ഫ്രഞ്ച് വിജയം: പുതുച്ചേരിക്കാരെ അഭിനന്ദിച്ചുകൊണ്ടുള്ള കിരണ്‍ ബേദിയുടെ ട്വീറ്റിനെതിരെ വന്‍ വിമര്‍ശം

Posted on: July 16, 2018 2:23 pm | Last updated: July 16, 2018 at 7:09 pm
SHARE

പുതുച്ചേരി: ലോകം മുഴുവന്‍ ലോക കപ്പ് ഫൈനലിലെ ഫ്രാന്‍സിന്റെ വിജയം അഘോഷിക്കുന്നതിനിടെ ഇന്ത്യയിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന പുതുച്ചേരിയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ള ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്. കോളനി വല്‍ക്കരണത്തെ മഹത്വവല്‍ക്കരിക്കുന്നതാണ് ബേദിയുടെ ട്വീറ്റെന്ന് ആരോപിച്ചുകൊണ്ടുള്ള വന്‍ വിമര്‍ശമാണ് ഇവിടെനിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്. ‘പുതുച്ചേരിക്കാരായ നാം ലോക കപ്പ് നേടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍…. സ്‌പോര്‍ട്‌സ് എല്ലാവരേയും ഒന്നിപ്പിക്കുന്നു’ എന്നായിരുന്നു ബേദിയുടെ ട്വീറ്റ്.

ഇന്ത്യ ഒരിക്കലും ലോക കപ്പില്‍ കളിച്ചിട്ടില്ല എന്നിരിക്കെ ഫ്രഞ്ച് വിജയത്തില്‍ പുതുച്ചേരിക്കാരെ അഭിനന്ദിച്ചതിന് കാരണം കൊളോണിയല്‍ ചിന്താ ഗതിയാണെന്നും ട്വീറ്റ് പിന്‍വലിക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന് മറുപടിയായി, പുതുച്ചേരിക്ക് ഫ്രാന്‍സുമായി ചരിത്രപരമായ ബന്ധമാണുള്ളതെന്നും ഫ്രാന്‍സ് പലപ്പോഴും പലതരത്തില്‍ പുതുച്ചേരിയെ പിന്തുണച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി മറ്റൊരു ട്വീറ്റും ഇട്ടിരിക്കുകയാണ് ബേദി.