മഴ തിരിമുറിയാതെ

ഇത്തവണ ന്യൂനമര്‍ദപാത്തി ശക്തിപ്പെട്ടതും ശക്തമായ കാറ്റ് വീശുന്നതുമെല്ലാമാണ് മഴ കനത്തു പെയ്യാന്‍ ഇടയാക്കിയതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നൂറ് വര്‍ഷത്തെ കണക്കെടുത്താല്‍ കേരളത്തില്‍ മഴയുടെ തോതില്‍ കാര്യമായ കുറവനുഭവപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഒരു പതിറ്റാണ്ടിലധികം കാലം മഴയുടെ തോതില്‍ കാര്യമായ കുറവനുഭവപ്പെട്ടു. ഇപ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി മഴയുടെ അളവ് കൂടുകയാണെന്ന് മനസ്സിലാകും. കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ പ്രധാന മലയോര ജില്ലയായ ഇടുക്കിയില്‍ ഇത്തരത്തിലൊരു മഴ പെയ്തിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ എത്രത്തോളം വലിയ തോതിലാണ് കേരളത്തിന്റെ മലനാടുകളില്‍ മഴ തിമിര്‍ത്തു പെയ്തതെന്ന് വ്യക്തമാകും.
Posted on: July 20, 2018 9:59 am | Last updated: July 20, 2018 at 9:59 am

ആര്‍ത്തലച്ചെത്തി ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ നാടും നഗരവും വെള്ളത്തില്‍ മുങ്ങിനിവരുമ്പോള്‍ പഴമക്കാര്‍ പറയുന്നൊരു പതിവു വാചകമുണ്ട്: ‘തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിനിടയാക്കിയ പെരുമഴ പോലൊരുമഴ.’ ഇത്രത്തോളം നാട് വികസിക്കാത്ത കാലത്ത് അന്ന് കനത്തു പെയ്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിന് സമാനമല്ലെങ്കിലും പെരുമഴ തന്നെയാണ് ഇപ്പോഴും പെയ്തു നിറയുന്നത്. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം വിതച്ച വിപത്തുകള്‍ വളരെ വലുതായിരുന്നുവെന്നാണ് അന്നത്തെ രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്. മലയാള നാടിനെയൊന്നാകെ വെള്ളത്തിനടിയിലാഴ്ത്തിയ പെരുമഴ. മധ്യകേരളത്തെയാണ് അന്ന് പ്രളയം ഏറ്റവും മാരകമായി ബാധിച്ചിരുന്നത്. എറണാകുളം ജില്ലയുടെ നാലില്‍ മൂന്ന് ഭാഗവും വെള്ളത്തിനടിയില്‍ മുങ്ങി. ആലപ്പുഴ പൂര്‍ണമായും വെള്ളത്തില്‍ താഴ്ന്നുവെന്നും പഴമക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1099 കര്‍ക്കടക മാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയി. മധ്യതിരുവിതാംകൂറില്‍ 20 അടി വരെ വെള്ളം പൊങ്ങിയ, മലവെള്ളവും കടല്‍ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ച, അന്നത്തെ വെള്ളപ്പൊക്കത്തിനു സമാനമല്ലെങ്കിലും ജനങ്ങളെ ഒന്നു ഭയപ്പെടുത്താന്‍ പോന്ന തരത്തിലുള്ളതായിരുന്നു ഇത്തവണത്തെ കാലവര്‍ഷ പെയ്ത്ത്. മധ്യകേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത പെരുമഴ വിതച്ച ദുരന്തത്തിന് കൈയും കണക്കുമില്ല. മനുഷ്യ ജീവനു പുറമെ ഒരുപാട് കാലമായി സ്വരുക്കൂട്ടിവെച്ച പലരുടെയും സകല സ്വത്ത് വകകളും പേമാരിയില്‍ നശിച്ചില്ലാതായി.

വര്‍ഷാവര്‍ഷമുള്ള ഏറ്റക്കുറച്ചിലുകള്‍ കാലവര്‍ഷത്തിന്റെ പ്രത്യേകതയാണെങ്കിലും എന്തുകൊണ്ടാണ് മഴ ഇത്രയധികം നമുക്ക് മേല്‍ ദുരിതം വിതക്കുന്നതെന്ന് ആലോചിക്കേണ്ടതുണ്ട്. കേരളത്തില്‍ ചിലപ്പോള്‍ അതിവൃഷ്ടിയും മറ്റു ചിലപ്പോള്‍ അനാവൃഷ്ടിയും അനുഭവപ്പെടാറുണ്ട്. അത് സ്വാഭാവികമാണ്. കാലവര്‍ഷത്തിനിടക്കു തന്നെ മഴ കൂടുകയും കുറയുകയും ചെയ്യാറുണ്ട്. മഴയുടെ ചാഞ്ചാട്ടം മനുഷ്യര്‍ക്കു മാത്രമല്ല, സകല ജീവജാലങ്ങള്‍ക്കും ഏറെ ആശങ്ക ഉളവാക്കുന്നതാണ്. കാര്‍ഷിക മേഖലയുടെ ജീവനാഡിയായ കാലവര്‍ഷം വേണ്ടത്ര പെയ്യാത്ത വര്‍ഷങ്ങളില്‍ കഠിനമായ ജലക്ഷാമവും വരള്‍ച്ചയും ഉണ്ടാകും. എന്നാല്‍ അടുത്ത കാലത്തായി കാലാവസ്ഥാവ്യതിയാനം കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിവെക്കുന്നത്. കടല്‍നിരപ്പുയരുക, മഴയുടെ അളവ് കുറയുക, അമിത മഴയും കഠിനമായ വരള്‍ച്ചയും ഉണ്ടാകുക, സമുദ്രജലത്തിന്റെ അമ്ലത കൂടുക തുടങ്ങിയ പ്രതിഭാസങ്ങള്‍ അന്തരീക്ഷത്തിന്റെ താപനില വര്‍ധിക്കുന്നതിന്റെ ഫലമാണെന്ന് ഭൗമശാസ്ത്രകാരന്മാര്‍ വിലയിരുത്തുമ്പോഴും കേരളത്തിലെ മഴയുടെയും മഴക്കെടുതി കൂടുന്നതിനെക്കുറിച്ചുമെല്ലാം വലിയതോതിലുള്ള നിരീക്ഷണങ്ങളും പഠനങ്ങളും ഇനിയും ആവശ്യമാണ്.

കേരളത്തെ തീരദേശം, ഇടനാട്, മലനാട് എന്നിങ്ങനെ മൂന്ന് പ്രദേശങ്ങളായാണ് നിലവില്‍ തരം തിരിച്ചിട്ടുള്ളത്. ഒരു വര്‍ഷം മൂന്ന് കാലങ്ങളായാണ് കേരളത്തില്‍ മഴയുടെ അളവ് കണക്കാക്കുന്നത്. കാലവര്‍ഷം (ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ), തുലാവര്‍ഷം (ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍), ഇടക്കാലം (ജനുവരി മുതല്‍ മെയ് വരെ) എന്നിങ്ങനെയാണ് കേരളത്തില്‍ മഴ പെയ്യുന്നത് സാധാരണയായി കണക്കാക്കാറുള്ളത്. ഓരോ പ്രദേശത്തും ഓരോ കാലത്തും ലഭിക്കുന്ന മഴയുടെ പ്രത്യേകതകളെക്കുറിച്ച് ഭൗമശാസ്ത്രപഠന കേന്ദ്രം പല തവണ ഗവേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

തീരദേശത്ത് കാലവര്‍ഷക്കാലത്ത് ലഭിക്കുന്ന മൊത്തം മഴയുടെ അളവ് തെക്കുനിന്ന് വടക്കോട്ട് പോകുംതോറും വര്‍ധിച്ചു വരുന്നു എന്നാണ് സാധാരണയായി വിലയിരുത്തിയിട്ടുള്ളത്. മഴയുടെ കൂടുതല്‍ ഭാഗവും ലഭിക്കുന്നതും ഈ കാലത്താണ്. എന്നാല്‍, അടുത്തിടെയായി ഓരോ വര്‍ഷവും കാലവര്‍ഷക്കാലത്തു ലഭിക്കുന്ന മഴയിലുണ്ടാകുന്ന വ്യത്യാസം പരിശോധിച്ചാല്‍ പുതിയ ചില വിവരങ്ങള്‍ നമുക്ക് ബോധ്യപ്പെടും. വടക്കോട്ട് പോകുംതോറും കുറഞ്ഞു വരുന്നുവെന്നാണ് പുതിയ കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്. അതായത് നേരത്തെ പെയ്തതില്‍ നിന്ന് വ്യത്യസ്തമായി ഓരോ പ്രദേശത്തും മഴയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കും. ഇത് കേരളത്തില്‍ നിലവിലുണ്ടായിരുന്ന കാലാവസ്ഥാ മാറ്റത്തെയാണ് പ്രകടമായി സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 1857 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചിരുന്നത്. കിട്ടേണ്ടതില്‍ 8.93 ശതമാനം കുറവ് മാത്രം. ഇതില്‍ തന്നെ 37.22 ശതമാനം മഴയുടെ കുറവുണ്ടായിരുന്ന വയനാട് ജില്ലയില്‍ മാത്രമാണ് മഴയുടെ അളവില്‍ കാര്യമായ വ്യതിയാനമുണ്ടായത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ വരെയുള്ള തുലാപ്പാതി കാലത്ത് ആകെ മഴയില്‍ 7.4 ശതമാനത്തിന്റെ കുറവുണ്ടായി. ഇതോടെ ചൂട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി 34 ഡിഗ്രി മുതല്‍ 40 വരെയായെങ്കിലും ഇപ്പോഴെത്തിയ അതിവര്‍ഷം അടുത്തെങ്ങുമില്ലാത്തത്ര ജലമാണ് കേരളത്തിലേക്കൊഴുക്കിവിട്ടത്. കനത്ത

മഴക്കാലത്തിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നുപോകുന്നത്. കേരളത്തിലൂടെയാണ് ഇന്ത്യന്‍ ഭൂഖണ്ഡത്തിലേക്കുള്ള കാലവര്‍ഷത്തിന്റെ പ്രവേശമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏറ്റവും കൂടുതല്‍ തവണ മഴ ആരംഭിച്ചിട്ടുള്ളത് ജൂണ്‍ ഒന്നിനാണ്. വളരെ നേരത്തെ മെയ് 11ന് കാലവര്‍ഷം തുടങ്ങിയിട്ടുണ്ട്. 2000നു ശേഷം നേരത്തെ മഴ ആരംഭിച്ചിട്ടുള്ളത് 2004ലാണ് മെയ് 18ന്. വൈകിയത് 2003ലും. ജൂണ്‍ എട്ട് വരെ. ജൂണ്‍ എട്ടിനോ ശേഷമോ കാലവര്‍ഷം തുടങ്ങിയാല്‍ അത് വൈകി തുടങ്ങിയ കാലവര്‍ഷമായി കണക്കാക്കും. അതുപോലെ മെയ് 25നോ മുമ്പോ തുടങ്ങിയാല്‍ നേരത്തെ ആരംഭിച്ചതായും പരിഗണിക്കും.
ഇത്തവണ മെയ് 29ന് കാലവര്‍ഷം എത്തിയതു മുതല്‍ എന്നും ശക്തമായ മഴ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍, ജാഗ്രതാ നിര്‍ദേശം. വെള്ളപ്പൊക്കവും കടല്‍ക്ഷോഭവും കാറ്റും കോളും തുടങ്ങി ജീവിതം അസാധ്യമാക്കുന്ന ലക്ഷണങ്ങളാണ് പ്രത്യക്ഷമായിട്ടുള്ളത്. എല്ലാ പുഴകളും കരകവിഞ്ഞൊഴുകുന്നു. 2013 മുതല്‍ കേരളം മഴയുടെ കുറവാണ് കണ്ടുവന്നതെന്നും അതിന് ശേഷം മഴ വളരെ സജീവമായപ്പോള്‍ പെരുമഴയായി തോന്നുന്നതാണെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. മഴ ശക്തമായതിന് പ്രാധാനമായും ചില കാരണങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്ത് മുതല്‍ കേരള തീരം വരെ മണ്‍സൂണ്‍ മഴപ്പാത്തി സജീവമായതും ശക്തമായ കാറ്റ് വീശുന്നതുമാണ് അതിന് കാരണം. ആര്‍ത്തലച്ചെത്തി നിര്‍ത്താതെ പെയ്യുന്ന പഴയ കാലവര്‍ഷത്തിന്റെ സജീവഘട്ടത്തിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നുപോകുന്നതെന്ന് വേണമെങ്കില്‍ പറയാമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ആറ് വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴയാണിത്.

1901 മുതല്‍ 2015 വരെ (115 വര്‍ഷം) കേരളത്തില്‍ ആകെ 19 വര്‍ഷങ്ങളിലാണ് മഴക്കമ്മി അനുഭവപ്പെട്ടത്. കേരളത്തിലെ ശരാശരി മണ്‍സൂണ്‍ മഴ 1928 മില്ലി മീറ്ററാണ്. ആകെ മഴയുടെ 68 ശതമാനമാണിത്. തുലാമഴ 16 ശതമാനവും വേനല്‍മഴ 14 ശതമാനവുമാണ് കിട്ടേണ്ടത്. ശൈത്യകാല മഴ (ഡിസംബര്‍–ഫെബ്രുവരി) തുച്ഛമാണ്. വര്‍ഷാവര്‍ഷം സംസ്ഥാനത്ത് കാലവര്‍ഷ മഴയുടെ അളവില്‍ അനുഭവപ്പെടുന്ന ചാഞ്ചാട്ടങ്ങള്‍ വളരെ പ്രകടമാണ്. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിനിടെ ഭൂരിപക്ഷം വര്‍ഷങ്ങളിലും മഴ കുറഞ്ഞുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആഗോള കാലാവസ്ഥയില്‍ അനുഭവപ്പെടുന്ന ക്രമക്കേടുകള്‍, പസഫിക് സമുദ്രത്തിലെ ‘എല്‍–നിനോ’പോലുള്ള പ്രതിഭാസങ്ങള്‍, ഇന്ത്യാ മഹാസമുദ്രത്തില്‍ രൂപംകൊള്ളുന്ന ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോളിന്റെ പ്രകൃതി, ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ എന്നിവിടങ്ങളില്‍ രൂപം കൊള്ളാറുള്ള ന്യൂനമര്‍ദ വ്യൂഹങ്ങള്‍, പാത്തികള്‍ എന്നിവയുടെ എണ്ണത്തില്‍ വരുന്ന കുറവാണ് മഴക്കുറവായി കണക്കാക്കുന്നത്. എന്നാല്‍ ഇത്തവണ ന്യൂനമര്‍ദപാത്തി ശക്തിപ്പെട്ടതും ശക്തമായ കാറ്റ് വീശുന്നതുമെല്ലാമാണ് മഴ കനത്തു പെയ്യാന്‍ ഇടയാക്കിയതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ നൂറ് വര്‍ഷത്തെ കണക്കെടുത്താല്‍ കേരളത്തില്‍ മഴയുടെ തോതില്‍ കാര്യമായ കുറവനുഭവപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഒരു പതിറ്റാണ്ടിലധികം കാലം മഴയുടെ തോതില്‍ കാര്യമായ കുറവനുഭവപ്പെട്ടു. ഇപ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി മഴയുടെ അളവ് കൂടുകയാണെന്ന് മനസ്സിലാകും. കഴിഞ്ഞ 17 വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ പ്രധാന മലയോര ജില്ലയായ ഇടുക്കിയില്‍ ഇത്തരത്തിലൊരു മഴ പെയ്തിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ എത്രത്തോളം വലിയ തോതിലാണ് കേരളത്തിന്റെ മലനാടുകളില്‍ മഴ തിമിര്‍ത്തു പെയ്തതെന്ന് വ്യക്തമാകും. മൂന്ന് ദിവസം മമ്പുള്ള കണക്ക് പ്രകാരം(തിങ്കളാഴ്ച) 153.4 മി. മീറ്റര്‍ മഴയാണ് ഇടുക്കിയില്‍ പെയ്തത്. 2001 ലാണ് ഇതിനേക്കാള്‍ ഉയര്‍ന്ന മഴ 221.2 മി. മീറ്റര്‍ ലഭിച്ചത്. ഇടുക്കി സംഭരണിയില്‍ 33 വര്‍ഷത്തെ ജൂലൈയിലെ ഏറ്റവും കൂടിയ ജലനിരപ്പാണിപ്പോഴുള്ളത്. കാലവര്‍ഷം തുടങ്ങി 50 ദിവസത്തിനുള്ളില്‍ 1664.2 മി. മീറ്റര്‍ മഴ പെയ്തു. കഴിഞ്ഞ വര്‍ഷം വെറും 813.8 മി. മീറ്ററായിരുന്നു. മൂന്നാര്‍ദേവികുളം, പീരുമേട് എന്നിവിടങ്ങളില്‍ യഥാക്രമം 202, 189 മി. മീറ്റര്‍ മഴ പെയ്തതും റെക്കോര്‍ഡാണെന്ന് കണക്കാക്കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ ഒരു ദിവസം കൊണ്ട് നാലടി വെള്ളമാണ് ഉയര്‍ന്നതത്രെ.

മഴയില്‍ നിന്ന് ലഭിക്കുന്ന ശുദ്ധജലം വേഗത്തില്‍ സമുദ്രത്തില്‍ ചേര്‍ന്നു നഷ്ടമാവുന്നത് തടഞ്ഞിരുന്ന സ്വാഭാവിക സംവിധാനങ്ങളുടെ അഭാവമാണ് കേരളത്തില്‍ അതിവരള്‍ച്ചക്കും അതിവെള്ളപ്പൊക്കത്തിനുമിടയാക്കുന്നതെന്നാണ് മറ്റൊരു വിലയിരുത്തല്‍. തടാകങ്ങളും കുളങ്ങളും നിബിഡവനങ്ങളും സഹ്യപര്‍വതത്തെ പൊതിഞ്ഞിരുന്ന ഉഷ്ണമേഖലാ നിത്യഹരിതവനങ്ങളും ജലസംരക്ഷണവുമായി ബന്ധപ്പെട്ട് നമുക്ക് സഹായകമായിരുന്നു.
ഇവയുടെ ദ്രുതഗതിയിലുള്ള നാശനഷ്ടമാണ് അതിവൃഷ്ടിയില്‍ വലിയ വെള്ളക്കെട്ടുകള്‍ക്കും ഉരുള്‍പൊട്ടലുകള്‍ക്കുമെല്ലാം ഇടയാക്കുന്നത്. പടര്‍ന്നു പന്തലിച്ച വന്‍ വൃക്ഷങ്ങള്‍ മുതല്‍ ചെറു പുല്‍ക്കൊടികള്‍ വരെയുള്ള സസ്യജാലങ്ങള്‍ക്ക് ജലം പിടിച്ചു നിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്. മഴ വെള്ളത്തെ നേരിട്ട് ഭൂമിയിലേക്ക് പതിപ്പിക്കാതെ സസ്യജാലങ്ങള്‍ വേരുകളില്‍ പിടിച്ചുനിര്‍ത്തുന്നു. ശക്തമായ മഴയില്‍ മണ്ണൊലിച്ചു പോകാതെ സസ്യങ്ങളുടെ വേരുകള്‍ ചേര്‍ന്നുണ്ടാവുന്ന വല മണ്ണിനെ പിടിച്ചു നിര്‍ത്തുന്നു. ക്രമേണയായി മാത്രം ഒഴുകി സാവധാനത്തില്‍ നദികളിലൂടെ സമുദ്രത്തിലെത്തുമായിരുന്നു. മാത്രമല്ല, നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായിരുന്ന തടാകങ്ങളും കുളങ്ങളും മറ്റും ജലം പെട്ടെന്നു സമുദ്രത്തിലെത്തുന്നതിനു തടസ്സമായി നിന്നിരുന്നു. വെള്ളം ശേഖരിച്ചു ശുദ്ധിചെയ്തു വെക്കുകയെന്ന ധര്‍മം കൂടിയാണ് സസ്യജാലങ്ങള്‍ നടത്തിയിരുന്നത്. സകലയിടങ്ങളിലും കുന്നും മലയും യഥേഷ്ടമിടിച്ച് നികത്തിയതും വനങ്ങളുടെ വലിയഭാഗം വെട്ടിനിരത്തി കൃഷിക്കായും ജനവാസത്തിനായും ഉപയോഗിക്കുകയും കുളങ്ങളും തടാകങ്ങളും നികത്തി സകലയിടങ്ങളിലും വീടുകളും വാണിജ്യവ്യവസായ സ്ഥാപനങ്ങളുമെല്ലാം പണിതുയര്‍ത്തുകയും ചെയ്തതോടെ ഇങ്ങനെ, മണ്ണില്‍ ജലത്തെ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചിരുന്ന പലതും ക്രമേണ ഇല്ലാതായി. ജലം പെട്ടെന്നുതന്നെ ഒഴുകി സമുദ്രത്തില്‍ എത്തിത്തുടങ്ങി. വേനല്‍ക്കാലം തുടങ്ങുമ്പോള്‍ കടുത്ത ജലക്ഷാമവും ചെറുമഴ പെയ്താല്‍ മിക്ക പ്രദേശങ്ങളും പെട്ടെന്നു തന്നെ വെള്ളത്തിനടിയിലാകുമെന്ന സ്ഥിതിയും സംജാതമായി.

അധികൃതവും അനധികൃതവുമായ നിര്‍മാണങ്ങളും തെറ്റായ കാര്‍ഷിക രീതിയുമെല്ലാമാണ് കേരളത്തിലെ മലയോരങ്ങളിലെ ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുന്നതെന്ന് ഇതിനകം എത്രയോ തവണ കണ്ടെത്തിയിട്ടും ഇതൊന്നും ആരും ചെവിക്കൊള്ളാന്‍ തയ്യാറാകുന്നുമില്ല. അശാസ്ത്രീയ രീതിയില്‍ നിര്‍മിക്കുന്ന വീട് മുതല്‍ റിസോര്‍ട്ടുകളും വ്യാപകമാകുന്ന തടയണകളും ചെക്ക് ഡാമുകളുമെല്ലാം മലയോരത്തിന്റെ ദുരന്തവ്യാപ്തി കൂട്ടുകയാണെന്നാണ് വിലയിരുത്തല്‍. പെയ്തിറങ്ങുന്ന വെള്ളത്തെ താങ്ങിനിര്‍ത്താനുള്ള മണ്ണിന്റെ ശേഷി ഇല്ലാതാകുമ്പോഴാണ് പലപ്പോഴും ഇവിടങ്ങളില്‍ വലിയ ദുരന്തം സൃഷ്ടിക്കപ്പെടുന്നത്. കഴിഞ്ഞ 30 വര്‍ഷം മാത്രം ഏഴ് ലക്ഷം ഏക്കര്‍ നെല്‍പ്പാടം ഇല്ലാതാക്കി. 41 നദികളുടെ മൊത്തം 2140 കൈവഴികള്‍ കാണാനില്ല. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ നീരൊഴുക്കിന്റെ വേഗതയില്‍ വന്ന മാറ്റം, കരരൂപപ്പെട്ടതും പുഴ നികന്നതും ചതുപ്പുകള്‍ രൂപംകൊണ്ടതും തുടങ്ങി വലുതും ചെറുതുമായ എല്ലാമാറ്റങ്ങളും ഇപ്പോള്‍ പെയ്യുന്ന മഴയെയും വെള്ളക്കെട്ടിനെയുമെല്ലാം സ്വാധീനിച്ചിട്ടുണ്ട്.