ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല 150 ന്റെ നിറവില്‍

Posted on: July 17, 2018 3:40 pm | Last updated: July 17, 2018 at 3:40 pm
SHARE

ദുബൈ: ലോക വാണിജ്യ മേഖലയില്‍ കുതിപ്പിന്റെ പ്രതീകമായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് 150ാമത് ശാഖയുടെ നിറവില്‍. നാളെ (18, ബുധന്‍) സഊദി അറേബ്യയിലെ റിയാദില്‍, യര്‍മൂക്കില്‍ അത്യാഫ് മാളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറക്കുമ്പോള്‍ യു എ ഇയില്‍ നിന്ന് പുറപ്പെട്ട, വ്യാപാരശൃംഖലാ യാഗാശ്വം സുപ്രധാന വഴിത്തിരിവിലെത്തുകയാണ്. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസുഫലി ഇന്ത്യന്‍ വൈഭവത്തിന്റെ വെന്നിക്കൊടി പാറിക്കുകയാണ്.

2.2 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് 150ാമത് വാണിജ്യ കേന്ദ്രം. സഊദിയില്‍ ലുലുവിന്റെ 13ാമത്തേത്, ഏറ്റവും വലുത്. മധ്യപൗരസ്ത്യ മേഖല, ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് നീണ്ട കുതിപ്പ് ഇനിയും തുടരുമെന്നാണ് എം എ യൂസുഫലി അറിയിച്ചിരിക്കുന്നത്. ലോകത്തു ഏറ്റവും വേഗത്തില്‍ വളരുന്ന ചില്ലറ വില്‍പന സ്ഥാപനങ്ങളിലൊന്നാണ് ലുലു. ‘മാറ്റങ്ങളുള്ള വേലിയേറ്റമുള്ള സഊദിയില്‍ വളര്‍ച്ച കൈവരിക്കാന്‍ പോയ വര്‍ഷവും കഴിഞ്ഞിട്ടുണ്ട്. ഭരണാധികാരികള്‍ക്ക് നന്ദി.

തബൂക്, ദമാം എന്നിവടങ്ങളില്‍ ഏതാനും മാസത്തിനകം പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുകയുമാണ്, എം എ യൂസുഫലി പറഞ്ഞു.
അബുദാബിയില്‍ സാധാരണ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ആരംഭിച്ച യാത്രയാണ് വ്യാപനത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. ദീര്‍ഘവീക്ഷണത്തോടെയും പതറാത്ത മനസ്സുമായിട്ടായിരുന്നു ഓരോ ചുവടു വെപ്പ്. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ നിറഞ്ഞ പിന്തുണ ആത്മ വിശ്വാസമേകി. കൂടെയുള്ളവരില്‍ മിക്കവരും കഠിനാദ്ധ്വാനം ചെയ്തു. ഒരേ മനസ്സോടെ പുതിയ ചക്രവാളങ്ങള്‍തേടി. യു എ ഇയുടെ എല്ലാ എമിറേറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളായി. സ്വന്തം സംസ്ഥാനമായ കൊച്ചിയില്‍ മാളും പഞ്ചനക്ഷത്ര ഹോട്ടലുമായി. ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി പദവി കൂടി എം എ യൂസുഫലി നേടി.

ഈ വര്‍ഷത്തെ ഫോബ്‌സ് പട്ടിക പുറത്തു വന്നപ്പോള്‍ യൂസുഫലിയുടെ ആസ്തി 500 കോടി ഡോളറിന്റേത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 32500 കോടി. ഹുറൂണ്‍ പുറത്തിറക്കിയ പട്ടികയിലും ലോകത്തെ ഏറ്റവും സമ്പന്ന മലയാളി യൂസുഫലി തന്നെ. ഇതിനിടയില്‍, ജീവ കാരുണ്യ പ്രവര്‍ത്തനത്തിലും വ്യാപൃതനായി. ആരാധനാലയങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങി കേരളത്തില്‍ യൂസുഫലിയുടെ സഹായം പലയിടങ്ങളിലും എത്തി. യൂസുഫലിയുടെ ജൈത്രയാത്ര കേരളവും ഉറ്റു നോക്കുന്നു.