ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

Posted on: July 17, 2018 11:29 am | Last updated: July 18, 2018 at 10:58 am

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമം കൊണ്ടു വരണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ സുപ്രീം കോടതി നേരത്തെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് നാല് ആഴ്ച്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു

പശുവനി#റെ ലപേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സിന് പൂനംവല നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ തന്നെ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. ഇത്തരം പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കണം.

ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്നും കോടതി ഉത്തരവിട്ടു. ആള്‍ക്കൂട്ടം ആളുകളെ കൊല്ലുമ്പോള്‍ മരവിച്ച മനസോടെ പൊതുജനം കാഴ്ചക്കാരാകുന്ന അവസ്ഥ രാജ്യത്തുണ്ട്. ഇതിന് മാറ്റം വരണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.