കന്യാസ്ത്രീക്ക് പീഡനം: ജലന്തര്‍ ബിഷപ്പിന്റെ ഫോണ്‍ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി

Posted on: July 16, 2018 12:27 pm | Last updated: July 16, 2018 at 6:42 pm

പാല: ലൈംഗിക പീഡനാരോപണം നേരിടുന്ന ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കണമെന്ന് മൊബൈല്‍ കമ്പനികളോട് പാലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. രേഖകള്‍ ഈമാസം 18ന് മുമ്പ് ഹാജരാക്കാനാണ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ എയര്‍ടെല്‍ , ബിഎസ്എന്‍എല്‍ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

2014 മുതല്‍ 2016വരെയുള്ള ഫോണ്‍വിളി രേഖകള്‍ ആവശ്യപ്പെട്ട് നേരത്തെ കേസ് അന്വേഷണ സംഘം കമ്പനികളെ സമീപിച്ചെങ്കിലും 2016ന് ശേഷമുള്ളവ നല്‍കാമെന്ന നിലപാടാണ് കമ്പനികള്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് അന്വേഷണ സംഘം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതി ഇവ ഹാജരാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. 2014മുതല്‍ 2016വരെുള്ള കാലഘട്ടത്തില്‍ അര്‍ധരാത്രികളിലടക്കം ബിഷപ്പ് ഫോണില്‍ വിളിച്ച് അശ്ലീലം സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പീഡനത്തിനിരയായ കന്യാസ്ത്രീ പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷക സംഘം ഫോണ്‍ രേഖകള്‍ തേടി കമ്പനികളെ സമീപിച്ചത്.