നാല് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധി

Posted on: July 17, 2018 12:10 am | Last updated: July 17, 2018 at 11:10 am

തിരുവനന്തപുരം: മഴയും കാറ്റും ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ എറണാകുളത്ത് കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്കാണ് അവധി. തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ ചില താലൂക്കുകളിലും മലപ്പുറത്ത് നിലമ്പൂര്‍ താലൂക്കിലും സ്‌കൂളുകള്‍ക്ക് അവധി ബാധകമാകും. ഇന്നത്തെ അവധിക്ക് പകരം മറ്റൊരു അവധി ദിനത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും. തീയതി പിന്നീട് അറിയിക്കും. മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ഇന്നലെ നടത്താന്‍ നിശ്ചയിച്ച പരീക്ഷകളും മാറ്റിവെച്ചിരുന്നു.

കോട്ടയം ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുളള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണ്‍വാടികള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. എന്നാല്‍ അങ്കണ്‍വാടികളില്‍ നിന്ന് കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും നല്‍കുന്ന സമീകൃത ആഹാരവിതരണത്തിന് തടസ്സം ഉണ്ടാകാതിരിക്കാന്‍ ഐ സി ഡി എസ് പ്രത്യേക സംവിധാനം ഒരുക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ളവക്ക് അവധി പ്രഖ്യാപിച്ചപ്പോള്‍ എറണാകുളത്ത് പ്ലസ്ടു തലം വരെയുള്ള സ്‌കൂളുകള്‍ക്കാണ് അവധി. നഴ്‌സറി ക്ലാസുകള്‍, അങ്കണ്‍വാടികള്‍, സ്റ്റേറ്റ് സിലബസ്, സി ബി എസ് ഇ, ഐ സി എസ് ഇ, ഐ എസ് ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവക്കെല്ലാം അവധി ബാധകമാണ്. കോളജുകള്‍ക്കും പ്രൊഫഷനല്‍ കോളജുകള്‍ക്കും അവധിയില്ല.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ ഐ സി എസ് ഇ, സി ബി എസ് ഇ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കിലെ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചെങ്ങന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും നിലമ്പൂര്‍ താലൂക്കില്‍ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.