Connect with us

International

റഷ്യക്കും യു എസിനും ഇടയില്‍ അസാധാരണ ബന്ധമെന്ന് ട്രംപ്

Published

|

Last Updated

ഹെല്‍സിന്‍കി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ഫിന്‍ലാന്‍ഡില്‍ കൂടിക്കാഴ്ച നടത്തി. രണ്ട് മണിക്കൂര്‍ ഇരുവരും അടച്ചിട്ട റൂമില്‍ സംഭാഷണത്തിലേര്‍പ്പെട്ടു. ഭാവിയില്‍ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും ചര്‍ച്ച ചെയ്ത മുഴുവന്‍ കാര്യങ്ങള്‍ക്കും ഘട്ടംഘട്ടമായി പരിഹാരം കണ്ടെത്തുമെന്നും കൂടിക്കാഴ്ചക്ക് ശേഷമുള്ള സംയുക്ത പത്രസമ്മേളനത്തിനിടെ ട്രംപ് വ്യക്തമാക്കി. അനന്യസാധാരണമായ ബന്ധമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രതീക്ഷിക്കുന്നത്. യു എസ് തിരഞ്ഞെടുപ്പില്‍ ഇടപെട്ട നടപടിയെ കുറിച്ച് പുടിനുമായി സംസാരിച്ചെന്നും എന്നാല്‍ പരസ്യമായി റഷ്യയെ വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും ട്രംപ് പറഞ്ഞു.

തുറന്നുപറയുകയാണെങ്കില്‍ അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം നല്ലരീതിയിലായിരുന്നില്ല. എന്നാല്‍ ലോകം ഈ രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ഊഷ്മളമാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയുമായുള്ള ബന്ധം നിലനിര്‍ത്തിപ്പോരുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന ആളാണ്. ഇതിന്റെ ഭാഗമായി അദ്ദേഹം തന്നെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നുണ്ട്. അതുപോലെ അന്താരാഷ്ട്ര പരിപാടികളില്‍ വെച്ച് കണ്ടുമുട്ടുകയും ചെയ്യാറുണ്ട്. അതേസമയം, നിരവധി അന്താരാഷ്ട്ര പ്രശ്‌നങ്ങളും പ്രാധാന്യമേറിയ കാര്യങ്ങളും നേരിട്ട് ചര്‍ച്ച ചെയ്യുന്നതിന് ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ക്ക് സമയം ഇപ്പോള്‍ യോജിച്ചുവന്നെന്നും ഇതൊരു തുടക്കമാണെന്നും കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും പുടിന്‍ പ്രതികരിച്ചു.

ഫിന്‍ലാന്‍ഡ് തലസ്ഥാനമായ ഹെല്‍സിന്‍കിയില്‍ ഉച്ചകോടി ആരംഭിക്കാന്‍ അല്‍പം താമസിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ എത്താന്‍ വൈകിയതാണ് കൂടിക്കാഴ്ച തുടങ്ങാന്‍ താമസിച്ചത്. എന്നാല്‍, പുടിന്‍ എത്തുന്നത് വരെ ട്രംപ് അദ്ദേഹത്തെ കാത്തിരിക്കുകയും ചെയ്തു. പോപ്പിനെയും ബ്രിട്ടീഷ് രാജകുമാരിയെയും ഉള്‍പ്പടെ നിരവധി പേരെ കാണേണ്ടിയിരുന്നതിനാലാണ് പുടിന്‍ വൈകിയതെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു.