ഭരണഘടനക്കു മീതെയാകരുത് കോടതി നിരീക്ഷണങ്ങള്‍

Posted on: July 20, 2018 9:52 am | Last updated: July 20, 2018 at 9:52 am

‘സാമൂഹിക പരിഷ്‌കരണം ജുഡീഷ്യറിയുടെ പരിധിയില്‍വരുന്ന വിഷയമല്ല, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്ന നിലയില്‍ നിയമനിര്‍മാണ സഭകളാണ് ഈ ദിശയില്‍ ചുവടുവെപ്പുകള്‍ നടത്തേണ്ടത്’ 1946ലെ ഹിന്ദു രണ്ടാം വിവാഹനിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എം സി ചഗ്ല നടത്തിയ നിരീക്ഷണമാണിത്. സാമൂഹിക പരിഷ്‌കരണ ത്വര മൂത്ത് നിയമത്തെ വൈകാരികമായി സമീപിക്കുന്ന രീതി നീതിപീഠങ്ങള്‍ക്ക് ഭൂഷണമല്ലെന്നും നിയമങ്ങളെ ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലത്തില്‍ നിന്ന് വേര്‍പെടുത്തി അപഗ്രഥിക്കുന്നത് ശരിയല്ലെന്നും ചഗ്ല ഓര്‍മപ്പെടുത്തുകയുണ്ടായി.

പ്രമുഖ നിയമജ്ഞനായിരുന്ന ചഗ്ലയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നതാണ് ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് നടത്തിയ ചില നിരീക്ഷണങ്ങള്‍. സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന ശബരിമല പൊതുക്ഷേത്രമാണ്. പൊതുആരാധനാ സ്ഥലത്ത് പുരുഷന് പോകാമെങ്കില്‍ സ്ത്രീകള്‍ക്കും പോകാം. പ്രാര്‍ഥിക്കാന്‍ നിയമത്തിന്റെ പിന്‍ബലം വേണ്ട. ഇങ്ങനെയാണ് പ്രായവ്യത്യാസമില്ലാതെ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ബുധനാഴ്ച നിരീക്ഷിച്ചത്. സ്ത്രീകളില്‍ 10നു താഴെയും 50നു മേലെയും പ്രായമുള്ളവര്‍ക്ക് മാത്രമേ ശബരിമല സന്നിധാനത്ത് ഇപ്പോള്‍ പ്രവേശനം നല്‍കുന്നുള്ളൂ. ആയിരം വര്‍ഷത്തോളമായി തുടരുന്ന ആചാരമാണിതെന്നാണ് പറയുന്നത്. ഇത് എടുത്തു കളഞ്ഞ് യുവതികള്‍ക്കും പ്രവേശം അനുവദിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. പ്രായത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് സ്ത്രീകളെ വിലക്കുന്നതെങ്കില്‍ അത് ഏകപക്ഷീയ നിലപാടാണെന്നും എല്ലാവരും ദൈവത്തിന്റെ, അല്ലെങ്കില്‍ പ്രകൃതിയുടെ സൃഷ്ടിയാണെന്നിരിക്കെ അതില്‍ സ്ത്രീകളും ഉള്‍പ്പെടുമെന്നും കോടതി അഭിപ്രായപ്പെടുന്നു. വിശ്വാസപരിരക്ഷ ഉറപ്പാക്കുന്ന ഭരണഘടനാ അനുഛേദം വ്യക്തികള്‍ക്കേ ബാധകമാകൂ; ആരാധനാലയങ്ങള്‍ക്കില്ലെന്നാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ, ഇന്ദിരാ ജയ്‌സിംഗിന്റെ വാദം.
നിലവിലെ എല്‍ ഡി എഫ് സര്‍ക്കാറിന്റെ നയവും യുവതികളെ പ്രവേശിപ്പിക്കണമെന്നാണ്. സ്ത്രീ പ്രവേശം അനുവദിക്കരുതെന്നായിരുന്നു കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇത് പിന്‍വലിച്ചാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നൂറ്റാണ്ടുകളായി പിന്തുടര്‍ന്നുപോരുന്ന ആചാരക്രമങ്ങളുടെ ഭാഗമായാണ് ശബരിമലയില്‍ യുവതികളായ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇത് വിശ്വാസത്തിന്റെ ഭാഗമാണ്. കാമക്രോധലോഭമോഹങ്ങളില്ലാതെ സന്യാസ ജീവിതം നയിക്കുന്ന സങ്കല്‍പ്പത്തിലുള്ള പ്രതിഷ്ഠ ആയതിനാലാണ് ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഹൈന്ദവ ആചാര്യന്മാരുടെ വിശദീകരണം. മതവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്നതിന് ഭരണഘടന അനുവാദം നല്‍കുന്നുമുണ്ട്. മതേതര രാഷ്ട്രമാണ് ഇന്ത്യ. വിശ്വാസ സ്വാതന്ത്ര്യം, വിശ്വാസ ആചരണ സ്വാതന്ത്ര്യം, വിശ്വാസ പ്രചാരണ സ്വാതന്ത്ര്യം എന്നിങ്ങനെ മൂന്ന് അവകാശങ്ങളും ഭരണഘടനയുടെ 25, 26 വകുപ്പുകളിലായി പൗരന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. വിവിധ മതങ്ങള്‍ സ്ത്രീകളെ പല ആചാരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതും ആചാരരീതികളില്‍ വിവേചനപരമായ രീതികള്‍ അനുശാസിക്കുന്നതും ഇതടിസ്ഥാനത്തിലാണ്. ലിംഗ സമത്വത്തിന്റെ പേരിലോ സാമൂഹിക പരിഷ്‌കരണത്തെ ചൊല്ലിയോ ഈ ആചാരങ്ങളെ കോടതികള്‍ ചോദ്യം ചെയ്യുന്നതും നിഷേധിക്കുന്നതും മതസ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലാണ്. വിശ്വാസപരിരക്ഷ ഉറപ്പാക്കുന്ന ഭരണഘടനാ അനുഛേദം ആരാധനാലയങ്ങള്‍ക്ക് ബാധകമല്ലെന്ന ഹരജിക്കാരുടെ വാദവും അംഗീകരിക്കാനാവില്ല. ആരാധനാലയങ്ങള്‍ സ്ഥാപിക്കാനുള്ള അവകാശം മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഇത്തരം സ്ഥാപനങ്ങളില്‍ സ്ത്രീപ്രവേശന വിലക്ക് പോലുള്ള മതത്തിന്റെ വിശ്വാസാചാരങ്ങള്‍ നടപ്പാക്കുന്നതും മതസ്വാതന്ത്ര്യത്തിന്റെ ഭാഗം തന്നെയാണ്.
‘മുത്വലാഖ്, ബഹുഭാര്യത്വം തുടങ്ങി ഇസ്‌ലാമിക വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കോടതികള്‍ ഇതിനിടെ അമിതാവേശത്തോടെ പുനരവലോകനത്തിന് ഒരുങ്ങിപ്പുറപ്പെടുകയുണ്ടായി. കോടതികളും ഭരണകൂടങ്ങളും മതവിഷയങ്ങളില്‍ പുനരാലോചന നടത്തുന്നത് ബന്ധപ്പെട്ട മതങ്ങളുടെ ആധികാരിക നേതൃത്വങ്ങളുടെ അഭിപ്രായം തേടിയായിരിക്കണം. ബാഹ്യതാത്പര്യങ്ങളെ മുന്‍നിര്‍ത്തിയാകരുത്. ഭരണഘടനക്കു മുകളിലാവരുത് കോടതികളുടെ തീര്‍പ്പുകളും പരാമര്‍ശങ്ങളും. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും നിരാകരിക്കുന്ന ഒരു സ്ഥിതിവിശേഷം ഇന്ത്യന്‍ പൊതുസമൂഹത്തില്‍ സമീപകാലത്ത് ശക്തിപ്പെട്ടിട്ടുണ്ട്. ഇത് ജുഡീഷ്യറിയെ കൂടി ബാധിച്ചിരിക്കയാണോ എന്ന് ആശങ്കപ്പെടുത്തുന്നതാണ് വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതി നടത്തുന്ന ഇടപെടലുകളും നിരീക്ഷണങ്ങളും. വ്യക്തിനിഷ്ഠമായ താത്പര്യങ്ങളും ഭരണകൂടത്തിന്റെ ആഗ്രഹങ്ങളും മാറിമാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ രൂപപ്പെടുത്തുന്ന പൊതുവികാരവും കോടതികളെ സ്വാധീനിക്കാന്‍ പാടില്ലാത്തതാണ്.