ഇറാനുമായി വ്യാപാരത്തിലേര്‍പ്പെടുന്ന കമ്പനികള്‍ക്കും യു എസ് ഉപരോധം

    Posted on: July 17, 2018 8:38 am | Last updated: July 16, 2018 at 10:39 pm
    SHARE

    ന്യൂയോര്‍ക്ക്: ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ നിന്ന് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളെ ഒഴിവാക്കണമെന്ന ആവശ്യം അമേരിക്ക തള്ളിക്കളഞ്ഞു. യൂറോപ്യന്‍ യൂനിയന്‍ നല്‍കിയ അഭ്യര്‍ഥനയാണ് അമേരിക്ക നിരസിച്ചത്. അടുത്ത മാസം മുതല്‍ ഉപരോധം നിലവില്‍ വരുന്ന സാഹചര്യത്തിലായിരുന്നു യൂറോപ്യന്‍ യൂനിയന്റെ ഇടപെടല്‍. ഇറാനുമായി വ്യാപാരം നടത്തുന്ന കമ്പനികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്മാറിയ ശേഷമായിരുന്നു ട്രംപ് ഈ മുന്നറിയിപ്പ് നല്‍കിയിരുന്നത്. ട്രംപിന്റെ നടപടിയെ ചൊല്ലി യൂറോപ്യന്‍ യൂനിയന്‍- അമേരിക്ക ബന്ധത്തില്‍ ഇടര്‍ച്ച സംഭവിച്ചിരുന്നു.

    ഇറാനെതിരെ ശക്തമായ ഉപരോധവും സമ്മര്‍ദവും ചെലുത്തേണ്ടത് അനിവാര്യമാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂചിനും യൂറോപ്യന്‍ യൂനിയന്‍ നല്‍കിയ കത്തിന് മറുപടിയെന്ന നിലയില്‍ പ്രതികരിച്ചു. ഇറാനുമായുള്ള വ്യാപാരത്തിലൂടെ തിരിച്ചടി ഉണ്ടാകുമെന്ന ഭയത്തില്‍ ചില കമ്പനികള്‍ പിന്മാറിയിരുന്നു.
    ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയിരുന്നെങ്കിലും കരാറുമായി മുന്നോട്ടുപോകാന്‍ റഷ്യയും ചൈനയും ബ്രിട്ടനും ജര്‍മനിയും യൂറോപ്യന്‍ യൂനിയനും തീരുമാനിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുന്ന കാലത്തോളം കരാറുമായി മുന്നോട്ടുപോകുമെന്ന് ഇറാനും അറിയിച്ചിരുന്നു.