സ്‌കൂളിന്റെ കുടിവെള്ള ടാങ്കില്‍ നായ്ക്കുട്ടികള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

Posted on: July 18, 2018 4:37 pm | Last updated: July 18, 2018 at 4:37 pm
SHARE

കൊട്ടാരക്കര: പടിഞ്ഞാറ്റിന്‍കര ഗവ. യു പി സ്‌കൂളിന്റെ കുടിവെള്ള ടാങ്കില്‍ നായ്ക്കുട്ടികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ഗവ. യു പി സ്‌കൂളിലെ കുടിവെള്ള സംഭരണിയിലാണ് ഒമ്പത് നായ്ക്കുട്ടികളെ ഇന്നലെ രാവിലെ ചത്ത നിലയില്‍ കണ്ടെത്തിയത്. ജനിച്ചിട്ട് അധിക ദിവസം കഴിയാത്ത നായ്ക്കുട്ടികളാണ് ഇവയെല്ലാം. സ്‌കുളിലെ കുടിവെള്ള ടാപ്പുകളും ജലസംഭരണികളും ഇന്നലെ രാവിലെ സ്‌കൂളിലെ കായിക അധ്യാപകനും നഗരസഭാ കൗണ്‍സിലറുമായ തോമസ് പി മാത്യൂ പരിശോധിക്കുന്നതിനിടയിലാണ് ചത്ത നായ്ക്കുട്ടികളെ ടാങ്കിനുള്ളിലെ വെള്ളത്തില്‍ മുങ്ങി കിടക്കുന്ന നിലയില്‍ കണ്ടത്.

തുടര്‍ന്ന് അദ്ദേഹം സ്‌കൂളിലെ പ്രധാനധ്യാപകനായ വേണു കുമാറിനെ വിവരം അറിയിക്കുകയും പ്രധാനധ്യാപകന്‍ പോലീസില്‍ പരാതി നല്‍കുകയും മൃഗസംരക്ഷണ വകുപ്പിനെയും ആരോഗ്യ വകുപ്പിനേയും വിവരം അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ പോലീസും മൃഗസംരക്ഷണവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘവും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ജനിച്ചിട്ട് അധിക ദിവസം കഴിയാത്ത നായ്ക്കുട്ടികളെ കുടിവെള്ള ടാങ്കില്‍ മുക്കി കൊന്നതായിട്ടാണ് പ്രാഥമിക നിഗമനം. പുറത്തെടുത്ത പരിശോധിച്ച നായ്ക്കുട്ടികള്‍ക്ക് മുറിവോ ക്ഷതമോ സംഭവിച്ചിട്ടില്ല. സാമൂഹിക വിരുദ്ധരാണ് ഇതിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. കൊട്ടാരക്കര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പ് സ്‌കൂളിലെ ക്ലാസ്സ് മുറിയില്‍ മല, മൂത്ര വിസര്‍ജ്ജനം നടത്തി മലീമസമാക്കുകയും ക്ലാസ്സ് മുറി കത്തിച്ച സംഭവവും നടന്നിട്ടുണ്ട്. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും സ്‌കൂള്‍ വളപ്പില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.