Connect with us

Kerala

ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം: തരൂരിന്റെ ഓഫീസില്‍ കരി ഓയില്‍ പ്രയോഗം; പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി തരൂര്‍

Published

|

Last Updated

തിരുവനന്തപുരം: ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം നടത്തിയ ശശി തരൂര്‍ എം പിയുടെ ഓഫീസിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. തിരുവനന്തപുരം സര്‍ക്കാര്‍ പ്രസ് റോഡിലുള്ള തരൂരിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓഫീസിന്റെ കവാടത്തില്‍ റീത്ത് വെക്കുകയും ചെയ്തു. വിവാദ പരാമര്‍ശത്തില്‍ തരൂര്‍ മാപ്പ് പറഞ്ഞ് ഇന്ത്യവിട്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് കരിഓയില്‍ ഒഴിച്ച് പ്രതിഷേധം നടത്തിയത്.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെയിരുന്നു സംഭവം. വിവാദ പരാമര്‍ശം നടത്തിയ തരൂര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിന്റെ കവാടത്തില്‍ കരിഓയില്‍ ഒഴിക്കുകയും റീത്ത് വെക്കുകയുമായിരുന്നു. ഓഫീസിന് മുന്നില്‍ പാകിസ്ഥാന്‍ ഓഫീസ് എന്ന ഫഌക്‌സും സ്ഥാപിച്ചു. ഓഫീസിലുള്ളവര്‍ വിവരം അറിയിച്ചത് അനുസരിച്ച് പോലീസെത്തി യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച് നരേന്ദ്ര മോദിയുടെ കോലവുമായി തരൂരിന്റെ ഓഫീസിന് മുന്നില്‍ നിന്ന് സെക്രട്ടേറിയറ്റിനടുത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തുടര്‍ന്ന് മോദിയുടെ കോലം കത്തിച്ചു.

അതിനിടെ, ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി തരൂര്‍ അറിയിച്ചു. പ്രതികരിക്കേണ്ട രീതി ഇങ്ങനെയല്ല; അഭിപ്രായം പറയുന്നവരുടെ വായ മൂടിക്കെട്ടാനാണ് ശ്രമം നടക്കുന്നത്. ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ല- ശശി തരൂര്‍ പ്രതികരിച്ചു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ശശി തരൂരിന് പിന്തുണയുമായി രംഗത്തെത്തി. കരിഓയില്‍ പ്രയോഗം തികഞ്ഞ ഫാസിസമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അങ്ങേയറ്റം കിരാതമായ നടപടിയാണിതെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. ബി ജെ പിയുടെ മുഖമുദ്രയായ ഫാസിസ്റ്റ് മുഖമാണ് ഒരിക്കല്‍ കൂടി പുറത്ത് വന്നിരിക്കുന്നതെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലായ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമായിട്ടേ ബി ജെ പിയുടെ അതിക്രമത്തെ കാണാന്‍ കഴിയൂവെന്നും അദ്ദേഹം പ്രതികരിച്ചു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകുമെന്നായിരുന്നു ശശി തരൂര്‍ എം പിയുടെ പ്രസ്താവന. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതാനാണ് ബി ജെ പി നീക്കമെന്നും അങ്ങനെ സംഭവിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടമില്ലാത്ത ഒരു ഹിന്ദു പാക്കിസ്ഥാനായി ഇന്ത്യ മാറുമെന്നും തരൂര്‍ പറഞ്ഞിരുന്നു. ഇതായിരുന്നു വിവാദങ്ങളിലേക്ക് നയിച്ചത്.