രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍: പ്രതിപക്ഷത്ത് ധാരണ; പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തും

Posted on: July 17, 2018 12:25 am | Last updated: July 17, 2018 at 1:04 am
SHARE

ന്യൂഡല്‍ഹി: രാജ്യസഭയിലെ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പൊതു സ്ഥാനാര്‍ഥിയെ നിയോഗിക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗത്തില്‍ ധാരണ. ഈ മാസം 18ന് ആരംഭിക്കുന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് നിര്‍ണായക തീരുമാനം. അതേസമയം, പൊതുസ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ ഇന്നലെ നടന്നയോഗത്തില്‍ ചര്‍ച്ച നടന്നില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് ശേഷം മതി ഇക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ എന്നാണ് യോഗത്തില്‍ കക്ഷികള്‍ അറിയിച്ചത്. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുഖേന്ദു ശേഖര്‍ റോയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കണമെന്നാണ് ചില കക്ഷികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, സമാന ആവശ്യവുമായി എന്‍ സി പിയും രംഗത്തുണ്ട്. മത്സരിക്കുന്നത് ആരാകണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ആദ്യമായാണ് പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ചര്‍ച്ചക്ക് വരുന്നതെന്നും വിവിധ കക്ഷി നേതാക്കള്‍ വ്യക്തമാക്കി.

നിലവില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാനുള്ള ഭൂരിപക്ഷമില്ല. അതേസമയം, ഇടതുപക്ഷം ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് രാജ്യസഭയില്‍ ആകെ 117 അംഗങ്ങളാണുള്ളത്. ഉപാധ്യക്ഷനെ വിജയിപ്പിച്ചെടുക്കാന്‍ 123 സീറ്റ് വേണമെന്നിരിക്കെ ഭരണകക്ഷിയിലെ ചില അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയാല്‍ വിജയിപ്പിച്ചെടുക്കാനാകും. ബിജു ജനതാദള്‍, ടി ആര്‍ എസ്, വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്നി പാര്‍ട്ടികള്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന പി ജെ കുര്യന്റെ കാലവധി ഈ മാസം ഒന്നിന് അവസാനിച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാ നബി ആസാദിന്റെ പാര്‍ലിമെന്റ് ഹൗസിലെ ഓഫീസിലാണ് ഇന്നലെ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍, ബി എസ് പി, എസ് പി, എന്‍ സി പി, ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ള 13 പാര്‍ട്ടി പ്രതിനിധികളാണ് ഇന്നലെ യോഗത്തില്‍ പങ്കെടുത്തത്. വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷകക്ഷികള്‍ ഒരുമിച്ച് സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ഇന്നലെ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു.

മുത്വലാഖ് ബില്‍, പിന്നാക്ക വര്‍ഗ ദേശീയ കമ്മീഷന്‍ ബില്‍ ഉള്‍പ്പടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ബില്ലുകള്‍ ഈ സമ്മേളത്തില്‍ പാര്‍ലിമെന്റിലെത്താനുണ്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷ നിര ഒറ്റക്കെട്ടായി നിന്നാല്‍ സര്‍ക്കാറിന് തലവേദനയാകും. അതേസമയം, ഇരു സഭകളും നല്ല രീതിയില്‍ നടന്നുപോകുന്നതിനുള്ള കാര്യങ്ങളാണ് ഉണ്ടാവുകയെന്നാണ് പ്രതിപക്ഷ കക്ഷി നേതാക്കള്‍ പ്രതികരിച്ചത്. കഴിഞ്ഞ സമ്മേളനം ഭരണകക്ഷിയിലെ പാര്‍ട്ടികളും സര്‍ക്കാറും തന്നെയാണ് തടസ്സപ്പെടുത്തിയതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. തങ്ങള്‍ എല്ലായ്‌പ്പോഴും സമ്മേളനം നടത്തികൊണ്ടുപോകാനാണ് ആവശ്യപ്പെട്ടത്. ജനങ്ങളുടെ ആകുലതകള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.