യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

Posted on: July 16, 2018 10:16 pm | Last updated: July 16, 2018 at 10:16 pm
SHARE

ലക്‌നോ: ഉത്തര്‍ പ്രദേശിലെ സംഭലില്‍ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം യാഗശാലയില്‍ ചുട്ടുകൊന്ന സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. രാജ്പുരയില്‍ നടന്ന ക്രൂരകൃത്യത്തില്‍ ഉള്‍പ്പെട്ട അഞ്ച് പ്രതികളില്‍ രണ്ട് പേരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രധാന പ്രതികള്‍ അരം സിംഗ്, ഭോന എന്ന കുന്‍വര്‍ പാല്‍ എന്നിവരെ ചോദ്യം ചെയ്തു വരികയാണെന്ന് സംഭല്‍ എസ് പി. ആര്‍ എം ഭരദ്വാജ് പറഞ്ഞു. കേസന്വേഷണത്തിന് നാല് സംഘങ്ങളെയാണ് പോലീസ് നിയോഗിച്ചിരുന്നത്. ഇവര്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തി.

ആക്രമിക്കപ്പെടുന്നതിനിടെ യുവതി പോലീസിന്റെ 100 നമ്പറില്‍ പരാതി അറിയിക്കാന്‍ വിളിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ബറേലി മേഖല എ ഡി ജി പി പ്രേം പ്രകാശ് തള്ളിക്കളഞ്ഞു. കോള്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ആ നമ്പറില്‍ നിന്ന് ഇങ്ങനെയൊരു വിളി വന്നതായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് എ ഡി ജി പി പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ തന്നെയാണ് അക്രമികളെന്ന് ഗുണൗര്‍ സി ഐ അഖീല്‍ അഹ്മദ് വ്യക്തമാക്കി.

കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതി അനുസരിച്ച്, ശനിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് അതിക്രമം നടന്നത്. വീട്ടില്‍ മകളോടൊപ്പം ഉറങ്ങുകയായിരുന്ന മുപ്പതുകാരിയെ അഞ്ച് പേര്‍ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. അക്രമികള്‍ പുറത്തുപോയപ്പോള്‍ യുവതി ഇക്കാര്യം ബന്ധുവിനെ ഫോണില്‍ വിളിച്ചറിയിച്ചു. ഈ സമയം മടങ്ങിയെത്തിയ അക്രമികള്‍ യുവതിയെ വലിച്ചിഴച്ച് സമീപത്തെ യാഗശാലയിലെത്തിച്ച് ചുട്ടുകൊല്ലുകയായിരുന്നു. ഗാസിയാബാദില്‍ കൂലിപ്പണിക്കാരനാണ് യുവതിയുടെ ഭര്‍ത്താവ്.

അതേസമയം, യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സംഭല്‍ എസ് പി പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് സാമ്പിളുകള്‍ മുറാദാബാദിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here