Connect with us

International

ഗ്രാമീണനെ മുതല കൊന്നു; ക്രുദ്ധരായ ജനക്കൂട്ടം 300ഓളം മുതലകളെ കൊന്നൊടുക്കി

Published

|

Last Updated

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ പാപുവയില്‍ ഗ്രാമീണര്‍ 300ഓളം മുതലകളെ കൂട്ടത്തോടെ കൊന്നൊടുക്കി. ഈ പ്രദേശത്ത് കഴിഞ്ഞ ദിവസം ഒരു ഗ്രാമീണന്‍ മുതലകളുടെ ആക്രമണത്തില്‍ മരിച്ചിരുന്നു. ഇതിനോടുള്ള പ്രതികാരമെന്ന നിലയിലാണ് സംരക്ഷണ കേന്ദ്രത്തിലെ 292 മുതലകളെ ഗ്രാമീണര്‍ വകവരുത്തിയത്.

മുതലകളെ കൊന്നൊടുക്കിയ ഗ്രാമീണരുടെ പ്രവൃത്തി തടയാനായില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു. സംരക്ഷിത വിഭാഗമായി കണക്കാക്കപ്പെടുന്ന മുതലകളെ കൊല്ലുന്നത് ഇന്തോനേഷ്യന്‍ നിയമമനുസരിച്ച് ക്രിമിനല്‍ കുറ്റമാണ്. ജയില്‍ ശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്.
മുതലകളുടെ ഫാമില്‍ ഗ്രാമീണര്‍ എത്തിയാണ് ഇവകളെ വകവരുത്തിയത്. ഇവിടെയുള്ള ചില ജോലിക്കാര്‍ സഹായത്തിന് വേണ്ടി നിലവിളിച്ചെന്നും എന്നാല്‍ പോലീസുകാര്‍ സഹായത്തിനുണ്ടായിരുന്നില്ലെന്നും ഇന്തോനേഷ്യയുടെ നാച്വറല്‍ റിസോഴ്‌സസ് കണ്‍സര്‍വേഷന്‍ ഏജന്‍സി പറഞ്ഞു.

ഗ്രാമീണന്റെ അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം ഒരു കൂട്ടര്‍ ആളുകള്‍ കത്തിയുള്‍പ്പെടെയുള്ള ആയുധങ്ങളുമായി ഫാമിലേക്കെത്തുകയും ഇവയെ വകവരുത്തുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ആദ്യം ഗ്രാമീണര്‍ ഫാമിന്റെ ഓഫീസിന് നേരെയായിരുന്നു ആക്രമണം നടത്തിയത്. ഇതിന് ശേഷം ഒന്നൊന്നായി 292 മുതലകളെ വകവരുത്തുകയായിരുന്നു.

Latest