കാലവര്‍ഷം നേരിടാന്‍ സജ്ജമാക്കണം

Posted on: July 18, 2018 9:37 am | Last updated: July 18, 2018 at 9:37 am
SHARE

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം കാലവര്‍ഷം ശുഷ്‌കമായിരുന്നു. എന്നാല്‍ സമീപകാലത്ത് കണ്ട ഏറ്റവും ഉയര്‍ന്ന മഴയാണ് കഴിഞ്ഞ ഒന്നര മാസമായി സംസ്ഥാനത്ത് വര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. അണക്കെട്ടുകളെല്ലാം ജലസമൃദ്ധമായി. തോടുകളും നദികളും നിറഞ്ഞുകവിഞ്ഞു. 1985നു ശേഷം ഇടുക്കി അണക്കെട്ടില്‍ ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണ് ഇപ്പോഴുള്ളത്. ഇന്നലെ മഴക്ക് ശക്തി കുറഞ്ഞെങ്കിലും വാരാന്ത്യത്തില്‍ ശക്തമായി തിരിച്ചുവരുമെന്നും മണിക്കൂറില്‍ 35 മുതല്‍ 60- 70 കി. മീ. വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ടെന്നും തിരമാലകള്‍ മൂന്നര മുതല്‍ 4.9 മീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നുമാണ് മുന്നറിയിപ്പ്.
തിമര്‍ത്തു പെയ്യുന്ന മഴ മൂലം 50 ദിവസത്തിനിടെ സംസ്ഥാനത്ത് മരിച്ചവരുടെ സംഖ്യ നൂറോളമായി. പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന വീടുകളുടെ എണ്ണം നൂറുകണക്കിന് വരും. നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കയാണ്. കൊച്ചിയിലുള്‍പ്പെടെ വിവിധ നഗരങ്ങളില്‍ റോഡുകളിലും ബസ്റ്റാന്‍ഡുകളിലും റെയില്‍ പാളയത്തിലും വെള്ളം കയറിയും റോഡുകള്‍ തകര്‍ന്നും മരം വീണും സിഗ്‌നല്‍ സംവിധാനം തകരാറിലായും ഗതാഗതം തടസ്സപ്പെട്ടു. പല നഗരങ്ങളിലെയും വെള്ളക്കെട്ട് രൂക്ഷമാണ്. മലയോര മേഖലകളിലെ താമസക്കാര്‍ മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.

കാലവര്‍ഷവും വരള്‍ച്ചയും മറ്റു പ്രകൃതി ദുരന്തങ്ങളും നമ്മുടെ കണക്കുകൂട്ടലുകള്‍ക്കും നിഗമനങ്ങള്‍ക്കുമപ്പുറമാണ് വന്നെത്തുന്നത്. അന്തരീക്ഷത്തിലെ താപം, ഈര്‍പ്പം, കാറ്റ് തുടങ്ങിയവയെ പറ്റിയുള്ള അറിവുകള്‍ ഉപയോഗിച്ചു അതാത് പ്രദേശത്തിനു വരാവുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു കാലാവസ്ഥ പ്രവചിക്കാറുണ്ടെങ്കിലും അത് പലപ്പോഴും തെറ്റാറുണ്ട്. വളരെ സങ്കീര്‍ണമാണ് കാലാവസ്ഥയോട് ബന്ധപ്പെട്ട ഘടകങ്ങള്‍. വിശാലമായ സമുദ്ര പ്രദേശങ്ങളില്‍ മൊത്തം ഉപഗ്രഹങ്ങള്‍ വഴി ഭൂനിലയങ്ങളിലേക്ക് വിവരങ്ങള്‍ എത്തിക്കുന്നതിനുള്ള നിരീക്ഷണ കേന്ദ്രങ്ങള്‍ രാജ്യത്ത് ഇന്നില്ല. ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രകൃതിയിലെ എല്ലാ ഘടകങ്ങളും മനസ്സിലാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് ശാസ്ത്രലോകം തന്നെ സമ്മതിക്കുന്നു. അതിനാല്‍ തന്നെ പ്രകൃതി ദുരന്തങ്ങള്‍ തടയാനോ അതിന്റെ പ്രത്യാഘാതങ്ങള്‍ തടുക്കാനോ മനുഷ്യന്‍ അശക്തനാണ്. ശാസ്ത്രം ഇനിയും എത്ര പുരോഗമിച്ചാലും ഇക്കാര്യത്തിലുള്ള മനുഷ്യ പരിമിതി പരിഹരിക്കാനാകില്ല.

എങ്കിലും നഗരവികസനത്തിലും കെട്ടിട നിര്‍മാണങ്ങളിലും മറ്റും കുറേ കൂടി ശ്രദ്ധ പതിപ്പിച്ചാല്‍ ദുരിതങ്ങള്‍ വലിയൊരളവോളം കുറക്കാന്‍ സാധിക്കും. മഴ പെയ്യുമ്പോഴേക്കും നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതിനു ഒരളവോളം കാരണം നിരത്തുകളുടെയും ബസ്സ്റ്റാന്‍ഡുകളുടെയും മറ്റും നിര്‍മാണത്തിലെ അശാസ്ത്രീയതയാണ്. തുടര്‍ച്ചയായി മഴ വര്‍ഷിക്കുന്ന വേളയില്‍ വെളളം ഒഴുകിപ്പോകാന്‍ തക്കവിധം വിശാലമല്ല മിക്കയിടങ്ങളിലും ഓവുചാലുകള്‍. ഉള്ള ഓവുചാലുകള്‍ തന്നെ മാലിന്യങ്ങള്‍ നിറഞ്ഞു കവിഞ്ഞു വെള്ളം ഒഴുകിപ്പോകാന്‍ പറ്റാത്ത അവസ്ഥയിലുമാണ്. പേമാരിയെതുടര്‍ന്ന് നഗരങ്ങളിലെ റോഡുകളില്‍ വെള്ളം കയറി മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുക പതിവാണ്.
സംസ്ഥാനത്ത് 23,000-ത്തോളം പ്രദേശങ്ങള്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതാണെന്നാണ് ശാസ്ത്രീയ പഠനത്തില്‍ കണ്ടെത്തിയത്. അത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവരും അതുവഴി യാത്രചെയ്യുന്നവരും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചു ബോധവാന്മാരാക്കുന്ന കാര്യത്തില്‍ ജില്ലാ, പ്രാദേശിക ഭരണ കൂടങ്ങള്‍ക്ക് പലപ്പോഴും അനാസ്ഥയാണ്. കേരളത്തില്‍ ഏതാണ്ട് പതിനാറായിരത്തോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ഗണ്യഭാഗവും അനധികൃതവുമാണ്. പാറ പൊട്ടിക്കുന്നതിന് ക്വാറികളില്‍ നടത്തുന്ന വന്‍സ്‌ഫോടനങ്ങളുടെ പ്രകമ്പനം മൂലം ചുറ്റുമുള്ളപ്രദേശങ്ങളിലെ മണ്ണുകള്‍ ഇളകി മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരം ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിലും കാലവര്‍ഷത്തിന്റെ വരവോടനുബന്ധിച്ചു അവിടങ്ങളെ തടയുന്നതിനുമുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുന്നതിലും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കാറില്ല. ഇപ്പോഴത്തെ പേമാരിയില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും ജീര്‍ണിച്ച വൈദ്യുതി പോസ്റ്റുകള്‍ മുറിഞ്ഞു വീണു അപകടങ്ങളും നഷ്ടങ്ങളും സംഭവിച്ചു. ജീര്‍ണിച്ച പോസ്റ്റുള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ വൈദ്യുതി ബോര്‍ഡ് ശ്രദ്ധിച്ചില്ലെങ്കില്‍ ഇതുമൂലമുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നു. ചെങ്കുത്തായ മലകള്‍ ഇടിച്ചുനിരത്തി റോഡുകളും കെട്ടിടങ്ങളും പാര്‍ക്കുകളും നിര്‍മിക്കുന്നത് മലയിടിച്ചിലിന് ഇടയാക്കുന്നതാണ്. എന്നാല്‍, അധികൃതരുടെ മൗനാനുവാദത്തോടെയും ഒത്താശയോടെയും അത്തരം നിര്‍മാണങ്ങള്‍ വ്യാപകമായി നടന്നുവരുന്നു. വികസനത്തിന്റെ പേരില്‍ നടക്കുന്ന അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരോധിക്കേണ്ടതുണ്ട്. പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് കാലവര്‍ഷത്തിന് മുമ്പായി ആരോഗ്യവകുപ്പും പ്രാദേശിക ഭരണകൂടങ്ങളും ചേര്‍ന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വര്‍ഷം തോറും നടത്തുന്നുണ്ട്. എന്നാല്‍, പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തില്‍ ബന്ധപ്പെട്ടവരില്‍ ഈ ജാഗ്രത കാണുന്നില്ല. കാലവര്‍ഷം നേരിടുന്നതിന് കേരളത്തെ സജ്ജമാക്കാന്‍ അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here