ലോകശ്രദ്ധയില്‍ ക്രൊയേഷ്യന്‍ പ്രസിഡന്റ്

Posted on: July 17, 2018 9:32 am | Last updated: July 16, 2018 at 11:34 pm
SHARE

മോസ്‌കോ: ലോകകപ്പ് ഫൈനല്‍ കാണാന്‍ ഫിഫ പ്രസിഡന്റ് ജിയോനി ഇന്‍ഫാന്റിനോയും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഉള്‍പ്പടെയുള്ള പ്രമുഖരുണ്ടായിരുന്നു. എന്നാല്‍, ലോകം ശ്രദ്ധിച്ചത് ക്രൊയേഷ്യയുടെ പ്രസിഡന്റ് കൊലിന്‍ഡ ഗ്രബര്‍-കിട്രോവിചിനെയാണ്.

ഫ്രാന്‍സ് ആദ്യ ഗോളടിച്ചപ്പോള്‍ നിരാശയായ കൊലിന്‍ഡ തന്റെ ടീം ഗോള്‍ മടക്കിയപ്പോള്‍ തുള്ളിച്ചാടി. പ്രസിഡന്റാണെന്ന് കരുതി മസില്‍ പിടിച്ചിരിക്കാനൊന്നും കൊലിന്‍ഡ തയ്യാറല്ലായിരുന്നു. വി ഐ പി ബോക്‌സില്‍ ക്രൊയേഷ്യന്‍ പ്രസിഡന്റിന്റെ മുഖഭാവങ്ങള്‍ ആയിരുന്നു കൈയ്യടി വാങ്ങിയത്. മത്സരശേഷം, തന്റെ കളിക്കാരെ ആശ്ലേഷിച്ച് ആശ്വസിപ്പിക്കാനും അവരെത്തി. ഗോള്‍ഡന്‍ബോള്‍ നേടിയ ലൂക മോഡ്രിചിന്റെ ചെവിയില്‍ ആശ്വാസവാക്കുകളെത്തിച്ച കൊലിന്‍ഡ വാത്സല്യത്തോടെ പെരുമാറുന്ന ചിത്രം വൈറലായി.

മെഡല്‍ ദാന ചടങ്ങില്‍ കനത്ത മഴയെത്തിയപ്പോള്‍ പുടിന്‍ കുടക്കുള്ളില്‍ അഭയം പ്രാപിച്ചു. കൊലിന്‍ഡ മഴ നനഞ്ഞ് ക്രൊയേഷ്യന്‍ പോരാട്ടത്തിന്റെ പ്രതീകമായി നിന്നു. സോഷ്യല്‍ മീഡിയയില്‍ പുടിന് പരിഹാസവും കൊലിന്‍ഡക്ക് കൈയ്യടിയുമാണ്. പുടിന്‍ മഴ പെയ്തപ്പോള്‍ സ്വന്തം കാര്യം ശ്രദ്ധിച്ചു. കൊലിന്‍ഡ ഇരുടീമിലെയും കളിക്കാരെ ആശ്ലേഷിച്ചത് മഴയില്‍ കുതിര്‍ന്നു കൊണ്ടായിരുന്നു. പ്രമുഖ അഭിനേത്രി ജാമി ലി കുര്‍ടിസ് ട്വീറ്റ് ചെയ്തു : പുടിന്‍ കുടയ്ക്കുള്ളിലൊളിച്ചു. സുന്ദരിയായ ക്രൊയേഷ്യന്‍ പ്രസിഡന്റും ഫ്രാന്‍സ് പ്രസിഡന്റും ലോകശ്രദ്ധ നേടി.
ഫ്രാന്‍സ് ലോകകപ്പ് നേടി, ക്രൊയേഷ്യ ലോകഹൃദയം കീഴടക്കിയെന്നാണ് മറ്റൊരു ട്വീറ്റ്.