Connect with us

Articles

ബേങ്ക് ദേശസാത്കരണത്തിന്റെ അര നൂറ്റാണ്ട്

Published

|

Last Updated

1969 ജൂലൈ19നാണ് ഇന്ദിരാ ഗാന്ധി ഇന്ത്യയിലെ കുത്തക മുതലാളിമാരുടെ കൈവശമുണ്ടായിരുന്ന 14 സ്വകാര്യവാണിജ്യ ബേങ്കുകളെ ദേശസാത്കരിച്ചത്. രാജ്യത്തെ മിക്ക വാണിജ്യ ബേങ്കുകളുടെയും ഉടമസ്ഥാവകാശവും നിയന്ത്രണവും സമ്പന്ന ബിസിനസുകാരുടെ കൈകളിലായിരുന്നു. അവര്‍ താത്പര്യമുള്ള കമ്പനികള്‍ക്ക് മാത്രം ധനം യഥേഷ്ടം നല്‍കിക്കൊണ്ടിരുന്നു. വായ്പാനയം വിവേചനപരമായിരുന്നു. വന്‍കിട വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് മാത്രം വായ്പ നല്‍കി. കാര്‍ഷിക മേഖലയേയും ചെറുകിട വ്യവസായ മേഖലയേയും പാടെ അവഗണിച്ചു.
ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് സാമ്പത്തിക നയങ്ങളുടെ പേരില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെട്ടിരുന്നു. സോഷ്യലിസത്തെ പിന്തുണക്കുന്ന ഇന്ദിരാ വിഭാഗവും എതിര്‍ക്കുന്ന “സിന്‍ഡിക്കേറ്റ്” വിഭാഗവും തമ്മിലുള്ള രൂക്ഷമായ പോരാട്ടം പാര്‍ട്ടിയെ ഒരു പിളര്‍പ്പിലേക്ക് നയിച്ചു. 1969 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നു.

ദേശസാത്കരണത്തിന്റെ കാരണങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. സമ്പത്തിന്റെ കേന്ദ്രീകരണവും സാമ്പത്തികാധികാരവും വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിന്റെ കൈകളിലായിരുന്നു. ജനസംഖ്യയില്‍ മഹാഭൂരിപക്ഷം വരുന്ന പാവങ്ങള്‍ക്ക് ബേങ്കിംഗ് സ്ഥാപനങ്ങളുമായി ഒരു തരത്തിലുമുള്ള ബന്ധവുമുണ്ടായിരുന്നില്ല. സമ്പന്നരില്‍ കേന്ദ്രീകരിച്ചിരുന്ന ബേങ്കുകളുടെ നിയന്ത്രണം അവരില്‍ നിന്നും എടുത്തുമാറ്റണമെന്ന ദൃഢനിശ്ചയമാണ് ഇന്ദിരാ ഗാന്ധിക്ക് ഉണ്ടായിരുന്നത്. ബേങ്കുകള്‍ അടിസ്ഥാനമേഖലയായ കൃഷിക്കും അനുബന്ധ മേഖലക്കും ചെറുകിട വ്യവസായങ്ങള്‍ക്കും നിര്‍ബന്ധമായും വായ്പകള്‍ നല്‍കണമെന്നതും അവരുടെ നയത്തിന്റെ ഭാഗമായിരുന്നു.
നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ബേങ്കിംഗ് സൗകര്യം ഗ്രാമപ്രദേശങ്ങളില്‍ വസിക്കുന്ന പാവങ്ങള്‍ക്കും ലഭ്യമാക്കുവാന്‍ ധാരാളം ബേങ്ക് ശാഖകള്‍ ഗ്രാമപ്രദേശങ്ങളില്‍ തുറക്കുക എന്നത് ദേശസാത്കരണത്തിന്റെ മുഖ്യലക്ഷ്യങ്ങളില്‍ ഒന്നാണ്. അന്നത്തെ ധന മന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി ദേശസാത്കരണത്തെ ശക്തമായി എതിര്‍ക്കുകയും മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ദിരാ ഗാന്ധി തന്നെ ധനകാര്യ വകുപ്പ് ഏറ്റെടുത്തു.
50 കോടിയിലധികം നിക്ഷേപമുണ്ടായിരുന്ന 14 സ്വകാര്യ വാണിജ്യ ബേങ്കുകളെ ദേശസാത്കരിച്ചുകൊണ്ട് 1969 ജൂലൈ 19ന് പ്രസിഡന്റ് ഓര്‍ഡിനന്‍സ് ഇറക്കി. എന്നാല്‍ ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുതയെ ആര്‍ സി കൂപ്പര്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു. അതിനിടയില്‍ ഓര്‍ഡിനന്‍സിന് പകരമായി പാര്‍ലിമെന്റ് നിയമം പാസാക്കിയെങ്കിലും അതും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. പുതിയ നിയമത്തെ സ്റ്റേ ചെയ്ത സുപ്രീം കോടതി നിയമം അസാധുവായി പ്രഖ്യാപിച്ചു. പക്ഷേ ഇന്ദിരാഗാന്ധി പിന്തിരിഞ്ഞില്ല. 1970 ല്‍ 14 വാണിജ്യ ബേങ്കുകളെ വീണ്ടും ദേശസാത്കരിച്ച് പ്രസിഡന്റ് ഓര്‍ഡിനന്‍സ് ഇറക്കി. നേരത്തെ പാസാക്കിയ നിയമത്തിലെ ന്യൂനതകളെല്ലാം പരിഹരിച്ച് ഓര്‍ഡിനന്‍സിന് പകരമായി പുതിയ നിയമം നിലവില്‍ വന്നു. 1969 ജൂലൈ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ബേങ്ക് ദേശസാത്കരണം നിലവില്‍ വന്നു.
14 സ്വകാര്യ വാണിജ്യ ബേങ്കുകളുടെ ഉടമസ്ഥാവകാശം 1969 ജൂലൈ 19 മുതല്‍ കേന്ദ്രഗവണ്‍മെന്റില്‍ നിക്ഷിപ്തമായി. രാജ്യത്തെ നിക്ഷേപത്തിന്റെ 70 ശതമാനം ഈ 14 ബേങ്കുകളുടെ നിയന്ത്രണത്തിലായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ ഭരണത്തില്‍ തന്നെയായിരുന്നു 1980ല്‍ രണ്ടാം ഘട്ട ബേങ്ക് ദേശസാത്കരണവും. 200 കോടിയിലധികം നിക്ഷേപമുണ്ടായിരുന്ന 6 സ്വകാര്യ വാണിജ്യ ബേങ്കുകള്‍ രണ്ടാം ഘട്ട ദേശസാത്കരണത്തില്‍ പൊതുമേഖലാ ബേങ്കുകളായി മാറി.

ദേശസാത്കരണത്തിന്റെ ആദ്യത്തെ 25 വര്‍ഷത്തിനുള്ളില്‍, ബേങ്ക് ശാഖകളുടെ എണ്ണം 6,634 ല്‍ നിന്നും 43,031 ആയി ഉയര്‍ന്നു. ഗ്രാമപ്രദേശങ്ങളില്‍ ദേശസാത്കൃത ബേങ്ക് ശാഖകളുടെ എണ്ണം മൂന്ന് മടങ്ങ് വര്‍ധിച്ചു. 2017ലെ കണക്കനുസരിച്ച് ഇന്ത്യാരാജ്യത്ത് ദേശസാത്കൃത ബേങ്ക് ശാഖകളുടെ എണ്ണം 91,445 ആണ്. ദേശസാത്കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു മുന്‍ഗണനാ സെക്ടറിലെ വായ്പാവിതരണം. കൃഷിക്കും അനുബന്ധ വ്യവസായങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും വായ്പ ലഭ്യമാക്കല്‍ ദേശസാത്കരണത്തിലൂടെ സാധിച്ചു.
ദേശസാത്കരണത്തെ “ഇന്ദിരാഗാന്ധിയുടെ നാടക”മായിരുന്നുവെന്ന് നരേന്ദ്ര മോദി പരിഹസിക്കുകയുണ്ടായി. അംബാനിമാരെയും അദാനിമാരെയും വാരിപ്പുണരാന്‍ വെമ്പല്‍കൊള്ളുന്നവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത സോഷ്യലിസ്റ്റ് ഭരണപരിഷ്‌കാരങ്ങളാണ് ഇന്ദിരാ ഗാന്ധി രാജ്യത്ത് നടപ്പാക്കിയത്. ബേങ്ക് ദേശസാത്കരണത്തോടൊപ്പം പ്രിവിപേഴ്‌സ് നിര്‍ത്തലാക്കിയതും സ്വകാര്യമേഖലയിലെ ഓയില്‍ കമ്പനികള്‍, സ്റ്റീല്‍ കമ്പനികള്‍, കല്‍ക്കരി ഖനികള്‍, ടെക്‌സ്റ്റൈല്‍ കമ്പനികള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തുടങ്ങിയവയെല്ലാം ദേശസാത്കരിച്ചതും സോഷ്യലിസത്തിലേക്കുള്ള കാല്‍വെപ്പായിരുന്നു.
ബേങ്ക് ദേശസാത്കരണത്തിനും പ്രിവിപേഴ്‌സ് നിര്‍ത്തലാക്കലിനും ഭരണഘടാന ഭേദഗതിയിലൂടെ സംരക്ഷണം നല്‍കിയ ഭരണാധികാരിയാണ് ഇന്ദിരാഗാന്ധി.

---- facebook comment plugin here -----

Latest