വിദേശ ഇന്ത്യന്‍ യുവ സമൂഹത്തിനായി ഭാരത് കോ ജാനിയെ ക്വിസ് മത്സരങ്ങള്‍ ഒരുക്കുന്നു

Posted on: July 18, 2018 6:19 pm | Last updated: July 18, 2018 at 6:19 pm
SHARE

ദുബൈ: ഇന്ത്യന്‍ പ്രവാസികളായ യുവ സമൂഹത്തിന് ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും കലാ മൂല്യങ്ങളും പരിചയപ്പെടുത്തുന്നതിനും ഇന്ത്യയുടെ പൂര്‍വികരായ മഹാന്മാരെ കൂടുതല്‍ അറിയുന്നതിനും ഭാരത് കോ ജാനിയെ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ഡോ. നവദീപ് സിംഗ് സൂരി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ കാറ്റഗറികളിലായി സെപ്റ്റംബര്‍ 16 മുതല്‍ 30 വരെയുള്ള തീയതികളിലാണ് ആദ്യഘട്ട മത്സരങ്ങള്‍ നടക്കുക.

ക്വിസ് മത്സരങ്ങളുടെ രണ്ടാം ഘട്ടത്തില്‍ ആദ്യ ഘട്ടത്തില്‍ ഓരോ കാറ്റഗറിയില്‍ നിന്നും വിജയികളായ മൂന്ന് പേരാണ് മത്സരിക്കുക. രണ്ടാം ഘട്ടത്തില്‍ നിന്ന് വിജയിക്കുന്നവര്‍ ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കണം. 15 മുതല്‍ 35 വരെ പ്രായമുള്ളവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാനാവസരം. അതേസമയം, രണ്ടാം ഘട്ടത്തില്‍ വിജയികളാകുന്ന ഓരോ കാറ്റഗറികളിലെയും ആദ്യത്തെ പത്തു പേരെ 15 ദിവസം നീളുന്ന ഭാരത് കോ ജാനിയെ യാത്രക്ക് ക്ഷണിക്കും. ഇതിനാവശ്യമായ വിമാന യാത്ര കൂലി, ഇന്ത്യയിലെ യാത്ര-താമസ ചിലവുകള്‍ എല്ലാം ഇന്ത്യ ഗവണ്‍മെന്റ് വഹിക്കും. ഡല്‍ഹി ആഗ്ര, ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പ്രധാന യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ സംഘം പര്യടനം നടത്തും. ഉത്തര്‍പ്രേദേശില്‍ നടക്കുന്ന യൂത്ത് പ്രവാസി ഭാരതീയ ദിവസില്‍ ഒരു ദിവസത്തെ പ്രത്യേക ശില്‍പശാലയും ഇവര്‍ക്കായി ഒരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തിലുള്ള പ്രവാസി ഇന്ത്യന്‍ യുവ സമൂഹത്തിനായി നടത്തുന്ന മത്സരങ്ങള്‍ക്ക് സെപ്റ്റംബര്‍ 15 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ഓണ്‍ലൈന്‍ പ്രാഥമിക മത്സരങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്. മത്സരാര്‍ഥികള്‍ ക്വിസില്‍ സംബന്ധിക്കുന്നതിന് അതത് രാജ്യങ്ങളിലെ എംബസിയിലോ കോണ്‍സുലേറ്റിന്റെ എത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രഥമ റൗണ്ടില്‍ ഓരോ കാറ്റഗറിയില്‍ നിന്നും വിജയികളാകുന്ന ആദ്യത്തെ മൂന്ന് പേര്‍ക്ക് സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ സമ്മാനിക്കും. ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന മൂന്ന് പേര്‍ക്ക് 2019 പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ സമ്മാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
1857വരെയുള്ള ഇന്ത്യന്‍ ചരിത്രം, സ്വാതന്ത്ര്യ സമരം, ഇന്ത്യന്‍ ഭരണഘടന, ഇന്ത്യയുടെ പൂര്‍വികരായ മഹാന്മാര്‍, ഇന്ത്യന്‍ ഭൂഘടന, ഭാഷ-സംസ്‌കാരം, പ്രകൃതി-വന്യ ജീവി, ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങള്‍ എന്നിവയെ ആസ്പദമാക്കിയാണ് ക്വിസില്‍ പ്രധാനമായും ചോദ്യങ്ങള്‍ ഉണ്ടാകുകയെന്നും അദ്ദേഹം വിശദീകരിച്ചു.