അപരത്വ നിര്‍മിതിയും മുസ്‌ലിംകളും

ഒരു തീവ്രവാദത്തെ മറ്റൊരു തീവ്രവാദം കൊണ്ടു നേരിടുക പ്രത്യേകിച്ചും ഭരണകൂടാനുകൂലികള്‍ക്ക് എളുപ്പമാണ്. ട്രംപിന്റെ പുതിയ കുടിയേറ്റവിരുദ്ധ നയങ്ങള്‍ ഉദാഹരണം. യു എസ് സുപ്രീം കോടതിയും ട്രംപും ആവര്‍ത്തിച്ചു പറയുന്നത് ഈ പുതിയ നയത്തിനു കാരണം ലോക വ്യാപകമായി ശക്തിയാര്‍ജിക്കുന്ന മുസ്‌ലിം തീവ്രവാദവും അതിന്റെ ഉത്പന്നമായ വിവിധ ഭീകരപ്രസ്ഥാനങ്ങളും ആണെന്നാണ്. തങ്ങളുടെ രാജ്യത്തേക്ക് അഭയം തേടി വരുന്ന വൈറ്റ് ആംഗ്ലാസ്‌ക്‌സണ്‍ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ക്കെല്ലാം സുരക്ഷിതത്വം നല്‍കുമെന്നുറപ്പു നല്‍കുന്ന യു എസ് ഭരണകൂടം തീവ്രവാദബന്ധം ആരോപിച്ചു ലോക മുസ്‌ലിംകളെ ഒന്നാകെ ബഹിഷ്‌കരിക്കുവാനുള്ള ആഹ്വാനമാണ് നല്‍കുന്നത്. ഇടക്ക് അല്‍പ്പം ശമിച്ചിരുന്ന ഇസ്‌ലാമോഫോബിയ എന്ന വെള്ളക്കാരന്റെ രോഗം ഇതോടെ കലശലായിരിക്കു കയാണ്.
Posted on: July 18, 2018 9:50 am | Last updated: July 18, 2018 at 9:50 am

ബൊക്കാച്ച്യോയുടെ(1313-1375) ഡെക്കമെറണ്‍ കഥകള്‍ പ്രസിദ്ധമാണ്. യൂറോപ്പിന്റെ നവോത്ഥാന മാനവികതക്കടിത്തറയിട്ട ഗ്രന്ഥകാരന്മാരുടെ പട്ടികയില്‍ ഈ ഇറ്റാലിയന്‍ സാഹിത്യകാരന്‍ മുന്‍ നിരക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ഒരു കഥ. ഇറ്റലിയുടെ പ്രാന്തപ്രദേശമായ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ ഒരു യഹൂദനും ഒരു കത്തോലിക്കനും അടുത്തടുത്തു താമസിച്ചിരുന്നു. ഇരുവരും കണ്ടുമുട്ടുമ്പോഴൊക്കെ മതപരമായ വിഷയങ്ങളില്‍ തര്‍ക്കിക്കും. കത്തോലിക്കനെ യൂദമതത്തില്‍ ചേര്‍ക്കാനും യൂദനെ കത്തോലിക്കാനാക്കാനുമുള്ള ലക്ഷ്യത്തോടെ ആയിരുന്നു രണ്ടുപേരുടെയും വാദപ്രതിവാദം. സ്വന്തം മതത്തിന്റെ അടിസ്ഥാന ദൗര്‍ബല്യങ്ങളെക്കുറിച്ച് ഇരുവര്‍ക്കും ബോധ്യമുണ്ടായിരുന്നു. ഒടുവില്‍ കത്തോലിക്കാ മതത്തില്‍ ചേരാനുള്ള സുഹൃത്തിന്റെ നിര്‍ദേശം യൂദന്‍ ഗൗരവത്തില്‍ എടുക്കുകതന്നെ ചെയ്തു. കത്തോലിക്കാ മതത്തിന്റെ ആസ്ഥാന നഗരമായ റോമിനെക്കുറിച്ചു ധാരാളം കേട്ടിട്ടുള്ള ജൂതന്‍ അവിടെ പോയി കാര്യങ്ങള്‍ നേരിട്ടു കണ്ടിട്ട് മതപരിവര്‍ത്തനം ചെയ്യുന്ന കാര്യം ആലോചിക്കാം എന്ന് സുഹൃത്തിനുറപ്പുനല്‍കി. നിര്‍ദേശം കത്തോലിക്കാ സുഹൃത്തിനെ നിരാശപ്പെടുത്തി. റോമിനെക്കുറിച്ചുള്ള കേട്ടറിവിന്റെയടിസ്ഥാനത്തില്‍ കത്തോലിക്കാമതം ഉപേക്ഷിച്ചുകൊണ്ടിരുന്ന ക്രിസ്ത്യാനികള്‍ ആയിരുന്നു അക്കാലത്ത് ഇറ്റലിയിലെങ്ങും ഉള്ളത്. ആ നിലക്ക് റോമില്‍ പോയി കാര്യങ്ങള്‍ നേരിട്ടുകണ്ടറിഞ്ഞു വരുന്ന ഒരു ജൂതന്‍ ഒരു കാരണവശാലും കത്തോലിക്കനാകാന്‍ ഇടയില്ലെന്നയാള്‍ക്കുറപ്പായിരുന്നു. ഏതായാലും യൂദന്‍ തന്റെ വാക്കുപാലിച്ചു. അയാള്‍ റോം സന്ദര്‍ശിച്ചു. ജീവിച്ചിരിക്കുന്ന മാര്‍പാപ്പയുടെയും മണ്‍മറഞ്ഞ മാര്‍പാപ്പമാരുടെയും ഒക്കെ ചരിത്രം ഗ്രഹിച്ചു. കര്‍ദ്ദിനാളന്മാര്‍ പോലും പ്രഭുക്കന്മാരുടെ ഭാര്യമാരുമായി പരസ്യവ്യഭിചാരത്തില്‍ ഏര്‍പ്പെടുന്നു. വൈദികരും കന്യാസ്ത്രീകളും പോലും റോമിലെ പള്ളികളെ കാമകൂത്താട്ടങ്ങളുടെ വേദികളാക്കിയിരിക്കുന്നു. എല്ലാം നേരിട്ടുകണ്ടു. മടങ്ങിവന്ന അയാള്‍ കാര്യങ്ങളൊക്കെ സുഹൃത്തിനു വിശദീകരിച്ചു കൊടുത്ത് ഒടുവില്‍ ജൂതന്‍ പറഞ്ഞു. സ്‌നേഹിതാ, ഇതോടെ ഞാന്‍ നിങ്ങളുടെ മതത്തില്‍ ചേരാന്‍ തീരുമാനിച്ചു. കത്തോലിക്കന്‍ ഞെട്ടിപോയി ഇയാളെന്തു ഭ്രാന്താണീ പറയുന്നത്. ഇതെല്ലാം കണ്ടറിഞ്ഞ ഒരുവന്‍ എന്തിനു എങ്ങനെ കത്തോലിക്കനാകും. അയാള്‍ ഉദ്വേഗത്തോടെ സ്‌നേഹിതന്റെ മുഖത്തുനോക്കി. ഇത്രയൊക്കെ കുത്തഴിഞ്ഞ ജീവിതം ഈ സഭയുടെ നടത്തിപ്പുകാര്‍ നയിച്ചിട്ടും കഴിഞ്ഞ ഇത്രയേറെ വര്‍ഷങ്ങളായി ഈ സഭയെ വളരാന്‍ ദൈവം അനുവദിച്ചിരിക്കുന്നു. ഇതായിരുന്നു കത്തോലിക്കാ മതത്തില്‍ ചേരാന്‍ ജൂതനെ പ്രേരിപ്പിച്ച ചേതോവികാരം.

ഈ കഥ സ്വന്തം മതത്തെക്കുറിച്ച് അതിരുവിട്ട അവകാശവാദങ്ങളുന്നയിക്കുന്ന എല്ലാ മത വിഭാഗങ്ങളെയും ഒരു മതത്തിലും വിശ്വസിക്കാത്ത രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ വക്താക്കളെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. സംഘടിത പ്രസ്ഥാനങ്ങളുടെ അലമാരകളില്‍ ചില വൃത്തികെട്ട തലയോട്ടികളും എല്ലിന്‍ കഷ്ണങ്ങളും ഒക്കെ ഒളിച്ചുവെച്ചിട്ടുണ്ട്. ഇത്തരം മാലിന്യങ്ങള്‍പുറത്തെടുത്ത് അന്യോന്യം വലിച്ചെറിഞ്ഞ ഒരുവന്‍ അപരനെ കുറ്റപ്പെടുത്തുന്ന തരത്തിലേക്കാണ് നമ്മുടെ നാട്ടിലെ മതസംവാദങ്ങള്‍ അധഃപതിച്ചിരിക്കുന്നത്. ഏതൊരു പ്രസ്ഥാനത്തെയും നശിപ്പിക്കുന്നത് ആ പ്രസ്ഥാനത്തിന്റെ ശത്രുക്കളല്ല അവയുടെ മിത്രങ്ങളായി അടുത്തുകൂടുന്നവരാണെന്നാണ് ചരിത്രം നല്‍കുന്ന പാഠം. പണ്ട് വോള്‍ട്ടയര്‍ ദൈവത്തോടു ഇങ്ങനെ പ്രാര്‍ഥിക്കുകയുണ്ടായി. ‘ദൈവമേ എന്റെ ശത്രുക്കളില്‍ നിന്നു ഞാന്‍ സ്വയം രക്ഷിച്ചുകൊള്ളാം. അവിടുന്നു ദയവായി എന്റെ മിത്രങ്ങളില്‍ നിന്ന് എന്നെ രക്ഷിക്കണമേ.”

മുസ്‌ലിം അപരത്വ നിര്‍മിതിയില്‍ മുസ്‌ലിംളുടെ പങ്ക് എന്ന വിഷയം പര്യാലോചിക്കുമ്പോള്‍ എല്ലാ മുസ്‌ലിംകളും വോള്‍ട്ടയറുടെ ഈ പ്രാര്‍ഥന ശബ്ദം പുറത്തുകേള്‍പ്പിക്കാതെ ചൊല്ലി ശീലിക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു. അഭിമന്യു എന്ന ദരിദ്ര വിദ്യാര്‍ഥിയുടെ നിഷ്ഠൂരമായ കൊലപാതകമാണ് ദിവസങ്ങള്‍ പിന്നിട്ടിട്ടും മാധ്യമങ്ങള്‍ ചര്‍ച്ചചെയ്തു പോരുന്നത്. ഈ ചര്‍ച്ച ഇനിയും നീണ്ടുപോകുന്നതില്‍ അസ്വാഭാവികമായി ഒന്നും ഇല്ല. പോലീസ് എത്ര കഠിനാദ്ധ്വാനം ചെയ്തിട്ടും, കൃത്യം ചെയ്തു എന്ന് സംശയിക്കുന്നവരെ മുഴുവന്‍ കൃത്യമായി പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഒളിക്കാനും ഒളിപ്പിക്കാനും അത്രമേല്‍ കഴിവുള്ളവരാണ് കൊല ആസൂത്രണം ചെയ്തു നടപ്പില്‍ വരുത്തുന്നവര്‍. പട്ടിയെ വെട്ടികൊലപാതകം പരിശീലിക്കുന്നവര്‍, അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയവര്‍, പകല്‍ ഒരു പാര്‍ട്ടിയിലും രാത്രിമറ്റൊരു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച് മുസ്‌ലിം സമുദായത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ പാടുപെടുന്നവര്‍, കാലാവസ്ഥാമാറ്റം പോലെ സ്വന്തം പേരും സംഘടനകളുടെ പേരും ഒക്കെ മാറ്റിമാറ്റി പ്രയോഗിച്ച് അരാഷ്ട്രീയതയുടെ രാഷ്ട്രീയം വിപണനം ചെയ്യുന്നവര്‍ ഇങ്ങനെ എത്രയെത്ര വിശേഷണങ്ങള്‍ വേണമെങ്കിലും നല്‍കാവുന്ന ചില പ്രതിലോമശക്തികള്‍ തങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ ചെയ്തുപോരുന്ന നീചകൃത്യങ്ങളാണ് സമാധാനം എന്നര്‍ഥമുള്ള ഇസ്‌ലാമിന്റെ പേരില്‍ കേരളത്തില്‍ കാട്ടിക്കൂട്ടുന്നത്.

പരീക്ഷണങ്ങള്‍ ഒന്നൊന്നായി പരാജയപ്പെടുകയാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്തവരാണ് അവരുടെ അനുയായികള്‍ എന്നു സമ്മതിച്ചാല്‍ തന്നെ ഇവരെ പ്രവര്‍ത്തന സജ്ജരാക്കുന്ന റിമോട്ട് കണ്‍ട്രോളര്‍ കൈവശമുള്ള പല ബുദ്ധിജീവികളും മുതിര്‍ന്ന പത്രപ്രവര്‍ത്തകരും ഗ്രന്ഥകാരന്മാരും ഒക്കെയായവരുടെ ബുദ്ധിയും മരവിച്ചു പോയി എന്നു കരുതാനാവുകയില്ല. ശത്രു എന്താണോ ആഗ്രഹിക്കുന്നത് അതു നിറവേറ്റി അവരെ ആഹ്ലാദിപ്പിക്കുന്ന ഈ കപടബുദ്ധിജീവികളെ ദൈവം പോലും ഉപേക്ഷിച്ചു എന്നു വേണം കരുതാന്‍. കശ്മീരിലെ കത്വയിലെ പെണ്‍കുട്ടിയെ പിച്ചിചീന്തിയതില്‍ പ്രതിഷേധിക്കാന്‍ എന്ന പേരില്‍ കേരളത്തില്‍ വാട്‌സാപ്പ് സന്ദേശത്തിലൂടെ ഹര്‍ത്താല്‍ സംഘടിപ്പിച്ചതു പോലെ വെള്ളം കലക്കി മീന്‍ പിടിക്കാനുള്ള ഈ ക്ഷുദ്രശക്തികളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കൊല്ലപ്പെട്ട അഭിമന്യു.

ദേശീയ അന്തര്‍ദേശീയ തലത്തില്‍ പരിശോധിച്ചാലും ശത്രു മുദ്രകുത്തി ചൂണ്ടിക്കാണിക്കുന്നവരുടെ ഇംഗിതത്തിനൊത്താണ് ഇവര്‍ ചുവടുവെക്കുന്നത്. തീവ്രവാദികളെല്ലാം ഭീകരപ്രവര്‍ത്തകരാകണമെന്നില്ല. തീവ്രവാദം -മതമൗലികവാദം ഇതൊക്കെ അവഗണിക്കാവുന്ന പ്രതിഭാസങ്ങളാണ്. ഏതൊരു പ്രസ്ഥാനത്തിനും അവരുടെ മൗലികദര്‍ശനങ്ങള്‍ക്കു വേണ്ടി തീവ്രമായി വാദിക്കാവുന്നതേയുള്ളൂ. ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകള്‍ പോലും ഈ അര്‍ഥത്തില്‍ മൗലികവാദികളും തീവ്രവാദികളും ആണ്. പക്ഷേ ഒരു സുപ്രഭാതത്തില്‍ അവരെല്ലാം ഭീകരപ്രവര്‍ത്തകരായി മാറി മറ്റുള്ളവരെ ഭയപ്പെടുത്തി സ്വന്തം കാര്യം നേടാമെന്ന് ഭാവിച്ചാല്‍ അത് കേവലം വ്യാമോഹം മാത്രമാണ്. അക്കാലം കഴിഞ്ഞുപോയി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട സ്റ്റെയിറ്റിനെ മറ്റൊരു തരം ഭീകര പ്രവര്‍ത്തനത്തിലേക്കു തള്ളിയിടാനെ ഏതൊരു നാട്ടിലേയും ഭീകരപ്രവര്‍ത്തകര്‍ക്കു കഴിയൂ. ഇതു തിരിച്ചറിയാതെയാണ് ഇസ്‌ലാമിന്റെ പേരുപറഞ്ഞു യൂറോപ്പിലും യു എസിലും ഐ എസ് തീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നത്.
ഒരു തീവ്രവാദത്തെ മറ്റൊരു തീവ്രവാദം കൊണ്ടു നേരിടുക പ്രത്യേകിച്ചും ഭരണകൂടാനുകൂലികള്‍ക്ക് എളുപ്പമാണ്.

അമേരിക്കന്‍ പ്രസിഡന്റിന്റെ പുതിയ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ ഏറ്റവും ശക്തമായി പ്രതിഷേധിച്ചത് അമേരിക്കയിലേയും യൂറോപ്പിലേയും സാമാന്യ ജനങ്ങള്‍ തന്നെ ആയിരുന്നു. അഞ്ച് മുസ്‌ലിം രാജ്യങ്ങളെ പേരെടുത്തു പറഞ്ഞ് അവിടെ നിന്നുള്ള കുടിയേറ്റക്കാരെ മടക്കിയയക്കുക തടഞ്ഞു നിര്‍ത്തുക. ചെറിയ കുട്ടികളെപ്പോലും അമ്മമാരില്‍ നിന്നു മാറ്റി താമസിപ്പിക്കുക പോലുള്ള ട്രംപിന്റെ നയങ്ങള്‍ യു എസിലേയും യൂറോപ്പിലേയും മനുഷ്യരുടെ മനഃസാക്ഷിയെ മുറിപ്പെടുത്തുകയുണ്ടായി. വന്‍പ്രതിഷേധ കൂട്ടായ്മകള്‍ തന്നെ എല്ലാ പ്രധാന നഗരങ്ങളിലും നടന്നു. ഇതിനേറ്റ ഒരു തിരിച്ചടിയായി ട്രംപിന്റെ നയങ്ങളെ ശരിവെച്ചുകൊണ്ടുള്ള യു എസ് സുപ്രീം കോടതി വിധി. സുപ്രീം കോടതിയും ട്രംപും ആവര്‍ത്തിച്ചു പറയുന്നത് ഈ പുതിയ നയത്തിനു കാരണം ലോക വ്യാപകമായി ശക്തിയാര്‍ജിക്കുന്ന മുസ്‌ലം തീവ്രവാദവും അതിന്റെ ഉത്പന്നമായ വിവിധ ഭീകരപ്രസ്ഥാനങ്ങളും ആണെന്നാണ്. തങ്ങളുടെ രാജ്യത്തേക്ക് അഭയം തേടി വരുന്ന വൈറ്റ് ആംഗ്ലാസ്‌ക്‌സണ്‍ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ക്കെല്ലാം സുരക്ഷിതത്വം നല്‍കുമെന്നുറപ്പു നല്‍കുന്ന യു എസ് ഭരണകൂടം തീവ്രവാദബന്ധം ആരോപിച്ചു ലോക മുസ്‌ലിംകളെ ഒന്നാകെ ബഹിഷ്‌കരിക്കുവാനുള്ള ആഹ്വാനമാണ് നല്‍കുന്നത്.

ഇടക്ക് അല്‍പ്പം ശമിച്ചിരുന്ന ഇസ്‌ലാമോഫോബിയ എന്ന വെള്ളക്കാരന്റെ രോഗം ഇതോടെ കലശലായിരിക്കുകയാണ്. ഉദാരതാവാദികളായ പുരോഗമന ശക്തികളുമായി ആഗോളാടിസ്ഥാനത്തില്‍ കൈകോര്‍ത്തുകൊണ്ടു മാത്രമേ ആഗോള മുസ്‌ലിംകള്‍ക്ക് മേല്‍പ്പറഞ്ഞ ഈ ണഅടജ കൂട്ടുകെട്ടിനെ പ്രതിരോധിക്കാന്‍ കഴിയൂ.
ഇപ്പോഴത്തെ ഈ ഇസ്‌ലാമോഫോബിയയുടെ മറ്റൊരു രൂപമായിരുന്നു 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ബൂര്‍ഷ്വാസിയെ ബാധിച്ച കമ്മ്യൂണിസ്റ്റ് പേടി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യഖണ്ഡികയില്‍ കാറല്‍മാര്‍ക്‌സ് അതു കൃത്യമായി അടയാളപ്പെടുത്തി. യൂറോപ്യനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. കമ്മ്യൂണിസം എന്ന ഭൂതം. പഴയ യൂറോപ്യന്‍ ശക്തികളെല്ലാം, മാര്‍പാപ്പയും സര്‍ ചക്രവര്‍ത്തിയും ജര്‍മ്മന്‍ പോലീസ്ചാരന്മാരും എല്ലാം ഒരു പാവന സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ പാവന ശക്തികള്‍ ഇപ്പോള്‍ ഒന്നുചേര്‍ന്നിരിക്കുന്നത് ലോകഇസ്‌ലാമിനെതിരായിട്ടാണ്. മറ്റൊരു കുരിശു യുദ്ധത്തിന് തയ്യാറാകുകയാണോ എന്ന സംശയം.
യു എസിലും പശ്ചിമ യൂറോപ്പിലും തികച്ചും സമാധാനപരമായ മാര്‍ഗത്തിലൂടെ തന്നെ ഇസ്‌ലാം കാര്യമായ സ്വാധീനം ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു. അതിനിടയില്‍ എന്തിനാണീ ഭീകരപ്രവര്‍ത്തനത്തിന്റെ പല്ലും നഖവും പുറത്തെടുക്കുന്നത്? ഇസ്‌ലാമിക് പണ്ഡിതന്മാര്‍ അല്‍പ്പം തലപുകഞ്ഞാലോചിക്കേണ്ട വിഷയമാണിത്. നവംബര്‍ 2017ലെ ജഋണ റിസര്‍ച്ച് കേന്ദ്രത്തിന്റെ സര്‍വേ പ്രകാരം യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള മുസ്‌ലിം അഭയാര്‍ഥി പ്രവാഹം മറ്റെന്നത്തേതിലും അധികം വര്‍ധിച്ചിരിക്കുകയാണ്. സിറിയ ഉള്‍പ്പെടെയുള്ള മുസ്‌ലിം ഭൂരിപക്ഷരാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങളാണ് കാരണം. ഈ സ്ഥിതി തുടര്‍ന്നാല്‍ പച്ചചന്ദ്രക്കല എന്നറിയപ്പെടുന്ന മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ഭാവിയില്‍ മനുഷ്യരാശിക്കുമൊത്തമുള്ള ഒരു ഭീഷണിയായി മാറിയേക്കാമെന്ന മുന്നറിയിപ്പാണ് പല കേന്ദ്രങ്ങളും പ്രചരിപ്പിക്കുന്നത്. കാരണം പറയുന്നത് ഒളിഞ്ഞും തെളിഞ്ഞും ഇസ്‌ലാമിന്റെ പേരില്‍ ചില ക്ഷുദ്ര ശക്തികള്‍ നടത്തുന്നവിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആണ്. ഇന്ത്യയില്‍ കശ്മീര്‍ ഇവര്‍ ഒരു പരീക്ഷണ ശാലയായി ഉപയോഗിക്കുന്നു എന്ന പ്രചാരണം ശക്തമാണ് .

ഇസ്‌ലാമിലെ ജിഹാദ് എന്ന ആശയത്തിന്റെ തെറ്റായ മനസ്സിലാക്കല്‍ ഇസ്‌ലാമിന്റെ പേരിലുള്ള അക്രമ പ്രവര്‍ത്തനങ്ങളെ ഒരേ സമയം ന്യായീകരിക്കാനും അപലപിക്കാനുമുള്ള നിമിത്തമായി മാറിയിട്ടുണ്ട്. ഇസ്‌ലാമിനു അതിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ അതിക്രമപരമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന ധാരണ വെച്ചു പുലര്‍ത്തുന്നവരാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്നത്.യഥാര്‍ഥത്തില്‍ ജിഹാദ് എന്നത് അടിസ്ഥാനപരമായി ഓരോരുത്തരും അവനവനില്‍ തന്നെ രൂഢമായിരിക്കുന്ന തിന്മയുടെ അഭിരുചികള്‍ക്കെതിരെ നടത്തേണ്ട വിശുദ്ധ യുദ്ധമാണ്. സ്വന്തം പരിമിതികളേയും ദുര്‍വാസനകളേയും മറികടക്കാതെ അന്യന്റെ നേരെ വാളുകാട്ടിയും തോക്കുചൂണ്ടിയും പ്രചരിപ്പിക്കേണ്ട ഒന്നല്ല മതമെന്ന കാഴ്ചപ്പാട്.

സ്വന്തം നിലനില്‍പ്പ് അപകടത്തിലാക്കുമെന്ന അവസ്ഥയില്‍ ഇസ്‌ലാം പ്രതികൂല ശക്തികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ അനുവദിക്കുന്നുണ്ട്.
ഖുര്‍ആന്‍ അനുവദിച്ചിരിക്കുന്ന യുദ്ധം നിരപരാധികളുടെ കൈവെട്ടലോ തലവെട്ടലോ ഒറ്റക്കുത്തിന് കൊല്ലലോ ഒന്നും അല്ല. ആരെയെങ്കിലും ബലം പ്രയോഗിച്ചു മതത്തില്‍ ചേര്‍ക്കലും അല്ല. പിന്നെയോ മതപീഡനം ഉള്‍പ്പെടെ രഹസ്യവും പരസ്യവുമായി നമുക്കിടയില്‍ സജീവമായ എല്ലാ ദുഷ്‌ചെയ്തികള്‍ക്കും എതിരായ പോരാട്ടമെന്നാണ്. ഇന്നത്തെ സാഹചര്യത്തില്‍ വാളോ തോക്കോ പോലെയുള്ള പഴയ ആയുധങ്ങള്‍ അല്ല. അക്ഷരങ്ങളും കഷ്ടപ്പെടുന്നവരെ സ്വാന്തനപ്പെടുത്തലുമെന്ന നൂതന ആയുധങ്ങള്‍ കൊണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ കേരളത്തിലെ യഥാര്‍ഥ ഇസ്‌ലാമിസ്റ്റുകള്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ പാവപ്പെട്ട കുടുംബത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരാണ്.