Connect with us

Kerala

കരിപ്പൂര്‍: എംപിമാര്‍ വ്യോമയാന സെക്രട്ടറിയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

കരിപ്പൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയ സെക്രട്ടറി ആര്‍ എന്‍ ചൗബേയുടെ ഓഫീസില്‍ എം കെ രാഘവന്‍ എം പി, ഇ ടി മുഹമ്മദ് ബശീര്‍ എം പി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കുന്നതിനും, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കുന്നതിനും വേണ്ടി തുടര്‍ നടപടികള്‍ അടിയന്തരമായും പൂര്‍ത്തിയാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമെടുത്തതായി എ കെ രാഘവന്‍ എം പി, ഇ ടി മുഹമ്മദ് ബശീര്‍ എം പി എന്നിവര്‍ അറിയിച്ചു.
വ്യോമയാന സെക്രട്ടറി ആര്‍ എന്‍ ചൗബേയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ എം പിമാര്‍ക്ക് പുറമേ അരുണ്‍കുമാര്‍, ജെ എസ് റാവത്ത്, എ കെ പാഠക്, എസ് ബിശ്വാസ്, ജെ പി അലക്‌സ്, എ കെ എ നസീര്‍ (കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി അംഗം) എന്നിവരും പങ്കെടുത്തു.

അതിനിടെ, അനാവശ്യമായി തുടരുന്ന നിരോധനം ഒഴിവാക്കി കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ തിരിച്ചുകൊണ്ടുവരണമെന്നും മലബാറിലെ തീര്‍ഥാടകരുടെ എണ്ണമുള്‍പ്പെടെ പരിഗണിച്ച് ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നും എം കെ രാഘവന്‍ എം പി ലോക്‌സഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.
രാജ്യാന്തര സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ ഇന്ത്യയിലെ 137 വിമാനത്താവളങ്ങളില്‍ 16ാം സ്ഥാനത്തും ചരക്ക് നീക്കങ്ങളുടെ കാര്യത്തില്‍ 18,000ത്തില്‍പരം ടണ്‍ എന്ന കണക്കിന് 12ാം സ്ഥാനത്തുമായി രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ് കരിപ്പൂരെന്നും വലിയ വിമാനങ്ങള്‍ക്കുള്ള നിരോധങ്ങള്‍ക്ക് ശേഷമുള്ള കണക്കുകളാണിതെന്നും എം പി ചൂണ്ടിക്കാട്ടി. അറ്റകുറ്റപ്പണിയുടെ പശ്ചാത്തലത്തില്‍ 2015 മെയ് മാസം മുതലാണ് വലിയ വിമാനങ്ങള്‍ക്കുള്ള നിരോധനമേര്‍പ്പെടുത്തിയത്. എന്നാല്‍, മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നിരോധനം പിന്‍വലിക്കാതെ തുടരുകയാണ്.
കോഴിക്കോട് വലിയ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് മുതല്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനത്തില്‍ 33 ശതമാനം കുറവും അതേസമയം, സമീപത്തെ സ്വകാര്യ വിമാനത്താവളത്തിന്റെ വരുമാനത്തില്‍ 27 ശതമാനം വര്‍ധനവുമുണ്ടായതായി എം പി ചൂണ്ടിക്കാട്ടി. ഈ നഷ്ടം 100 കോടി രൂപയിലധികം വരുമെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതുസംബന്ധിച്ച് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും അനുകൂലമായ പഠന റിപ്പോര്‍ട്ടുകളും അപേക്ഷകളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും സമീപത്തുണ്ട്.
ടേബിള്‍ ടോപ്പ് റണ്‍വേയുടെയും മംഗലാപുരം വിമാനാപകടത്തിന്റെയും പശ്ചാത്തലത്തില്‍ കോഴിക്കോടിന് അനുമതി നിഷേധിക്കുകയും അതേസമയം, മംഗലാപുരം വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രത്തിന് അനുമതി നല്‍കുകയും ചെയ്യുന്നതില്‍ വൈരുധ്യമുണ്ടെന്ന് എം കെ രാഘവന്‍ ആരോപിച്ചു.

കേരളത്തേക്കാള്‍ ഹജ്ജ് തീര്‍ഥാടകരുള്ള സംസ്ഥാനങ്ങളില്‍ രണ്ടും മൂന്നും എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ അനുവദിക്കുമ്പോള്‍ കോഴിക്കോടിനെ ഒഴിവാക്കാന്‍ കേരളത്തില്‍ ഒരു എംബാര്‍ക്കേഷന്‍ കേന്ദ്രത്തിന് മാത്രമാണ് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. നിരോധന ശേഷം കോഴിക്കോട് വിമാനത്താവളം വഴിപ്രത്യക്ഷമായും പരോക്ഷമായും സംഭവിച്ച നഷ്ടങ്ങള്‍ നിരവധിയാണ്. എയര്‍പോര്‍ട്ട്അതോറിറ്റിഓഫ് ഇന്ത്യക്ക്‌വാര്‍ഷികവരുമാനത്തില്‍ 50 കോടിരൂപയിലേറെ നഷ്ടം വരുന്നതിനൊപ്പം സഊദി അറേബ്യയിലേക്ക് നേരിട്ടുള്ള ബന്ധം നഷ്ടപ്പെടുന്നു. 11.6 ലക്ഷം പേരാണ് ഈ സര്‍വീസ് പ്രതിവര്‍ഷം ഉപയോഗിച്ചു വരുന്നത്. വകുപ്പ് മന്ത്രിയുള്‍പ്പെടെയുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും ആശാവഹമായ പ്രതികരണം ഉണ്ടായില്ലെന്ന് എം പി പറഞ്ഞു.