മോദി പ്രസംഗിക്കവേ പന്തല്‍ തകര്‍ന്നു; 90 പേര്‍ക്ക് പരുക്ക്

Posted on: July 16, 2018 10:12 pm | Last updated: July 16, 2018 at 10:12 pm
SHARE

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്‌നാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചുകൊണ്ടിരിക്കെ പന്തല്‍ തകര്‍ന്നുവീണ് തൊണ്ണൂ റോളം പേര്‍ക്ക് പരുക്കേറ്റു. മിഡ്‌നാപൂര്‍ കോളജ് മൈതാനത്ത് ബി ജെ പി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യവേയാണ് പന്തല്‍ തകര്‍ന്നത്. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി. പരുക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

കനത്ത മഴയെ തുടര്‍ന്നാണ് പന്തല്‍ തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പന്തല്‍ താങ്ങിനിര്‍ത്തിയ ഇരുമ്പ് ദണ്ഡുകള്‍ ദേഹത്ത് വീണാണ് പലര്‍ക്കും പരുക്കേറ്റത്.
പന്തല്‍ വീഴാന്‍ തുടങ്ങിയതോടെ പ്രസംഗം നിര്‍ത്തിയ മോദി, പ്രവര്‍ത്തകരോട് ഓടിപ്പോകരുതെന്ന് മൈക്കിലൂടെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ അകമ്പടി വ്യൂഹത്തിലുണ്ടായിരുന്ന പോലീസുകാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ബൈക്കിലും മറ്റുമായാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
അതേസമയം, പന്തല്‍ തകര്‍ന്നതില്‍ ദുരൂഹതയൊന്നുമില്ലെന്നും കനത്ത മഴയില്‍ സ്വാഭാവികമായി സംഭവിച്ചതാണെന്നും ബി ജെ പി. ഐ ടി സെല്‍ ചുമതലക്കാരന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം മുതല്‍ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. റാലി നടന്ന മൈതാനത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന്, പന്തല്‍ താങ്ങിനിര്‍ത്തിയ ഇരുമ്പ് ദണ്ഡുകള്‍ ഇളകുന്ന അവസ്ഥയിലായിരുന്നു. ഈ ദണ്ഡുകളില്‍ പ്രവര്‍ത്തകര്‍ വലിഞ്ഞുകയറിയതോടെ പന്തല്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ബി ജെ പി വൃത്തങ്ങള്‍ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here