2019 പിടിക്കാനുള്ള മാധ്യമ പടയൊരുക്കങ്ങള്‍

അന്തര്‍ദേശീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്രാന്റിംഗ് ഏജന്‍സികളെയും സാങ്കേതിക വിദഗ്ധരെയും അണിനിരത്തി സര്‍ക്കാറിനെ വാനോളം പുകഴ്ത്താനും മോദിയുടെ ഇമേജ് പ്രമോട്ട് ചെയ്ത് നല്ല പേര് സമ്പാദിക്കാനുമുള്ള കോര്‍പറേറ്റ് നീക്കങ്ങള്‍ തകൃതിയായി അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം പുതിയ ഹിന്ദി ചാനല്‍ തുടങ്ങാന്‍ പോകുന്നുവെന്ന പ്രഖ്യാപനം വന്നത്. അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടി വിയുടെ ഹിന്ദി പതിപ്പ്. റിപബ്ലിക് ഹിന്ദി ചാനല്‍. വര്‍ഗീയ കലാപവും വോട്ട് അട്ടിമറിയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള നീക്കങ്ങളുമെല്ലാം 2019ലെ തിരഞ്ഞെടുപ്പിലും തുടരുമെന്ന വ്യക്തമായ സൂചനകള്‍ ബി ജെ പി നേതാക്കളില്‍ നിന്നുണ്ടായിക്കഴിഞ്ഞു. ഈയൊരു പ്രത്യേക സാഹചര്യത്തിലേക്കാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ബി ജെ പിക്ക് സമ്മാനിക്കാന്‍ എന്ന് വ്യക്തമായി പ്രഖ്യാപിച്ചുകൊണ്ട് റിപ്പബ്ലിക് ഹിന്ദി ചാനല്‍ സംപ്രേഷണം ആരംഭിക്കാനിരിക്കുന്നത്.  
Posted on: July 17, 2018 8:56 am | Last updated: July 16, 2018 at 10:01 pm

മാധ്യമങ്ങളെ വിദഗ്ധമായി ഉപയോഗപ്പെടുത്തിയാണ് 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തിലെത്തിയത്. അധികാരത്തിലേറിയതു മുതല്‍ അച്ചടി, ദൃശ്യമാധ്യമങ്ങളെയും ശ്രാവ്യ, ഓണ്‍ലൈന്‍ മീഡിയയെയും തങ്ങളുടെ രാഷ്ട്രീയലാഭത്തിനായി ഉപയോഗപ്പെടുത്താനും ബി ജെ പി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ പാര്‍ട്ടികള്‍ ശ്രദ്ധിച്ചുപോന്നു. അന്തര്‍ദേശീയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്രാന്റിംഗ് ഏജന്‍സികളെയും സാങ്കേതിക വിദഗ്ധരെയും അണിനിരത്തി സര്‍ക്കാറിനെ വാനോളം പുകഴ്ത്താനും പ്രധാന മന്ത്രി മോദിയുടെ ഇമേജ് പ്രമോട്ട് ചെയ്ത് നല്ല പേര് സമ്പാദിക്കാനുമുള്ള കോര്‍പറേറ്റ് നീക്കങ്ങള്‍ തകൃതിയായി അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഒരു പുതിയ ഹിന്ദി ചാനല്‍ തുടങ്ങാന്‍ പോകുന്നുവെന്ന പ്രഖ്യാപനം വന്നത്. അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടി വിയുടെ ഹിന്ദി പതിപ്പ്. റിപബ്ലിക് ഹിന്ദി ചാനല്‍. ഒരു മുഴുസമയ വാര്‍ത്താ ചാനല്‍.
ഡല്‍ഹിയിലെ ഗുഡ്ഗാവിലുള്ള ക്ലൈന്‍ അസോസിയേറ്റ്‌സ് എന്ന ബ്രാന്റിംഗ് ഏജന്‍സി റിപ്പബ്ലിക് ഹിന്ദി ചാനലിന് ആവശ്യമായ നിക്ഷേപകരെ കണ്ടെത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കുലേറ്റ് ചെയ്തുകഴിഞ്ഞു. ഇതേ ഏജന്‍സിയാണ് നിലവിലുള്ള റിപ്പബ്ലിക് ടി വിയുടെ നിക്ഷേപകരെ കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനായ അര്‍നബ് ഗോസ്വാമിയുടെ നേതൃത്വത്തിലാണ് ഹിന്ദി ചാനലിന്റെ പിറവിയെന്നും അതുകൊണ്ടുതന്നെ വലിയ ലാഭമാണ് നിക്ഷേപകര്‍ക്ക് ലഭിക്കാന്‍ പോകുന്നതെന്നും സര്‍ക്കുലര്‍ വിശദീകരിക്കുന്നു. മറ്റേതൊരു ഇന്ത്യന്‍ ചാനലിനേക്കാളും റിപ്പബ്ലിക് ഇംഗ്ലീഷ് ചാനല്‍ ദേശീയമാധ്യമ രംഗത്ത് കൈവരിച്ച സാമ്പത്തിക നേട്ടങ്ങള്‍ വിശദീകരിക്കുന്ന സര്‍ക്കുലറില്‍, 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള രാജ്യത്തെ ഏറ്റവും വലിയ ഹിന്ദി ചാനലാണ് ഉടന്‍ സംപ്രേക്ഷണം ആരംഭിക്കാന്‍ പോകുന്നതെന്നും വിശദമാക്കുന്നു.

ഒരു ഹിന്ദി ചാനലില്‍ എന്തിരിക്കുന്നു എന്ന ചോദ്യം അപ്രസക്തമാകുന്നത് അര്‍നബ് ഗോസ്വാമിയാണ് അത് നിയന്ത്രിക്കുന്നത് എന്നറിയുമ്പോഴാണ്. നരേന്ദ്ര മോദി എന്ന പ്രാദേശിക രാഷ്ട്രീയ നേതാവിനെ സൂപ്പര്‍മാനാക്കാന്‍ അര്‍നബ് ഗോസ്വാമിയോളം പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകന്‍ ഇല്ല എന്ന് തന്നെ പറയാം. ആര്‍ എസ് എസ് രാജ്യത്തുടനീളം നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ഓരോ അജന്‍ഡയും ചര്‍ച്ചയാക്കുകയും രാജ്യത്തെ മധ്യവര്‍ഗ ടി വി പ്രേക്ഷകരെ ആ വഴിക്ക് ചിന്തിപ്പിക്കാന്‍ ഉറക്കൊഴിക്കുകയും ചെയ്തു അദ്ദേഹം. ഒരുപക്ഷേ, തന്റെ സൂപ്പര്‍മാന്‍ ഇമേജ് സൃഷ്ടിക്കാന്‍ ഏല്‍പ്പിച്ച അന്താരാഷ്ട്ര പബ്ലിക് റിലേഷന്‍ കമ്പനികളെക്കാള്‍ അര്‍നബ് ഗോസ്വാമി രൂപപ്പെടുത്തിയ പൊതുജനാഭിപ്രായവും പ്ലാറ്റ്‌ഫോമും ആണ് നരേന്ദ്ര മോദിക്ക് കൂടുതല്‍ സഹായകമായിട്ടുണ്ടാവുക. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രചാരണങ്ങളിലും അര്‍നബ് വഹിച്ച പങ്ക് ഏറെ വലുതായിരുന്നു. ഈ ലക്ഷ്യത്തിനായി വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാനും കൃത്രിമ വിവരങ്ങള്‍ സര്‍ക്കുലേറ്റ് ചെയ്യാനും അര്‍നബിന് മടിയുണ്ടായിരുന്നില്ല. നേരത്തേയുണ്ടായിരുന്ന ടൈംസ് നൗവിലും ഇപ്പോഴുള്ള റിപ്പബ്ലിക് ടി വിയിലും ഈ മോദി സ്തുതിപാഠകന് വലിയ മാറ്റങ്ങളുണ്ടായിരുന്നില്ല. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി അര്‍ണബിന്റെ റിപ്പബ്ലിക് ചാനല്‍ അവതരിക്കുകയും ബി ജെ പിക്ക് വോട്ടുനേടിക്കൊടുക്കുകയും ചെയ്തു. റിപ്പബ്ലിക് ചാനല്‍ ഉടമകളായ എ ആര്‍ജി ഔട്ട്‌ലിയര്‍ മീഡിയ ഏഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡിലെ പ്രധാന നിക്ഷേപകന്‍ കര്‍ണാടകയില്‍ നിന്നുള്ള ബി ജെ പി. എം പി രാജീവ് ചന്ദ്രശേഖറാണ്. 30 കോടി രൂപയാണ്, അമിത് ഷായുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടിയ രാജീവ് ചന്ദ്രശേഖര്‍ അര്‍നബിന്റെ ചാനലിന് വേണ്ടി മുടക്കിയത്. റിപ്പബ്ലിക് ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയതു മുതല്‍ ബി ജെ പി-ആര്‍ എസ്എസ് അജന്‍ഡകള്‍ നടപ്പിലാക്കാനും ചര്‍ച്ച ചെയ്യാനുമാണ് അര്‍ണബ് ഓരോ ദിവസവും വാര്‍ത്താറൂമിലെത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് മഹാഭൂരിപക്ഷം സാധാരണക്കാരും ഹിന്ദി സംസാരിക്കുന്ന ഒരു രാജ്യത്ത് തീവ്രഹിന്ദുത്വവും വര്‍ഗീയ ധ്രുവീകരണവും ലക്ഷ്യം വെച്ച് 2019 പിടിക്കാന്‍ ഒരു ഹിന്ദി ചാനല്‍ അവതരിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വീക്ഷിക്കുന്ന ഇംഗ്ലീഷ് ചാനലാണ് റിപ്പബ്ലിക് ടി വി എന്നാണ് പറയുന്നത്. അതേസമയം, ഹിന്ദി ചാനല്‍ കാണുന്ന പ്രേക്ഷകരുടെ കണക്ക് പരിശോധിക്കുമ്പോള്‍ റിപ്പബ്ലിക് ഇംഗ്ലീഷ് ചാനലിന്റെ പ്രേക്ഷകര്‍ എത്രയോ ചെറുതാണ്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഈ ആഴ്ച പുറത്തുവിട്ട പഠനമനുസരിച്ച്- ഇത്തരം കണക്കുകള്‍ റിപ്പബ്ലിക് ചാനലിന് വ്യാജ റേറ്റിംഗ് നേടിക്കൊടുക്കുന്നുണ്ടെന്ന വിവാദം നേരത്തേയുണ്ടായിരുന്നു- ഇന്ത്യയില്‍ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ റിപ്പബ്ലിക്കിന് തന്നെയാണുള്ളത്. ഒരു ദിവസം രാത്രി റിപ്പബ്ലിക് ചാനല്‍ ഇന്ത്യയിലെ ഒരാള്‍ കാണുന്നുണ്ടെങ്കില്‍ ആജ് തക് എന്ന ഹിന്ദി ചാനല്‍ 122 പേര്‍ കാണുന്നുണ്ട്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മറവില്‍ ഈ മാര്‍ക്കറ്റാണ് അര്‍നബ് ലക്ഷ്യം വെക്കുന്നത്. ദേശീയ രംഗത്ത് സജീവമായുള്ള ഏറ്റവും ജനപ്രിയ ഹിന്ദി ചാനലുകള്‍ അര്‍നബിന്റെ റിപ്പബ്ലിക്കിനേക്കാള്‍ 250 കോടി അധികവരുമാനമാണ് ഒരു വര്‍ഷത്തിനുള്ളില്‍ നേടുന്നത് എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. ഇതു മുന്നില്‍ കണ്ടാണ് തങ്ങളുടെ ഹിന്ദി ചാനലിന്റെ അനന്തമായ സാമ്പത്തികനേട്ടങ്ങള്‍ റിപ്പബ്ലിക് നിക്ഷേപകരോട് ഇപ്പോള്‍ എണ്ണിപ്പറയുന്നത്. ഹിന്ദി ചാനലിന്റെ ഫണ്ട് റൈസിംഗ് മാന്വല്‍ ഊന്നിപ്പറയുന്ന പ്രധാന പ്രത്യേകത ഇങ്ങനെ: ‘പുറത്തു നിന്നുള്ള രാഷ്ട്രീയ ഇടപെടല്‍ ഇപ്പോള്‍ മാധ്യമസ്ഥാപനങ്ങളില്‍ സാധാരണയാണല്ലോ. അത്തരം വിഷയങ്ങളൊന്നും ചാനലിന്റെ സാമ്പത്തിക കാര്യങ്ങളെയോ നിക്ഷേപകരെയോ ബാധിക്കില്ല. പണമിറക്കുന്നവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അര്‍നബ് ഗോസ്വാമിയുമായി പ്രത്യേക മീറ്റിംഗും ഏര്‍പ്പാടാക്കാവുന്നതാണ്’.

അപ്പോള്‍ എല്ലാം പറഞ്ഞുറപ്പിച്ചുള്ള പുറപ്പാടാണ്. റിപ്പബ്ലിക് മാനേജ്‌മെന്റ് തീരുമാനിക്കുന്ന ഉള്ളടക്കവും അവതരണവും തന്നെയായിരിക്കും പുതിയ ചാനലിനും ഉണ്ടാവുക. ക്ലൈന്റ് അസോസിയേറ്റ്‌സിന്റെ വൈസ് പ്രസിഡന്റ് നീന പുരി നാഗ്പാലാണ് നിക്ഷേപകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. അര്‍നബിന്റെ രാഷ്ട്രീയം ദേശീയ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതാണ്. നിറഞ്ഞു നില്‍ക്കുന്ന മുസ്‌ലിംവിരുദ്ധത, വര്‍ഗീയ ധ്രുവീകരണം, രാജ്യസ്‌നേഹം, കശ്മീര്‍, തീവ്രവാദം, മുസ്‌ലിം സ്ത്രീ, ന്യൂനപക്ഷ പ്രീണനം, പാക്കിസ്ഥാന്‍ തുടങ്ങിയ സൂക്ഷ്മസംവേദന ക്ഷമതയുള്ള വിഷയങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് വാര്‍ത്തയാക്കുകയും ചര്‍ച്ചയാക്കുകയും ചെയ്യുന്നതിന് അര്‍നബ് ഗോസ്വാമിക്ക് പുതിയ ഹിന്ദി ചാനല്‍ വേദി കൂടി കിട്ടുകയാണ്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എം പി ശശി തരൂര്‍ ‘ഹിന്ദു പാക്കിസ്ഥാന്‍’ പ്രയോഗം നടത്തിയപ്പോള്‍, അത് ദേശവിരുദ്ധമാക്കാന്‍ വേണ്ടി ചാനലിലെ ഒരു ദിവസത്തെ മുഴുവന്‍ പരിപാടികളും മാറ്റിവെച്ചാണ് അര്‍നബ് ഗോസ്വാമി റിപ്പബ്ലിക്കിന്റെ ന്യൂസ് റൂമിലിരുന്ന് അലറി വിളിച്ചത്. കേരളത്തെ ഭീകരരുടെ താവളമാണെന്നും ഐ എസ് കേന്ദ്രമാണെന്നുമുള്ള ആരോപണങ്ങള്‍ ഇപ്പോഴും ഈ ചാനല്‍ ഇടക്കിടെ നടത്താറുണ്ട്. മൂന്ന് ഖാന്മാരായ മുസ്‌ലിംകള്‍ ബോളിവുഡ് സിനിമാലോകം കൈയിലൊതുക്കി വെച്ചിരിക്കുകയാണെന്നും ഇത് അനുവദിക്കരുതെന്നും നേരത്തേ ടൈംസ് നൗവിലുണ്ടായിരുന്നപ്പോള്‍ ഗോസ്വാമി വാര്‍ത്താ മുറികളില്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. വ്യാജ വീഡിയോകളും വാര്‍ത്തകളും അര്‍നബിന്റെ ചാനലില്‍ നിറഞ്ഞു. കശ്മീരില്‍ ഒരു പെണ്‍കുട്ടി പീഡനത്തിനിരയായപ്പോള്‍, സാധാരണ ചാനലുകള്‍ ചെയ്യുന്നത് പോലെ ഇരയുടെ ബ്ലര്‍ ചെയ്ത മുഖം പ്രദര്‍ശിപ്പിക്കാന്‍ ഈ മുഖ്യപത്രാധിപര്‍ സമ്മതിച്ചില്ല. പ്രേക്ഷകര്‍ക്ക് അത് കാണാന്‍ താത്പര്യമുണ്ടാകില്ല എന്ന് പറഞ്ഞ് ആ പെണ്‍കുട്ടിയുടെ മുഖം പ്രദര്‍ശിപ്പിക്കുന്ന വീഡിയോ പ്രക്ഷേപണം ചെയ്യാന്‍ എഡിറ്റിംഗ് റൂമില്‍ അര്‍നബ് നേരിട്ടെത്തി. മുംബൈ സ്‌ഫോടനത്തില്‍ പിടിക്കപ്പെട്ട അജ്മല്‍ കസബ് ക്ഷമാപണം നടത്തുന്ന വീഡിയോ മറ്റേതു ചാനലിനു ലഭിക്കുന്നതിനും മുമ്പേ, ടൈംസിന് ലഭിച്ചിരുന്നു. പക്ഷേ, അത് കാണുന്നവര്‍ക്ക് കസബിനോട്് സഹതാപം ഉണ്ടാവുമെന്ന് പറഞ്ഞ് അര്‍നബ് അത് തന്റെ ചാനലിലൂടെ കാണിച്ചില്ല. ഐ എസിലേക്ക് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് നടക്കുന്നു എന്ന വ്യാജവാര്‍ത്ത നിര്‍മിക്കുകയും അതിന് പിന്തുണ നല്‍കുന്ന വീഡിയോയായി വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഡല്‍ഹി ബട്ട്‌ല ഹൗസ് ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്ത ചീഫ് എഡിറ്ററാണ് അര്‍നബ്. റിപ്പബ്ലിക് ആരംഭിച്ചതിന് ശേഷം അതിഭീകരമായ രീതിയിലാണ് വസ്തുതാവിരുദ്ധമായ വാര്‍ത്തകളുമായി അര്‍നബ് ഓരോ ദിവസവും ന്യൂസ് റൂമിലെത്തുന്നത്.

പ്രാദേശിക, ദേശീയ രംഗത്തെ ബഹുഭൂരിപക്ഷം മാധ്യമ സ്ഥാപനങ്ങളിലും വ്യക്തമായ നിയന്ത്രണമോ ഉടമസ്ഥാവകാശമോ സ്വാധീനമോ സംഘ്പരിവാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട് എന്നത് ഇന്നൊരു രഹസ്യമേയല്ല. സമീപകാലത്തായി വിവിധ ദേശീയ മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് പടിയിറങ്ങിയവരുടെയും പുറത്താക്കപ്പെട്ടവരുടെയും അനുഭവങ്ങള്‍ ഇതിന് തെളിവാണ്. പല പത്രാധിപരും അത് പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈയൊരു സാഹചര്യം നിലനില്‍ക്കവേയാണ് സാധാരണക്കാരുടെ ഭാഷയായ ഹിന്ദി സംസാരിക്കുന്ന ബി ജെ പി സ്തുതിയുമായി പുതിയ ചാനലെത്തുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തങ്ങള്‍ എങ്ങനെയാണ് നേരിടാന്‍ പോകുന്നതെന്ന് കഴിഞ്ഞ ദിവസം നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ അസംഗഡില്‍ നടത്തിയ പ്രസംഗത്തിലും അമിത് ഷാ ഹൈദരാബാദില്‍ നടത്തിയ പ്രസംഗത്തിലും വ്യക്തമാണ്. വര്‍ഗീയ കലാപവും വോട്ട് അട്ടിമറിയും മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ചുള്ള നീക്കങ്ങളുമെല്ലാം ഇനിയും തുടരുമെന്ന വ്യക്തമായ സൂചനകള്‍ ബി ജെ പി നേതാക്കളില്‍ നിന്നുണ്ടാകുന്ന ഒരു പ്രത്യേക സാഹചര്യത്തിലേക്കാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ബി ജെ പിക്ക് സമ്മാനിക്കാന്‍ എന്ന് വ്യക്തമായി പ്രഖ്യാപിച്ചുകൊണ്ട് റിപ്പബ്ലിക് ഹിന്ദി ചാനല്‍ സംപ്രേഷണം ആരംഭിക്കാനിരിക്കുന്നത്.