വീണ്ടും ആള്‍ക്കൂട്ട മര്‍ദനം; പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Posted on: July 17, 2018 12:33 am | Last updated: July 17, 2018 at 12:33 am
SHARE

അഞ്ചല്‍: രണ്ടാഴ്ച മുമ്പ് അഞ്ചലിന് സമീപം പനയഞ്ചേരിയില്‍ വെച്ച് ആള്‍ക്കൂട്ടം തല്ലിച്ചതച്ച ഇതര സംസ്ഥാനത്തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി മാണിക് റോയി (32) ആണ് കഴിഞ്ഞ ദിവസം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പിനെ (48) പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മാസം 24ാം തീയതി വൈകുന്നേരം ഏഴോടെ പനയഞ്ചേരിയില്‍വെച്ചാണ് മാണിക് റോയിക്ക് മര്‍ദനമേല്‍ക്കുന്നത്.

സമീപത്തെ വീട്ടില്‍ നിന്ന് ഒരു കോഴിയെ വാങ്ങി താമസസ്ഥലത്തേക്ക് പോകവെ നാട്ടുകാരായ മൂന്ന് പേര്‍ മാണിക് റോയിയെ തടഞ്ഞു നിര്‍ത്തുകയും മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദിക്കുകയുമായിരുന്നു. രക്തം വാര്‍ന്ന് ബോധരഹിതനായ മാണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസത്തെ ചികിത്സക്ക് ശേഷം പുറത്തു വന്ന മാണിക് റോയി ജോലിക്ക് പോകാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം ജോലിസ്ഥലത്ത്‌വെച്ച് രാവിലെ പത്തോടെ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് മാണിക്ക് റോയിയെ സഹപ്രവര്‍ത്തകര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.

ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തലയുടെ പിന്‍ഭാഗത്തേറ്റ മുറിവില്‍ അണുബാധയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം ഇവിടെയുള്ള ബന്ധുക്കളും സഹപ്രവര്‍ത്തകരും ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here