സമൂഹമാധ്യമത്തിലൂടെ അശ്ലീല വീഡിയോ അയച്ച യുവാവ് പിടിയില്‍

Posted on: July 16, 2018 11:14 pm | Last updated: July 16, 2018 at 11:14 pm
SHARE

നിലമ്പൂര്‍: സമൂഹമാധ്യമത്തിലൂടെ യുവതിക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് പിടിയില്‍. പൂക്കോട്ടുംപാടം സ്വദേശിനിയായ യുവതിക്ക് വാട്‌സ്ആപ്പിലൂടെ നിരന്തരം അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ചു ശല്യം ചെയ്തയാളെ പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടുകയായിരുന്നു.

തിരുവനന്തപുരം കുന്നത്തുക്കല്‍ സ്വദേശി മൈപറമ്പില്‍ പുത്തന്‍വീട് സജുകുമാര്‍(38) എന്നയാളെയാണ് പൂക്കോട്ടുംപാടം എസ് ഐ. പി വിഷ്ണു അറസ്റ്റ് ചെയ്തത്. യുവതിയുടെ പിതാവിന്റെ കൂടെ കുറച്ചു കാലം ജോലി ചെയ്തിരുന്ന പ്രതി യുവതിയുടെ മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കി നിരന്തരം അശ്ലീല വീഡിയോകളും, സന്ദേശങ്ങളും അയക്കുകയായിരുന്നു.

യുവതിയുടെ പരാതി പ്രകാരം ഐ ടി ആക്ട് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് മറ്റൊരു മൊബൈല്‍ നമ്പറില്‍ നിന്നും യുവാവുമായി ചാറ്റിംഗ് തുടരുകയും യുവതിയെ കാണാനായി ട്രെയിന്‍ മാര്‍ഗം നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതിയെ മഫ്തിയില്‍ കാത്തുനിന്ന പോലീസ് പിടികൂടുകയുമായിരുന്നു. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സി പി ഒമാരായ ഇ ജി പ്രദീപ്, ടി നിബിന്‍ദാസ്, അഭിലാഷ് കൈപ്പിനി, അനീറ്റ് ജോസഫ്, ആര്‍ പി പങ്കജം സംഘത്തിലുണ്ടായിരുന്നു.