കൊല്ലപ്പെട്ടവന്റെ ജാതിയും കൊന്നവരുടെ മതവും; എവിടെയാണ് രാഷ്ട്രീയം?

പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്ന പ്രധാന മുദ്രാവാക്യം അരികുവത്കരിക്കപ്പെട്ടവരുടെ ശാക്തീകരണമാണ്. എന്നാല്‍, അതിനപ്പുറം പോപ്പുലര്‍ ഫ്രണ്ടിനെ തിരിച്ചറിയാനുള്ള വഴി കാണിക്കുന്നുണ്ട് അഭിമന്യുവിന്റെ അരുംകൊല. കാരണം, അവന്‍ പിന്നാക്ക ജീവിതാവസ്ഥയില്‍ നിന്നും വന്നവനാണ്. നല്ല രീതിയില്‍ വിദ്യ അഭ്യസിക്കുന്നവനാണ്. രാഷ്ട്രീയ കാഴ്ചപ്പാടിനെക്കാള്‍ ജീവിത കാഴ്ചപ്പാട് അവന്റെ തലമുറയെ തന്നെ മാറ്റി മറിക്കും. ശാസ്ത്രജ്ഞനാകാന്‍ ആഗ്രഹിച്ചവനാണ്. എന്നിട്ടും അവനെ തിരഞ്ഞ് പിടിച്ച് കൊന്നത് എന്തിനാണ്? തങ്ങളുടെ അജന്‍ഡക്ക് എതിരെ നിലകൊള്ളുന്നവര്‍ ആരായാലും അവരെ കൊന്നുകളയും എന്നതാണ് സത്യം. അഭിമന്യുവിന്റെ ജാതി ഏറ്റവും പ്രസക്തമാകുന്നത് ഇതു കൊണ്ടുകൂടിയാണ്. ജാതി കേന്ദ്രീകൃത പിന്നാക്കാവസ്ഥ ഒന്നും മത വര്‍ഗീയതക്ക് മുമ്പില്‍ വിലപ്പോവില്ല.
Posted on: July 19, 2018 9:15 am | Last updated: July 18, 2018 at 10:13 pm
SHARE

രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന് ഏറെ പരിചിതമാണ്. അതിന്റെ ചരിത്ര പരിശോധനയെപ്പോലും അപ്രസക്തമാക്കുന്ന തരത്തില്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആര്‍ എസ് എസിന്റെയും സി പി എമ്മിന്റെയും പ്രവര്‍ത്തകരാണ് കൊല കത്തിക്ക് ഇരയായവരില്‍ കൂടുതല്‍. മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം അരുംകൊലകളെ രാഷ്ട്രീയ നേതൃത്വം തള്ളിപ്പറയാറുണ്ടെങ്കിലും അത് അവസാനിപ്പിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല എന്നത് എന്നത്തെയും ചോദ്യമാണ്.
ഇത്തരം കൊലപാതകങ്ങള്‍ രാഷ്ട്രീയത്തിന് പുറത്ത് ചാടുമ്പോള്‍ അതുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ ഭീകരമായിരിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ വ്യത്യസ്തരായ ജാതിമത വിശ്വാസികള്‍ നിലനില്‍ക്കെ അവിടെ പ്രധാന കേന്ദ്രം രാഷ്ട്രീയ മണ്ഡലമാണ്. എന്നാല്‍ മതം രാഷ്ട്രീയത്തിന്റെ കുപ്പായം ധരിക്കുകയും വിദ്യാര്‍ഥികള്‍ അല്ലാത്തവര്‍ ക്യാമ്പസില്‍ ഇറങ്ങികളിക്കുകയും ചെയ്യുമ്പോള്‍ അതുണ്ടാക്കുന്ന കുഴപ്പങ്ങള്‍ നമ്മുടെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കും. അഭിമന്യുവിന്റെ കൊലപാതക മരണം ഇതുവരെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്നും വ്യത്യസ്തമായ സാമൂഹിക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. അതിനു കാരണം, മേല്‍ സൂചിപ്പിച്ചതും മറ്റ് ചില ഘടകങ്ങളുമാണ്. ക്യാമ്പസുകള്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ വേദിയാകാറുണ്ട്. മുമ്പും യുവാക്കള്‍ മരണത്തിന് കീഴ്‌പ്പെട്ടിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ക്യാമ്പസ് രാഷ്ട്രീയം പഴയ കാലത്ത് നിന്നും വ്യത്യസ്തമായി അരാഷ്ട്രീയ വത്കരിക്കപ്പെടുകയും രാഷ്ട്രീയത്തിന് പകരം സാമുദായികവും മതവിഭാഗീയതയും തലപൊക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ ശക്തിപ്പെടുത്തുന്ന വിധത്തില്‍ മത രാഷ്ട്രവാദത്തിന്റെ നേതൃത്വത്തിന് വിദ്യാര്‍ഥികളെ പാകപ്പെടുത്തിയെടുക്കാന്‍ സാധിക്കുന്നു. എപ്പോഴൊക്കെ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായോ അപ്പോഴൊക്കെ അതിന്റെ ക്യാമ്പസ് സ്വഭാവം മാറിയിട്ടുണ്ട്. ഇവിടെ അഭിമന്യുവിനെ കുത്തി കൊലപെടുത്തിയവരില്‍ പുറത്ത് നിന്നുള്ള എസ് ഡി പി ഐക്കാര്‍ ഉണ്ടെന്നും അത് തികച്ചും ആസൂത്രിതമായിരുന്നു എന്നും അറിയുമ്പോഴാണ് ഈ കൊലപാതകം ഒന്നിലധികം ചോദ്യങ്ങള്‍ ചോദിക്കുന്നത്.

അഭിമന്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ടത് കൊല്ലപ്പെട്ടന്റെ ജാതിയും കൊന്നവരുടെ മതവുമാണ്. എങ്ങനെയാണ് ക്യാമ്പസിനകത്ത് ജാതിയും മതവും രാഷ്ട്രീയത്തെ കീഴ്‌പ്പെടുത്തുന്നത്? വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ സൗന്ദര്യം അതിലെ സര്‍ഗാത്മഗതയാണ്. അതിനെ രാഷ്ട്രീയമായി വികസിപ്പിക്കുമ്പോള്‍ ആശയപരമായ വ്യതിരിക്തത സ്വാഭാവികമായി ഉണ്ടാകും. അതാകട്ടെ ക്യാമ്പസിനകത്തെ സൗഹൃദത്തെ അകറ്റി നിര്‍ത്താറില്ല. അത്രമാത്രം ഇടകലര്‍ന്ന മനോഐക്യങ്ങള്‍ പൂക്കുന്ന ഇടമാണ് ക്ലാസ് മുറി. ഇതില്‍ വിഭാഗീയത വരുന്ന വഴി മതവും ജാതിയും ക്യാമ്പസിനകത്ത് കയറുമ്പോഴാണ്. മാതൃ സംഘടനയുടെ ജനിതക ഘടന മതകേന്ദ്രീകൃതമായതു കൊണ്ട് ക്യാമ്പസ് ഫ്രണ്ടും അതുവഴി സഞ്ചരിക്കുന്നു. അതു കൊണ്ടാണ് പ്രതിസ്ഥാനത്ത് ഉള്ളവരുടെ രാഷ്ട്രീയത്തെക്കാള്‍ മതം ചര്‍ച്ചയാകുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയം മതാധിഷ്ഠിതമാണ് എന്ന് കേരളത്തെ ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു 2010 ജൂലൈ നാലിന് ജോസഫ് മാഷിന്റെ കൈവെട്ട് കേസ്. അതിലപ്പുറം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ഒരു സംഘടനക്കും അതിന്റെ അന്തര്‍ധാരയെ വ്യാഖ്യാനിക്കാന്‍ മറ്റൊരു നിര്‍വചനം ആവശ്യമില്ല. പോപ്പുലര്‍ ഫ്രണ്ട് ‘പ്രതിനിധാനം ചെയ്യുന്ന’ മതത്തെ അവരുടെ വിശ്വാസപരമായ തലത്തില്‍ തീവ്രമായി വ്യഖ്യാനിക്കാനുള്ള ഉടമസ്ഥാവകാശം അവര്‍ക്ക് ഉണ്ട് എന്ന തലത്തിലാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങളുടെ പൊതുസ്വഭാവം. അതായത് ഇസ്‌ലാം വിശ്വാസം നിലനില്‍ക്കേണ്ടത് എസ് ഡി പി ഐ മുന്നോട്ടു വെക്കുന്ന വഴികളില്‍ കുടിയാണ് എന്നതാണത്. ഈ നിലപാടിനെ ഇസ്‌ലാംമത വിശ്വാസികള്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്.

ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ മതാധിഷ്ഠിത രാഷ്ട്രവാദവും അതിന്റെ പ്രായോഗികതയും നടപ്പിലാക്കാന്‍ മതം മാത്രമാണ് ഏക വഴി. അതുകൊണ്ട് മതത്തെ അതിവൈകാരിക തലത്തില്‍ നിലനിലര്‍ത്തുക എന്നതാണ് ഈ മതരാഷ്ട്രവാദക്കാരുടെ തന്ത്രം. അതിന് ആവശ്യം യുവാക്കള്‍ ആണ്. ഒരു യഥാര്‍ഥ വിശ്വാസിക്ക് അവന്റെ ദൈവ വിശ്വാസത്തെ നിലനിര്‍ത്താന്‍ മതരാഷ്ട്രം തന്നെ വേണമെന്നില്ല. എന്നാല്‍, മതരാഷ്ട്രത്തില്‍ നിന്നു തന്നെ തങ്ങളുടെ വിശ്വാസത്തെ വളര്‍ത്തണം എന്ന വാശി അപകടമാണ്. ഈ അപകടത്തെ വളര്‍ത്തുകയാണ് പോപ്പുലര്‍ ഫ്രണ്ട്. ഇതിനുള്ള ന്യായികരണമാണ് പരിശോധിക്കേണ്ട മറ്റൊരു വിഷയം.

ഇന്ത്യന്‍ വര്‍ഗീയതക്ക് 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോളം പഴക്കമുണ്ട്. അതിന്റെ നിരവധി അടരുകള്‍ നാം കണ്ടു. ഇന്നത് ജനാധിപത്യത്തിലൂടെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ആര്‍ എസ് എസിന്റെ മേല്‍നോട്ടത്തില്‍ ഹിന്ദുത്വ രാഷ്ട്രത്തിന്റെ പണിയിലാണ് തീവ്ര സവര്‍ണ ഹൈന്ദവ ദേശീയ വാദികള്‍. ഹിന്ദു അല്ലാത്തവര്‍ അവരുടെ വിചാരധാരക്ക് പുറത്താണ്. അതില്‍ ഹിന്ദുക്കള്‍ കഴിഞ്ഞുള്ള ഇസ്‌ലാം, ക്രിസ്ത്യന്‍, മതങ്ങള്‍ മാത്രമല്ല ദളിത്, പിന്നാക്ക വിഭാഗങ്ങളും ഉള്‍പ്പെടുന്നു. ഹിന്ദു മതത്തില്‍ ആണെന്ന് പറയുകയും അതേ സമയം വിശ്വാസപരമായ തലത്തില്‍ അവരെ അതേ മതത്തില്‍ നിന്നു പുറത്ത്‌നിര്‍ത്തുകയും ചെയ്യുന്നുണ്ട് ഇത്തരക്കാര്‍. ഈ വിഭാഗങ്ങളെ (മര്‍ദിത മതന്യൂനപക്ഷങ്ങളെ) ‘ചേര്‍ത്ത് പിടിച്ച്’ ഇരകള്‍ക്ക് ഒപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ട്. ജന്മം കൊണ്ട് അത്തരം വിഭാഗത്തില്‍ പെട്ട ഒരാളാണ് അഭിമന്യു. ഈ കൊലപാതകത്തില്‍ ജാതി പ്രധാന വിഷയമാവുന്നത് അതു കൊണ്ടാണ്.

കൊല്ലപ്പെട്ടവന്റെ ജാതി
അഭിമന്യുവിന്റെ മരണത്തിനു ശേഷം നവ മാധ്യമങ്ങള്‍ക്ക് ഒപ്പം മുഖ്യധാര ചര്‍ച്ചകളില്‍ ആവര്‍ത്തിക്കപ്പെട്ട പരാമര്‍ശമാണ് ഈ വിദ്യാര്‍ഥിയുടെ ജാതി. അതിനു രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്ന് ജന്മം കൊണ്ട് തന്നെ താഴ്ന്ന ജാതിക്കാരന്‍ എന്ന മുദ്രണം. അതുണ്ടാക്കിയ സാമൂഹിക അസമത്വത്തിന്റെ നിറഞ്ഞ അടയാളങ്ങള്‍ ലോകം നേരിട്ട് കണ്ടു. വീടും കുടുംബത്തിന്റെ ജീവിത പശ്ചാത്തലവും. എന്നിട്ടും അഭിമന്യു തന്റെ ചിന്തയെ വളര്‍ത്തിക്കൊണ്ടുവന്നത് വര്‍ഗരഹിതമായ സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന പ്രത്യയശാസ്ത്രത്തിന്റെ തണലിലാണ്. അവിടെ മതം അപ്രസക്തവും വര്‍ഗീയത നിരന്തരം എതിര്‍ക്കപ്പെടുന്നതുമാണ്. അവനെ സംബന്ധിച്ച് ജാതി ഒരു യാഥാര്‍ഥ്യവും അതേ സമയം നിരന്തരം അവഗണിക്കപ്പെടേണ്ടതുമായ ഒന്നുമായിരുന്നു. കാരണം എസ് എഫ് ഐ എന്നത് ഒരു വിപ്ലവ വിദ്യാര്‍ഥി പ്രസ്ഥാനമാണ്. എന്നിട്ടും ജാതി അവന്റെ നിഷേധത്വത്തിന് പുറത്തും അവനെ വന്നു പൊതിയുന്നുണ്ടെങ്കില്‍ സ്വത്വരാഷ്ട്രീയത്തെ പുരോഗമന പ്രസ്ഥാനങ്ങള്‍ ഒന്നുകൂടി തുറന്ന് വായിക്കണം. കാരണം ഒളിഞ്ഞും തെളിഞ്ഞും ഒരു പിന്നാക്കക്കാരന് അവകാശപ്പെട്ട ‘അനുകമ്പ’ പുരോഗമന പ്രസ്ഥാനങ്ങളെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ പാടില്ല. കാരണം എത്ര പുരോഗമിച്ചിട്ടും ജാതി അതിന്റെ ഇരകളെ വിട്ടു പോകുന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ അഭിമന്യുവിന് തന്റെ ജാതിയെ സ്വയം പ്രതിരോധിക്കാന്‍ കഴിഞ്ഞെങ്കില്‍ മരണശേഷം പൊതുബോധത്തിന്റെ സഹായത്തോടെ അത് അവനെ വന്നുപൊതിയുകയാണ്. രണ്ടാമത്തെ കാരണം, തികച്ചും രാഷ്ടീയമാണ്.

പോപ്പുലര്‍ ഫ്രണ്ട്/ ക്യാമ്പസ് ഫ്രണ്ട് അനുബന്ധ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്ന പ്രധാന മുദ്രവാക്യം അരികുവത്കരിക്കപ്പെട്ടവരുടെ ശാക്തീകരണമാണ്. അതിനു വേണ്ടി മര്‍ദിത മതന്യൂനപക്ഷങ്ങളെയും പാര്‍ശ്വവത്കൃത വിഭാഗങ്ങളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോവുക. ഇതാണ് പ്രധാന അജന്‍ഡ. എന്നാല്‍, അതിനപ്പുറം പോപ്പുലര്‍ ഫ്രണ്ടിനെ തിരിച്ചറിയാനുള്ള വഴി കാണിക്കുന്നുണ്ട് അഭിമന്യുവിന്റെ അരുംകൊല. കാരണം, അവന്‍ പിന്നാക്ക ജീവിതാവസ്ഥയില്‍ നിന്നും വന്നവനാണ്. നല്ല രീതിയില്‍ വിദ്യ അഭ്യസിക്കുന്നവനാണ്. അവനിലൂടെ അവന്റെ ജീവിതവട്ടത്തില്‍ ഒരുപാട് പേര്‍ക്ക് ഉയര്‍ന്നുവരാന്‍ കഴിയും. രാഷ്ട്രീയ കാഴ്ചപ്പാടിനെക്കാള്‍ ജീവിത കാഴ്ചപ്പാട് അവന്റെ തലമുറയെ തന്നെ മാറ്റി മറിക്കും. ശാസ്ത്രജ്ഞനാകാന്‍ ആഗ്രഹിച്ചവനാണ്. എന്നിട്ടും പോപ്പുലര്‍ ഫ്രണ്ട് അവനെ തിരഞ്ഞ് പിടിച്ച് കൊന്നത് എന്തിനാണ്? അതിന്റെ ഉത്തരം നിലപാട് എന്ന് മാത്രമാണ്. വര്‍ഗീയതക്ക് എതിരെ, തങ്ങളുടെ അജന്‍ഡക്ക് എതിരെ നിലകൊള്ളുന്നവര്‍ ആരായാലും അവരെ കൊന്നുകളയും എന്നതാണ് സത്യം. ജോസഫ് മാഷിന്റെ കൈ വെട്ടിയതും ഇതേ കാരണത്താല്‍ തന്നെ. അഭിമന്യുവിന്റെ ജാതി ഏറ്റവും പ്രസക്തമാവുന്നത് ഇതു കൊണ്ടുകൂടിയാണ്. ജാതി കേന്ദ്രീകൃത പിന്നോക്കാവസ്ഥ ഒന്നും മത വര്‍ഗീയതക്ക് മുമ്പില്‍ വിലപ്പോവില്ല. വിശാല അര്‍ഥത്തില്‍ പാര്‍ശ്വവത്കൃതര്‍ക്ക് ഒപ്പം എന്നു പറയുന്നുണ്ടെങ്കിലും അത് തങ്ങളുടെ പ്രഖ്യാപിത അജന്‍ഡയെ ഒരു വിധത്തിലും ബാധിക്കുന്നില്ല എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് അഭിമന്യുവിന്റെ കൊല.

കൊന്നവരുടെ മതം
പോപ്പുലര്‍ ഫ്രണ്ട്, എന്‍ ഡി എഫ്, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ മതതീവ്രവാദ പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പ് മതാധിഷ്ഠിതമാണ്. തങ്ങള്‍ വിശ്വസിക്കുന്ന ഇസ്‌ലാമാണ് തങ്ങളുടെ രാഷ്ട്രീയം എന്നതാണ് ഇവരുടെ മതം. എന്നാല്‍ അതിനപ്പുറം ഇസ്‌ലാം മതത്തിന്റെ ആത്മീയതയിലേക്കുള്ള വഴികള്‍ ഒന്നും തന്നെ അവരുടെ ചിന്തയുടെയോ അറിവിന്റെയോ രീതിയല്ല. സാമ്രാജ്യത്വ തന്ത്രങ്ങളുടെ ഭാഗമായി ലോകത്ത് ഉയര്‍ന്നു വന്ന മുസ്‌ലിം തീവ്രവാദങ്ങളുടെ പൊതുസ്വഭാവം അപര മതവിദ്വേഷമാണ്. തങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായ എല്ലാത്തിനെയും ഉന്‍മൂലനം ചെയ്യുക എന്നതാണ് പൊതു തത്വം. ഇതിന്റെ പ്രായോഗിക രീതികള്‍ പല വഴികളിലൂടെ ഇവര്‍ കണ്ടെത്തുന്നു. അവസാനം എല്ലാ ഭാരവും മതത്തിന്റെ തലയില്‍ വെച്ചുന്യായവാദം ഉയര്‍ത്തുന്നു. ‘ചെയ്യുന്നതെല്ലാം മതത്തിനു വേണ്ടി’ എന്ന അവകാശവാദം ഇതിന്റെ ഭാഗമാണ്. ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ ഇസ്‌ലാംമത ബോധനത്തിന്റെ വഴിയില്‍ ജീവിക്കുന്ന വിശ്വാസിക്ക് നേരിടേണ്ടി വരുന്ന സാമൂഹിക സമ്മര്‍ദങ്ങള്‍ വലുതാണ്. അഭിമന്യുവിന്റെ കൊലപാതകത്തിനു ശേഷം പോപ്പുലര്‍ ഫ്രണ്ടിനോടൊപ്പം ഇസ്‌ലാം മതവും വിചാരണ ചെയ്യപ്പെടുന്നു. ഇത് പൊതുസമൂഹത്തില്‍ തീവ്ര ഹൈന്ദവതയുടെ വളര്‍ച്ചയെ സഹായിക്കുന്നുണ്ട്. ഒരു കമ്യൂണിസ്റ്റ് വിശ്വാസി കൊല്ലപ്പെട്ടപ്പോഴും പ്രതികരണ ബോധം മതപരമായി പോവുന്നത് അതു കൊണ്ടാണ്.

പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖ്യ ശത്രു ആര്‍ എസ് എസ് ആണെന്ന പൊതുബോധത്തെ മാറ്റുന്ന രീതിയിലായിരുന്നു ഇതിന് മുമ്പ് അവര്‍ നടത്തിയ പല കൊലപാതകങ്ങളും. അവരുടെ വിശ്വാസപ്രമാണങ്ങളെ ധിക്കരിക്കുന്നവരുടെ മതമോ ജാതിയോ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല. കമ്യൂണിസ്റ്റുകാരെ വധിക്കുക വഴി ആര്‍ എസ് എസും ചെയ്തത് ഇത് തന്നെ. അവര്‍ കൊന്നതില്‍ ഭൂരിപക്ഷവും ഹിന്ദുക്കളായ കമ്മ്യൂണിസ്റ്റുകളെയായിരുന്നു. നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ മതസ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍ നിലനില്‍ക്കെ അതിനെ ജനവിരുദ്ധവും സാമൂഹികവിരുദ്ധവുമാകാതെ നോക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ സവര്‍ണ ഹിന്ദുത്വ ശക്തികള്‍ നിരന്തരം പ്രകടിപ്പിച്ച് കൊണ്ടിരിക്കുന്ന അപര മതവിദ്വേഷത്തിന്റെ ഇരകള്‍ വര്‍ധിച്ചു വരികയാണ്. ഇതില്‍ ദളിത്, മുസ്‌ലിം വിഭാഗങ്ങളാണ് അവരുടെ ടാര്‍ജറ്റ്. മുസ്‌ലിംകള്‍ക്ക് നേരെയുള്ള അസൂത്രിത കൊലകളെ മതവിരുദ്ധതയുടെ ഭാഗമായി വളര്‍ത്തിക്കൊണ്ടു വരാന്‍ പോപ്പുലര്‍ ഫ്രണ്ടിന് കഴിഞ്ഞിട്ടുണ്ട്. ആര്‍ എസ് എസിന് എതിരെ നമുക്കും ഒരു പ്രതിരോധ സംഘടന എന്ന അര്‍ഥത്തിലാണ് നിഷ്‌കളങ്ക യുവത്വത്തിലേക്ക് ഇവര്‍ അപരമത വിദ്വേഷത്തിന്റെ വിഷം കുത്തിക്കയറ്റുന്നത്. അതിന് ആവശ്യമായ നിരവധി തെളിവുകള്‍ മോദി ഭരണകാലത്ത് സുലഭമായി കണ്ടെത്താന്‍ കഴിയും. ഇതിനെ തീവ്ര ബോധത്തില്‍ അവതരിപ്പിക്കുക വഴി പൊതു മണ്ഡലങ്ങളില്‍ സാധാരണ മത വിശ്വാസികളായി കഴിയുന്നവര്‍ പലപ്പോഴും അപര മതവിദ്വേഷത്തിന്റെ പേരില്‍ തീവ്രമത കേന്ദ്രങ്ങളില്‍ എത്തിപ്പെടുന്നു. നേരത്തെ ഇതിന് ചില മറ ഉണ്ടായിരുന്നെങ്കില്‍ പോപ്പുലര്‍ ഫ്രണ്ട് തെളിക്കുന്നത് അത്തരം മറകളെ നീക്കിക്കൊണ്ട് പരസ്യമായി അണികളെ ഒപ്പം നിര്‍ത്താന്‍ കഴിയുന്നു എന്നാണ്. ഇതിനെതിരെ മുഴുവന്‍ മതവിശ്വാസികളും മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കേണ്ടതുണ്ട്. കാരണം ഇസ്‌ലാം അതിന്റെ അടിസ്ഥാന പ്രമാണമാക്കി പിടിക്കുന്ന സമാധാനത്തെ അശാന്തിയിലേക്ക് തള്ളിവിടുന്നവരുടെ ലക്ഷ്യത്തെ പൊതുസമൂഹം അറിയണം. ആഗോളാടിസ്ഥാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തീവ്ര ഇസ്‌ലാംവിരുദ്ധതയുടെ പാളയത്തിലേക്ക് കേരളത്തിലെ വിശ്വാസികളെ തളച്ചിടാന്‍ ഇത്തരം തീവ്രവാദ സംഘടനകള്‍ക്ക് കഴിയും. അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍, ഇത്തരം സംഘടനകളെ ബഷിഷ്‌കരിക്കാന്‍ വിശ്വാസികള്‍ തീരുമാനിച്ചാല്‍ അഭിമന്യുവിനെ കൊന്നവരുടെ മതം വിശ്വാസികളുടെ മതമാണ് എന്ന ആരോപണത്തെ പ്രതിരോധിക്കാന്‍ കഴിയും. ഇതിനു വേണ്ടത് ഇത്തരം മത തീവ്രചിന്തയുള്ളവരുടെ ഇടപെടല്‍ മതത്തില്‍ അനുവദിക്കാതിരിക്കുകയാണ്.

രാഷ്ട്രീയം എവിടെ?
അഭിമന്യുവിന്റെ കൊലക്ക് ശേഷം പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന മണ്ഡലം മത തീവ്രവാദമാണെന്നും അതിനെതിരെ മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യ വിശ്വാസികള്‍ പ്രതികരിക്കണമെന്നുമുള്ള ആഹ്വാനം ശക്തമാണ്. ജനാധിപത്യത്തിനുള്ളില്‍ സ്വതന്ത്രമായി തങ്ങളുടെ വിശ്വാസങ്ങളെ പാലിക്കാനും അവ പ്രചരിപ്പിക്കാനുമുള്ള അവസരം ഉണ്ടായിരിക്കെ ഒരു വിധത്തിലുള്ള വിഭാഗീയതയേയും വളരാന്‍ അനുവദിക്കാന്‍ പാടില്ല. എന്നിട്ടും എന്തു കൊണ്ട് തീവ്രമത ബോധത്തെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം കേരളത്തില്‍ ശക്തി പ്രാപിക്കുന്നു? അഭിമന്യുവിന്റെ കൊലക്ക് കാരണം അയാള്‍ വര്‍ഗീയതക്ക് എതിരെ നിലപാട് എടുത്തു എന്നതും ഇടതുപക്ഷത്ത് നിലകൊണ്ടു എന്നതുമാണ്. ഇതാണ് ഈ കൊലപാതകത്തിലെ രാഷ്ട്രീയം. എന്നാല്‍ ഈ ചിന്താ പരിസരത്തിലേക്ക് എത്രത്തോളം ചര്‍ച്ച വളര്‍ന്നിട്ടുണ്ട്. ഉണ്ടായത് നേരത്തെ തെളിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധമാണ്. അതിന് മുകളിലേക്ക് വളരേണ്ട രാഷ്ട്രീയം ഈ കൊലപാതകത്തിന് ഉണ്ട്. തിരഞ്ഞെടുപ്പ് കാലത്താണ് ചെറുതും വലുതുമായ രാഷ്ട്രീയ പാര്‍ട്ടികളും, സാമുദായിക പ്രസ്ഥാനങ്ങളും തങ്ങളുടെ ജനസമ്മതിക്ക് മാര്‍ക്ക് ഇടുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ നിലപാട് കൊണ്ട് അതിനെ നിര്‍വചിക്കുമ്പോള്‍ മത,സമുദായിക പ്രസ്ഥാനങ്ങള്‍ വിശ്വാസതലത്തില്‍ നിന്നു കൊണ്ടാണ് അവരവരുടെ വലുപ്പത്തെ പ്രഖ്യാപിക്കാറ്. ഇതില്‍ അഭിമന്യുവിനെ കൊല ചെയ്ത പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ് ഡി പി ഐയും ഉണ്ട്. ഈ പ്രസ്ഥാനവുമായി ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഏതൊക്കെ തരത്തിലുള്ള അധികാര ബന്ധം ഉണ്ട് എന്ന് പരിശോധിക്കപ്പെടണം. എന്തുകൊണ്ട് ഇത്തരം അടിസ്ഥാനപരമായ രാഷ്ട്രീയ സംവാദങ്ങള്‍ ഈ നിര്‍ണായക സമയത്ത് നടക്കുന്നില്ല?

ഏറെ ഭീകരമാണ് ഹിന്ദുത്വ സംഘടനകളുടെ ഈ വിഷയത്തിലുള്ള മൗനം. പോപ്പുലര്‍ ഫ്രണ്ടിന്റെ ഇര ഹിന്ദുക്കള്‍ ആണെന്നും അങ്ങനെ ആവേണ്ടതും ഹിന്ദുത്വ ശക്തികളുടെ ആവശ്യമാണ്. ഇസ്‌ലാംവിരുദ്ധതയെ പൊതുമണ്ഡലത്തിലേക്ക് അനായാസം പ്രചരിപ്പിക്കാനുള്ള ടൂളാണ് അവര്‍ക്ക് അഭിമന്യുവിന്റെ കൊല. എന്തുകൊണ്ട് ഞങ്ങള്‍ ഇസ്‌ലാമിനെതിരെ തിരിയുന്നു എന്ന് പോപ്പുലര്‍ ഫ്രണ്ടിനെ ചൂണ്ടിക്കൊണ്ട് ഇവര്‍ പറയുമ്പോള്‍, അതേ രീതിയില്‍ തീവ്ര ഹിന്ദുത്വത്തിന്റെ ഇസ്‌ലാം ഇര വേട്ടയെ ചൂണ്ടി കാണിച്ച് ഇവരും പറയുന്നു. ഇത് കേരളത്തിലെ മതേതര ജനാധിപത്യവിശ്വാസികള്‍ക്ക് ബോധ്യപ്പെടുന്ന കാര്യമാണെങ്കില്ലും ചില ഇടങ്ങളില്‍ ഈ പ്രചാരണം അവര്‍ക്ക് ഗുണം ചെയ്യും. അതിനെതിരെയുള്ള പ്രതിരോധം കൂടിയാണ് പോപ്പുലര്‍ ഫ്രണ്ടുമായി യാതൊരു വിധ രാഷ്ട്രീയബന്ധങ്ങളും ഇല്ല എന്ന തുറന്ന പ്രഖ്യാപനങ്ങള്‍. ഇത് എത്രയും പെട്ടെന്ന് സാധ്യമാവേണ്ടതാണ്. ഇത്തരം ചിന്തയുടെ ഭാഗം തന്നെയാണ് വെമ്പായം ഗ്രാമ പഞ്ചായത്തില്‍ എസ് ഡി പി ഐ പിന്തുണയോടെ വൈസ്പ്രസിഡന്റ് സ്ഥാനം വേണ്ട എന്ന സി പി എമ്മിന്റെ നിലപാട്.

അഭിമന്യുവിന്റെ കാര്യത്തില്‍ നല്ല രീതിയിലുള്ള പോലീസ് അന്വേഷണം ഉണ്ടാവും എന്ന് തന്നെ പ്രതീക്ഷിക്കാം. അതിന് അപ്പുറത്തേക്ക് എസ് ഡി പി ഐയുമായുള്ള എല്ലാ വിധ തിരഞ്ഞെടുപ്പ് ബന്ധങ്ങളും അടവുനയങ്ങളും അവസാനിപ്പിക്കാന്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. അഭിമന്യുവിന്റെ ജാതിയും കൊന്നവരുടെ മതവും മാത്രമാവരുത് നമ്മുടെ ചര്‍ച്ചാ പരിസരം. അവിടെ അധികാര രാഷ്ട്രീയത്തിനും ഭാവിയിലുള്ള തിരഞ്ഞെടുപ്പ് ബന്ധങ്ങള്‍ക്കും വലിയ സ്ഥാനം ഉണ്ട്. അത് തിരിച്ചറിഞ്ഞ് കൊണ്ടായിരിക്കണം അഭിമന്യുവിന്റെ കൊലപാതകത്തെ തള്ളിപ്പറയല്‍.

LEAVE A REPLY

Please enter your comment!
Please enter your name here