Connect with us

Gulf

ഏറ്റടുക്കാന്‍ ബന്ധുക്കളെത്തിയില്ല; മലയാളിയുടെ മൃതദേഹം രണ്ടര വര്‍ഷമായി മോര്‍ച്ചറിയില്‍

Published

|

Last Updated

റിയാദ്: ബന്ധുക്കളാരും ഏറ്റെടുക്കാനില്ലാതെ രണ്ടര വര്‍ഷമായി മലയാളിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. ദമ്മാമിലെ ഖതീഫ് സെന്‍ട്രല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം, ബന്ധുക്കളോ സുഹൃത്തുക്കളോ അന്വേഷിച്ചെത്താതിനാല്‍ മറവു ചെയ്യാനൊരുങ്ങുകയാണ് പോലീസ്. കോയമൂച്ചി കടവന്‍പൈക്കാട്ട് എന്നാണ് ഇയാളുടെ പാസ്‌പോര്‍ട്ടിലെ പേര്. കോഴിക്കോട് പൂവാട്ട് പറമ്പ് സ്വദേശിയാണെന്ന് വിലാസത്തിലുമുണ്ട്. എന്നാല്‍ ഈ വിവരങ്ങള്‍ വ്യാജമാണെന്നാണ് അറിയുന്നത്.

അല്‍ഖോബാറില്‍ സ്വന്തമായി സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്ന ഇയാളെ അസുഖത്തെ തുടര്‍ന്ന് 2015 ഡിസംബര്‍ 10നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ചു ദിവസങ്ങള്‍ക്കകം മരിച്ചു. പിന്നീട് ആറുമാസത്തോളം അല്‍രാജ്ഹി ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കത്തിന്റെ ഇടപെടല്‍ മൂലം ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്പോണ്‍സര്‍ മുന്നിട്ടിറങ്ങിയെങ്കിലും ബന്ധുക്കളാരും എത്തിയില്ല. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.

അല്‍ഖോബാറില്‍ മലയാളികള്‍ക്കിടയില്‍ കാസര്‍ഗോഡ് സ്വദേശിയാണെന്നാണ് അറിയപ്പെട്ടിരുന്നത്. പാസ്‌പോര്‍ട്ട് രേഖകള്‍ അനുസരിച്ച്് അവസാനമായി പന്ത്രണ്ടു വര്ഷങ്ങള്‍ക്കു മുന്‍പാണ് നാട്ടില്‍ പോയി വന്നത്.

മൃതദേഹം പത്തുദിവസത്തിനകം സഊദിയില്‍ മറവ് ചെയ്യണമെന്നാണ് പോലീസ് സാമൂഹ്യ പ്രവര്‍ത്തകനായ നാസ് വക്കത്തോട് നിര്‍ദേശിച്ചിട്ടുള്ളത്. കോയയെ കുറിച്ച് വിവരങ്ങള്‍ അറിയുന്നവര്‍ സഊദിയിലെ ഇന്ത്യന്‍ എംബസിയുമായോ, സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കവുമായോ ബന്ധപ്പെടണമെന്ന് നാസ് വക്കം അറിയിച്ചു. (മൊബൈല്‍ നമ്പര്‍ 00966 5699 56848).

സിറാജ് പ്രതിനിധി, ദമാം