കാറ്റും മഴയും ചതിച്ചു; നൂറോളം ദേശാടന കിളികളുടെ കുഞ്ഞുങ്ങള്‍ക്ക് നടുറോഡില്‍ അന്ത്യം

Posted on: July 18, 2018 4:43 pm | Last updated: July 18, 2018 at 4:43 pm

എടപ്പാള്‍: ശക്തമായ കാറ്റിലും മഴയിലും പിടിച്ചുനില്‍ക്കാനാകാതെ ദേശാടനപക്ഷികളുടെ കൂടുങ്ങള്‍ വൃക്ഷങ്ങളില്‍ നിന്ന് നിലംപൊത്തിയതോടെ ജീവന്‍ നഷ്ടമായത് നൂറോളം കുഞ്ഞുങ്ങള്‍ക്ക്. സംസ്ഥാന പാതയോരത്ത് വളയംകുളത്തും ചങ്ങരംകുളം ടൗണിലെ വില്ലേജ് ഓഫീസ് പരിസരത്തെ മരത്തില്‍ കൂടു കൂട്ടിയിരുന്ന ദേശാടന പക്ഷികളികളുടെ കൂടുകളാണ് കാറ്റില്‍ തകര്‍ന്നുവീണത്.
കാക്ക ഇരണ്ട വിഭാഗത്തില്‍ പെട്ട പക്ഷികളുടെ കുഞ്ഞുങ്ങളാണിവ.

കാക്കകളെപ്പോലെ ഉറക്കെ കരയാന്‍ പോലും കഴിയുന്ന വിഭാഗമല്ലാത്തതിനാല്‍ നിലവിളി ആരും കേട്ടതേയില്ല. കുഞ്ഞുങ്ങളെ അക്രമിക്കാന്‍ വരുന്നവരെ കൊത്തിയോടിക്കാനും ഇവക്ക് കഴിയാറില്ല. പകുതിയിലധികവും വാഹനങ്ങള്‍ക്കടിയില്‍ പെട്ടാണ് ചത്തത്. നിലത്ത് വീണ് ജീവന് വേണ്ടി ഞരക്കം കൊളളുന്ന നിരവധി കുഞ്ഞുങ്ങള്‍ ഏത് നിമിഷവും മറ്റ് പക്ഷി മൃഗാദികളുടെ ആക്രമണത്താലോ വാഹനങ്ങള്‍ കയറിയോ ജീവന്‍ നഷ്ടമാകുന്ന നിലയിലുമാണ്.
ചിറകുകള്‍ വളര്‍ന്നുവരുന്ന നിലയിലുള്ള കുഞ്ഞുങ്ങളുടെ ദയനീയ രംഗം കാഴ്ചക്കാരുടെ നൊമ്പരംകൂടിയായി മാറുകയാണ്.