എയര്‍സെല്‍ – മാക്‌സിസ് ഇടപാട്: ചിദംബരത്തെയും മകനെയും പ്രതിചേര്‍ത്ത് കുറ്റപത്രം

Posted on: July 19, 2018 8:04 pm | Last updated: July 19, 2018 at 8:04 pm

ന്യൂഡല്‍ഹി: എയര്‍സെല്‍ – മാക്‌സിസ് കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തെയും പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം കോടതി ഈ മാസം 31ന് പരിഗണിക്കും.

2006ല്‍ ധനമന്ത്രി ആയിരിക്കെ എയര്‍സെല്‍ മാക്‌സിസ് ഇടപാടിനും ഐഎന്‍എക്‌സ് മീഡയക്കും വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍ ഇടപെട്ടെന്നാണ് കേസ്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. 600 കോടി രൂപയുടെ നിക്ഷേപത്തിന് മാത്രമേ ധനമന്ത്രിക്ക് അനുമതി നല്‍കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചിദംബരം 3500 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നത്.