Connect with us

Kerala

സ്റ്റേഷനുകള്‍ സന്ദര്‍ശിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഇടക്കിടെ സന്ദര്‍ശനം നടത്താന്‍ ഉന്നത പോലീസ് ഉദ്യോസ്ഥരോട് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. റേഞ്ച് ഐ ജിമാര്‍, പോലീസ് സുപണ്ടുമാര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടക്കിടെ പോലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് കുറച്ച് സമയം അവിടെ ചെലവഴിച്ച് ജനങ്ങളുമായി ആശയ വിനിമയം നടത്തുകയും ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും പരാതികള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയും വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പോലീസ് ആസ്ഥാനത്ത് നടന്ന സംസ്ഥാനത്തെ എസ് പി മാരും ജില്ലാ പോലീസ് മേധാവിമാരും മുതലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഈ വര്‍ഷത്തെ രണ്ടാം ത്രൈമാസ ക്രൈം കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില പൊതുവേ തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി.

പോലീസ് സംവിധാനത്തില്‍ സ്റ്റേഷനുകളാണെന്നതിനാല്‍ അവയെ കൂടുതല്‍ ജനസൗഹൃദപരമാക്കുന്നതിനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കണം. ശരാശരി നിലവാരത്തിലും താഴെയുള്ള നിരവധി പോലീസ് സ്റ്റേഷനുകള്‍ സംസ്ഥാനത്തുണ്ട്. ഇത് മാറ്റിയെടുക്കാന്‍ ത്വരിത നടപടികള്‍ സ്വീകരിക്കും. സ്റ്റേഷനുകള്‍ക്ക് വാഹനങ്ങള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. ഇതോടൊപ്പം സംസ്ഥാനത്ത 100 സ്റ്റേഷനുകള്‍ സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകളാക്കും. ഇത്തരം സ്റ്റേഷന്റെ മാതൃക വികസിപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപ വീതം എ ഡി ജി പി, എസ് സി ആര്‍ ബി, എ ഡി ജി പി (ട്രെയിനിംഗ്), എ ഡി ജി പി (എച്ച് ക്യൂ) തൃശ്ശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഈ മാതൃകകള്‍ വിലയിരുത്തി ജില്ലകളില്‍ മറ്റ് സ്മാര്‍ട്ട് സ്റ്റേഷനുകള്‍ ആരംഭിക്കും. വര്‍ക്കിംഗ്് അറേഞ്ച്‌മെന്റ് നിയമനങ്ങള്‍ പരമാവധി ചുരുക്കണം. വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തിന് അനിവാര്യമായി വേണ്ട ഉദ്യോഗസ്ഥരെ മാത്രമേ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കാന്‍ അനുവദിക്കൂ. സംസ്ഥാനതലത്തില്‍ കൃത്യമായ മനുഷ്യവിഭവശേഷി വിലയിരുത്തി ആവശ്യകത അനുസരിച്ച് സേനാംഗങ്ങളെ പുനര്‍ വിന്യസിക്കും.

ട്രാഫിക് അപകടങ്ങള്‍ 20 ശതമാനം കുറക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇത് ലക്ഷ്യം കണ്ടിട്ടില്ല. ഇക്കാര്യത്തില്‍ ആലപ്പുഴ ജില്ല ശുഭയാത്ര പരിപാടി നല്ല മാതൃകയാണ്. പരിശോധനകള്‍ വാഹന യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ട് കുറക്കാന്‍ നിരീക്ഷണ ക്യാമറ ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. മൂന്നാംമുറ പോലുള്ള പ്രവണതകള്‍ തടയാന്‍ ആധുനിക ചോദ്യം ചെയ്യല്‍ മുറകള്‍ ഉപയോഗപ്പെടുത്തണം. അഴിമതി തടയുന്നതിന് പരിശോധനകള്‍ കര്‍ശനമാക്കണം. ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍ക്കെതിരെയും കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. അഴിമതി, സ്വഭാവദൂഷ്യം, ഗുരുതര കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ പിരിച്ചുവിടല്‍ അടക്കം നിയമപരമായി സാധ്യമായ വകുപ്പ്തല നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍, കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ കാണാതാകുന്ന കേസുകള്‍ വര്‍ധിച്ച് വരുന്നതിനെതിരെ ജാഗ്രത പാലിക്കണം. ഇക്കാര്യത്തില്‍ അലംഭാവം കാട്ടിയാല്‍ ശക്തമായ നടപടിയുണ്ടാകും. ഇക്കാര്യത്തില്‍ ഐ ജിമാരും ജില്ലാ പോലീസ് മേധാവിമാരും പ്രത്യേകം ശ്രദ്ധപുലര്‍ത്തണം.
എ ഡി ജി പി മാരായ ടോമിന്‍ ജെ തച്ചങ്കരി, ഡോ. ബി സന്ധ്യ, അനില്‍ കാന്ത്, എസ് ആനന്തകൃഷ്ണന്‍, ഡോ. ഷെയ്ക് ദര്‍വേഷ് സാഹിബ്, ടി കെ വിനോദ് കുമാര്‍ ഐ ജി മാരായ മനോജ് എബ്രഹാം, എം ആര്‍ അജിത ്കുമാര്‍, എസ് ശ്രീജിത്ത്, വിജയ് എസ് സാക്കറെ, ബല്‍റാം കുമാര്‍ ഉപാധ്യായ, ജി ലക്ഷ്മണ്‍, ദിനേന്ദ്ര കശ്യപ്, അശോക് യാദവ്, പി വിജയന്‍, ഡി ഐ ജി മാരായ എം പി ദിനേശ്, അനൂപ് കുരുവിള ജോണ്‍, പി പ്രകാശ്, കെ സേതുരാമന്‍, കെ പി ഫിലിപ്പ്, ഷെഫീന്‍ അഹമ്മദ് കെ, ജില്ലാ പോലീസ് മേധാവിമാര്‍, എസ് പിമാര്‍ പങ്കെടുത്തു.