സോഷ്യല്‍ മീഡിയ കാലത്തെ മാനസിക വൈകല്യങ്ങള്‍

Posted on: July 18, 2018 4:20 pm | Last updated: July 18, 2018 at 4:20 pm

വാര്‍ത്താ വ്യാപനത്തിനും ആശയ വിനിമയത്തിനും ഏറെ സഹായകമാണ് സാമൂഹിക മാധ്യമങ്ങള്‍. ഉപയോഗിക്കുന്നതിലെ എളുപ്പവും വേഗതയും ലഭ്യതയും ഉപയോക്താക്കളുടെ ആധിക്യവുമുള്ള ഇത്തരം മാധ്യമങ്ങള്‍, പുതിയ കാലത്ത് കൂടുതല്‍ സൗകര്യപ്രദമാണെന്നതില്‍ സംശയമില്ല.
വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയാ കൂട്ടായ്മകള്‍ ചെയ്യുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളും സാമൂഹിക നന്മകളും ഏറെയാണ്. പ്രത്യേക ലക്ഷ്യത്തോടെയുള്ള വാട്‌സാപ്പ് ഗ്രൂപ്പുകള്‍ തുറക്കുന്ന അറിവിന്റെ ലോകവും തൊഴില്‍ വഴികളും മറ്റ് സാധ്യതകളും വിശാലമാണ്. അഥവാ സമൂഹത്തിന്റെ ഭാഗമായ ഒരു മനുഷ്യന് മാറ്റിനിര്‍ത്താനാവാത്ത വിധം സോഷ്യല്‍ മീഡിയകള്‍ അവനെ സ്വാധീനിച്ചിരിക്കുന്നു.
എന്നാല്‍, അസത്യങ്ങളും അര്‍ധസത്യങ്ങളും സംസ്‌കാര ശൂന്യമായ ചിത്രങ്ങളും വാര്‍ത്തകളുമടങ്ങുന്ന ഷെയറിംഗ് മാനിയ തെറ്റായ പൊതു വത്കരണം (wrong generalization), ദൃശ്യപരമായ പ്രത്യാഘാതം (Visual impact) തുടങ്ങിയ അനവധി പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. അപകടങ്ങളുടെയും കൊലപാതകങ്ങളുടെയും നേര്‍ക്കാഴ്ചകളും ഒളിച്ചോട്ടത്തിന്റെയും പീഡനത്തിന്റെയും വാര്‍ത്തകളും ടോയ് ലറ്റിലും ഷൂവിലും വാഹനത്തിലും കയറിക്കൂടിയ ഇഴജന്തുക്കളുടെ ചിത്രങ്ങളും വലിയ തോതില്‍ ഷെയര്‍ ചെയ്യപ്പെടുമ്പോള്‍ മാനസികമായ പല വൈകല്യങ്ങള്‍ക്കുമത് ഹേതുവാകുന്നു. സൂക്ഷിക്കുക, ജാഗ്രത പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളോടെ കൈമാറ്റം ചെയ്യപ്പെടുന്ന ഇത്തരം മെസേജുകള്‍, ഭയം, ഉത്കണ്ഠ, മാനസിക പിരിമുറുക്കം, വിഷാദം തുടങ്ങിയ മാനസിക സംഘര്‍ഷങ്ങളാണ് ഉണ്ടാക്കുന്നത്.

ഇത്തരം രോഗങ്ങളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ചാണ് ആദ്യം വിലയിരുത്തപ്പെടേണ്ടതും. ഇന്റര്‍നെറ്റ് അഡിക്ഷന്‍ ഏതു വിധത്തില്‍ നമ്മെ കീഴ്‌പ്പെടുത്തിയിരിക്കുന്നുവെന്ന് ഇതിലൂടെ എളുപ്പം ഗ്രഹിക്കാം. സൈക്കോ അനലറ്റിക് തിയറി അനുസരിച്ച് മനസ്സിന് മൂന്ന് തലങ്ങളുണ്ട്. ബോധം, ഉപബോധം, അബോധം എന്നിങ്ങനെ ഫ്രോയിഡ് അതിനെ വര്‍ഗീകരിക്കുന്നു. ഇതില്‍ ഉപബോധ മനസ്സിന് തിരിച്ചറിയാവുന്ന ഒരേയൊരു ഭാഷ ചിത്രങ്ങളാണ്. ചിന്തകളെന്നാല്‍ തന്നെ ചിത്രങ്ങളാണല്ലോ (Mental picture). ഏതൊരു കാര്യവും നാം ആലോചിക്കുന്നത് അതിന്റെ ചിത്രരൂപങ്ങളിലൂടെയാണ്. അതുകൊണ്ട് തന്നെ നമ്മുടെ വിരല്‍ തുമ്പിലൂടെ കടന്ന് പോകുന്ന കഥകളോ വാര്‍ത്തകളോ വീഡിയോകളോ ചിത്രങ്ങളായിട്ടാണ് മനസ്സില്‍ പതിയുന്നത്. ഉപബോധമനസ്സില്‍ പതിയുന്ന നെഗറ്റീവ് ചിത്രങ്ങള്‍ സമാനമായ സന്ദര്‍ഭങ്ങളില്‍ പുറത്തേക്ക് ഉത്തേജിപ്പിക്കപ്പെടുന്നു. ഉദാഹരണത്തിന് വാഹനാപകടങ്ങളുടെ ചിത്രങ്ങള്‍ എപ്പോഴും കാണുന്ന വ്യക്തി വാഹനമോടിക്കുമ്പോള്‍, സ്വാഭാവികമായും താന്‍ കണ്ട ചിത്രങ്ങള്‍ മനസ്സിലേക്ക് കടന്ന് വരികയും മനഃസംഘഷമുണ്ടാവുകയും, തന്നെയോ മറ്റുള്ളവരെയോ അപകടത്തിലാക്കുമെന്ന അനിയന്ത്രിതമായ ചിന്തകള്‍ കടന്ന് വരികയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വാഹനം അപകടത്തില്‍ പെടാന്‍ സാധ്യതയേറെയാണ്. ഇനിയപകടത്തില്‍ പെട്ടില്ലെങ്കില്‍ തന്നെ മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന വിധത്തിലാവും ഇയാളുടെ ഡ്രൈവിംഗ്.
തന്റെ വിരല്‍തുമ്പില്‍ കിട്ടുന്നതെല്ലാം, അതിന്റെ നന്മയോ തിന്മയോ ഗൗനിക്കാതെ മറ്റിടങ്ങളിലേക്ക് തട്ടുന്ന രീതി Click whir response, എന്ന മാനസിക പ്രശ്‌നത്തിന് വഴിവെക്കുന്നു. കാണുന്നതെല്ലാം ഷെയര്‍ ചെയ്യാതിരിക്കാന്‍ കഴിയാത്ത അവസ്ഥയാണിത്. ഏതെങ്കിലുമൊരു ലിങ്ക് കാണുമ്പോഴേക്കും അതില്‍ ക്ലിക്ക് ചെയ്യാനുള്ള പ്രവണത, അത് നന്മയാണെങ്കില്‍ തന്നെയും, ക്ലിക്ക് ചെയ്ത് പോവുമ്പോള്‍ നാം പോലുമറിയാതെ മറ്റു പലയിടങ്ങളിലേക്കും വഴുതി വീഴുന്നു. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് 20 പേരിലേക്ക് ഷെയര്‍ ചെയ്താല്‍ 500 രൂപക്ക് ഒരു ആപ്പിള്‍ ഫോണ്‍ ലഭിക്കുമെന്ന മെസേജിന് മുമ്പില്‍, കേവലം അഞ്ഞൂറ് രൂപക്ക് എനിക്ക് ആപ്പിള്‍ ഫോണ്‍ കിട്ടില്ലെന്ന വിവേകം നഷ്ടപ്പെടുകയാണ്. ഡ്രൈവിംഗ് പോലെയാണ് സോഷ്യല്‍ മീഡിയ ഉപയോഗം. നാം ശ്രദ്ധിച്ചാലും മുറ്റുള്ളവരുടെ അനാസ്ഥ അപകടത്തെ വിളിച്ച് വരുത്തും. അതുകൊണ്ട് കരുതി വേണം ഉപയോഗിക്കാന്‍.
സ്വന്തത്തേക്കാള്‍ മറ്റുള്ളവരെ താക്കീതു ചെയ്യുന്നതിലാണിന്ന് പലര്‍ക്കും തിടുക്കം. അത് കൊണ്ട് തന്നെ ജാഗ്രതാ സന്ദേശങ്ങള്‍ക്കൊരു കുറവുമില്ല. ടോയ്‌ലറ്റിലും ഷൂവിലും വാഹനത്തിലും കയറിക്കൂടിയ ഇഴജന്തുക്കളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമ്പോള്‍ ഉത്കണ്ഠയുമായി ബന്ധപ്പെട്ട (Anxitey disorders) പല മാനസികരോഗങ്ങളുമുണ്ടാവുന്നു.

നേരത്തെ ഇത്തരം രോഗങ്ങളുള്ളവര്‍ക്ക് അത് തീവ്രമാവാനും ഇങ്ങനെയുള്ള ഷെയറിംഗ് കാരണമാകുന്നുവെന്നത് മനസ്സിലാക്കേണ്ടതുണ്ട്. കാരണം, ടോയ്‌ലറ്റില്‍ കയറിയ ഇഴ ജന്തുക്കളുടെ ചിത്രങ്ങള്‍ കാണുന്ന വ്യക്തി ടോയ്‌ലറ്റിലേക്ക് പോകുമ്പോള്‍ തന്നെ ഇത്തരം ചിത്രങ്ങള്‍ മനസ്സില്‍ ഉത്തേജിപ്പിക്കപ്പെടുകയും അകാരണഭയം എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന തോന്നലുണ്ടാവുകയും ഇത് മാനസിക പിരിമുറുക്കമുണ്ടാക്കുകയും ചെയ്യുന്നു. ഇനി ടോയ്‌ലറ്റിലെത്തിയാല്‍ തന്നെ, ആദ്യം താന്‍ കയറിയ ടോയ്‌ലറ്റില്‍ ഇഴജന്തുക്കളൊന്നുമില്ലെന്ന് പരിശോധിച്ചുറപ്പ് വരുത്തുന്ന Checking Compulsion എന്ന മാനസിക രോഗവും പിടികൂടുന്നു. എന്നാല്‍, ഇത്തരം ചിന്തകള്‍ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. താന്‍ ഇടപെടുന്ന മറ്റ് പല മേഖലകളിലും, യുക്തിരഹിതവും അസഹ്യവും അനാവശ്യവും അനിയന്ത്രിതവുമായ പല സംശയങ്ങളും ചിന്തകളും കടന്ന് കൂടുകയും 0CD (o-bsessive compulsive disorder) എന്ന രോഗത്തിനിരയാവുകയും ചെയ്യുന്നു. അനിയന്ത്രിതമായ ചിന്തകള്‍ അനിയന്ത്രിതമായ പ്രവര്‍ത്തികളിലേക്ക് നയിക്കുമല്ലോ. വീടിന്റെ വാതില്‍ അടച്ചോ എന്ന് വീണ്ടും വീണ്ടും ചെന്നു നോക്കുന്നതും ഗ്യാസ് ഓഫ് ചെയ്‌തെന്ന് ആവശ്യത്തിലധികം തവണ ഉറപ്പുവരുത്തേണ്ടിവരുന്നതുമൊക്കെ ഉദാഹരണം. ഏതെങ്കിലുമൊരു വിഷയത്തില്‍ മാത്രം തുടങ്ങുന്ന ഒ സിഡിയുടെ ലക്ഷണങ്ങള്‍, മറ്റു പല കാര്യങ്ങളിലേക്കും എളുപ്പം വ്യാപിക്കുമെന്നത് ഈ രോഗത്തിന്റെ പ്രധാന സവിശേഷതയാണ്. മാത്രമല്ല, ഒരു കയര്‍ കാണുമ്പോഴേക്കും പാമ്പായി തോന്നുന്ന മിഥ്യാധാരണയും താന്‍ പോകുന്നിടത്തെല്ലാം ഇഴജന്തുക്കള്‍ പതിയിരിക്കുമെന്നോ സഞ്ചരിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുമെന്നോ തുടങ്ങിയ അബദ്ധവിശ്വാസവും (delusion) ഉണ്ടാവുന്നു. സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം ഒരുതരം മതിഭ്രമം സൃഷ്ടിക്കുന്നു. ഇതിന്റെ കൂടെ ചര്‍ച്ച ചെയ്യപ്പെടേണ്ട സെല്‍ഫി ഭ്രമം അത്യധികം മാരകമായ ആത്മരതിക്കും കാരണമാകുന്നു. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ (APA) ന്യൂ ജനറേഷനെ ബാധിച്ച വിപത്തായി ഇതിനെ ഉയര്‍ത്തിക്കാട്ടുന്നു.
ധാരാളം വിഷാദ (depression) രോഗങ്ങളും സോഷ്യല്‍ മീഡിയ വഴി സൃഷ്ടിക്കപ്പെടുന്നുണ്ട്. പിതാവിന്റെ ഗുണാത്മക സമയം(quality time) ലഭ്യമാവാത്ത മക്കളും മാതാവും അനുഭവിക്കുന്ന ഏകാന്തതയും താന്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് പ്രതീക്ഷിച്ചത്ര ലൈക്ക് ലഭിക്കാത്തവന്‍ നേരിടുന്ന നിരാശയും ഇതിന്റെ പരിതിയില്‍ വരുന്നു. കൊല്ലപ്പെട്ട മകന്റെ മുമ്പില്‍ വിലപിക്കുന്ന മാതാവിന്റെ മുമ്പില്‍ മൈക്കുമായെത്തി വിശദീകരണം തേടുന്നതും ഒളിച്ചോടിയ മകളുടെ ഫോട്ടോ അതിവേഗം വ്യാപിക്കുന്നതും സൃഷ്ടിക്കുന്ന വിഷാദം ചെറുതൊന്നുമല്ല. മകള്‍ ഒളിച്ചോടിയതിനേക്കാള്‍ വേദനയായിരിക്കും, കോടതി വളപ്പിലെ തന്റെ കരച്ചില്‍, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചപ്പോള്‍ (ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചന്തം) ആ പിതാവ് അനുഭവിച്ചിട്ടുണ്ടാവുക. പലരുടെയും അഭിമാനമാണ് ഇതുവഴി നഷ്ടപ്പെടുന്നത്. മരണപ്പെട്ട മകന്‍ പരലോകം പുല്‍കിയാലും ഒളിച്ചോടിയ മകള്‍ തിരിച്ച് വന്നാലും തീരാത്ത മാനഹാനിയാണ് ഇത്തരം നെറികെട്ട ഷെയറിംഗുകള്‍ അവശേഷിപ്പിക്കുന്നത്. ഇഴജന്തുക്കള്‍ പ്രകൃതിയിലെ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. അപകടങ്ങള്‍ സ്വാഭാവികവുമാണ്. പൊതുവായ ശ്രദ്ധയും ജാഗ്രതയും എല്ലായിടത്തും അനിവാര്യം തന്നെ. അത്യാവശ്യമായ ജാഗ്രതാ നിര്‍ദേശവും മറ്റും സര്‍ക്കാറും നിയമപാലകരും നല്‍കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലെ ഓരോ ഷെയറിംഗും നിയന്ത്രിതവും കാര്യക്ഷമവുമാക്കി മാനസികാരോഗ്യം കൈവരിക്കാന്‍ എല്ലാവരും ബദ്ധശ്രദ്ധരാവുക.