തന്നെ ആരും സംരക്ഷിച്ചില്ലെന്ന് എഡിജിപി സുധേഷ് കുമാര്‍; ‘ഗവാസ്‌കറുടെ വീട്ടില്‍ എല്ലാവരും പോയപ്പോള്‍ തന്റെ വീട്ടിലേക്ക് ആരും വന്നില്ല’

Posted on: July 16, 2018 9:36 pm | Last updated: July 17, 2018 at 12:35 am
SHARE

തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ തന്റെ മകള്‍ മര്‍ദിച്ചെന്ന കേസില്‍ തന്നെ ആരും സംരക്ഷിക്കാന്‍ എത്തിയില്ലെന്ന് എഡിജിപി സുധേഷ് കുമാര്‍. ഐ.പി.എസ് അസോസിയേഷന്‍ യോഗത്തിലാണ് സുധേഷ്‌കുമാറിന്റെ പ്രതികരണം. ഗവാസ്‌കറുടെ വീട്ടില്‍ എല്ലാവരും പോയപ്പോള്‍ തന്റെ വീട്ടിലേക്ക് ആരും വന്നില്ല. തന്റെ ഭാഗം കേള്‍ക്കാന്‍ അസോസിയേഷന്‍ തയ്യാറായില്ലെന്നും ആപത്ത് വന്നപ്പോള്‍ സംരക്ഷിക്കാത്ത അസോസിയേഷനെ ഇനി തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എഡിജിപിയുടെ മകള്‍ സ്‌നിഗ്ധ മര്‍ദിച്ച സംഭവം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ആക്രമണത്തില്‍ കഴുത്തിലെ കശേരുകള്‍ക്ക് പരുക്കേറ്റ ഗവാസ്‌കര്‍ എ.ഡി.പി.യുടെ മകള്‍ക്കെതിരെ പോലീസില്‍ പരാതി കൊടുക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെയാണ് എ.ഡി.ജി.പിയും കുടുംബവും കുരുക്കിലായത്. എഡിജിപിയും കുടുംബവും ക്യാമ്പ് ഫോളോവേഴ്‌സിനോട് അങ്ങേയറ്റം മോശമായാണ് പെരുമാറുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു.