കാന്റെ എന്നും ഇങ്ങനെയാണ്

Posted on: July 17, 2018 9:44 am | Last updated: July 16, 2018 at 11:46 pm
SHARE

മോസ്‌കോ: ലോകകപ്പ് നേടിയതിന്റെ ആഹ്ലാദത്തില്‍ ഫ്രാന്‍സിന്റെ താരങ്ങള്‍ ഓരോരുത്തരും കപ്പുമായി ഫോട്ടോക്ക് പോസ് ചെയ്യുന്നു.
എന്നാല്‍, ഒരു താരം മാത്രം ഇതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ്. സഹതാരങ്ങളില്‍ നിന്ന് കപ്പ് പിടിച്ച് വാങ്ങി ഫോട്ടോഗ്രഫര്‍മാര്‍ക്ക് മുന്നില്‍ പുഞ്ചിരിച്ച് നില്‍ക്കാനെല്ലാം അയാള്‍ക്ക് മടിയാണ്. ഗ്രൗണ്ടിലിറങ്ങിയാല്‍ ചീറ്റപ്പുലിയെ പോലെ ഓരോ പന്തിന് നേരെയും ചാടിവീഴും. ഫ്രാന്‍സിന്റെ ഡിഫന്‍സിലേക്ക് മധ്യനിരയിലൂടെ പന്ത് കടന്നു വരണമെങ്കില്‍ ആദ്യം ഈ താരത്തെ കീഴടക്കണം.
ഫൈനലിന് ഇറങ്ങിയത് കടുത്ത വയറ് വേദനയെ വകവെക്കാതെ. ഈ താരത്തിന്റെ പേരാണ് എന്‍ഗാലോ കാന്റെ.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ പ്ലെയര്‍. ലൂഷ്‌നികി സ്റ്റേഡിയത്തില്‍ ആഘോഷങ്ങളെല്ലാം കണ്ടാസ്വദിച്ചു നിന്ന കാന്റെയെ ശ്രദ്ധിച്ചത് സഹതാരമായ സ്റ്റീവന്‍ എന്‍സോന്‍സിയാണ്. ഫൈനലില്‍ കാന്റെയുടെ പകരക്കാരനായിറങ്ങിയ താരമാണ് എന്‍സോനി.
പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനക്കെതിരെ കാന്റെയുടെ പ്രകടനം ഗംഭീരമായിരുന്നു. മെസിയെ തളച്ചത് കാന്റെയായിരുന്നു. ഫൈനലില്‍ അസുഖം കാന്റെയുടെ പ്രകടനത്തെ ബാധിച്ചിരുന്നു. പെരിസിച് നേടിയ സമനില ഗോള്‍ കാന്റെയെ വെട്ടിച്ചായിരുന്നു. സാധാരണ സംഭവിക്കാത്ത ഒന്ന്. ഡ്രസിംഗ് റൂമിലും ടീം ബസിനുള്ളിലും ഫ്രഞ്ച് താരങ്ങള്‍ വിജയാഹ്ലാദം പങ്കുവെച്ച് കാന്റെയെ കുറിച്ചുള്ള പാട്ടുകളാണ് പാടിയത്. ടീമിന് വേണ്ടി ആത്മസമര്‍പ്പണം ചെയ്യുകയും എന്നാല്‍, മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്യുന്ന കാന്റെയോട് സഹതാരങ്ങള്‍ക്കെല്ലാം വലിയ ഇഷ്ടമാണ്. കിലിയന്‍ എംബാപെയും പോള്‍ പോഗ്ബയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഉത്തമദൃഷ്ടാന്തം.