മഴ: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നാളെ അവധി; പരീക്ഷകള്‍ മാറ്റി

Posted on: July 18, 2018 6:49 pm | Last updated: July 18, 2018 at 8:56 pm

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയില്‍ കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി നഗരസഭ, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലേയും മീനച്ചില്‍ താലൂക്കിലെ മുത്തോലി, കിടങ്ങൂര്‍ പഞ്ചായത്തുകളിലേയും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കുമാണ് അവധി.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രാഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയും മറ്റു താലൂക്കുകളില്‍ പ്രാഫഷണല്‍ കോളജുകള്‍ ഒഴികെയും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കുറവായിരുന്നെങ്കിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് കുറയാത്തതിനാലാണ് അവധി പ്രഖ്യാപിച്ചത്.

കോട്ടയം എം.ജി സര്‍വകലാശാല 19, 20 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളജ് ഒഴിയെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.