സെല്‍- മാക്സിസ് ഇടപാടില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സി ബി ഐ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, പ്രധാനമന്ത്രി വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ പോകുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഇത്തരത്തിലൊരു നീക്കം നടക്കുന്നതില്‍ സംശയമുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു. വിഷയത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി ബി ഐക്ക് സമ്മര്‍ദമുണ്ടെന്ന് പി ചിദംബരം പറഞ്ഞു.

കേസില്‍ പി ചിദംബരത്തിന്റെ അറസ്റ്റ് ഡല്‍ഹി ഹൈക്കോടതി നീട്ടിയിരുന്നു. ആഗസ്റ്റ് ഒന്ന് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവിട്ടത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതികരണമറിയിക്കാന്‍ സി ബി ഐ കൂടുതല്‍ സമയം തേടി.
കേസില്‍ ചിദംബരത്തിന്റെ മകനും ഐ എന്‍ എക്‌സ് മീഡിയ കേസിലെ പ്രതിയുമായ കാര്‍ത്തി ചിദംബരത്തിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ സി ബി ഐ ജൂണ്‍ 25ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരിയില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് മാര്‍ച്ചിലാണ് ജാമ്യം ലഭിക്കുന്നത്.

ഐ എന്‍ എക്സ് മീഡിയ ലിമിറ്റഡിന് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനായി സ്വാധീനമുപയോഗിച്ച് ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ (എഫ് ഐ പി ബി) അനുമതി ലഭ്യമാക്കി നല്‍കുന്നതിന് പ്രതിഫലമായി പണം കൈപ്പറ്റിയെന്നാണ് കേസ്.
2007ല്‍ പി ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്ന കാലത്തായിരുന്നു സംഭവം. അറുനൂറ് കോടിയുടെ നിക്ഷേപത്തിന് അനുമതി നല്‍കാന്‍ മാത്രമേ ധനമന്ത്രിക്ക് അധികാരമുള്ളൂ.
അതില്‍ കൂടുതലുള്ള വിേദശ നിക്ഷേപത്തിന് അനുമതി നല്‍കേണ്ടത് ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ ഇക്കണോമിക് അഫയേഴ്‌സ് (സി സി ഇ എ) ആണ്. സി സി ഇ എയെ മറികടന്ന് 3,500 കോടിയുടെ ഇടപാടിന് ചിദംബരം അനുമതി നല്‍കിയെന്നാണ് ആരോപണം.

അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹരജി മെയ് 30ന് ഡല്‍ഹി പട്യാല ഹൗസ് കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ അഞ്ച് വരെ ഒരു നടപടിയുമെടുക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ജൂണ്‍ അഞ്ചിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ ചിദംബരത്തിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

Latest