ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പെരുകുന്നു; ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 28 പേര്‍

Posted on: July 16, 2018 10:14 am | Last updated: July 16, 2018 at 1:16 am
SHARE

ബെംഗളൂരു: രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇതുവരെയായി ഈ ഗണത്തില്‍ 28 കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലാണ് ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവം നടന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്നാരോപിച്ച്, ഗൂഗിളില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറെയാണ് ജനക്കൂട്ടം തല്ലിക്കൊന്നത്. 32കാരനായ മുഹമ്മദ് അസം എന്ന ഹൈദരാബാദ് സ്വദേശിയെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ സുഹൃത്തുക്കളായ സല്‍ഹാം ഈദല്‍ ഖുബൈസി, മുഹമ്മദ് സല്‍മാന്‍, നൂര്‍ മുഹമ്മദ് എന്നിവര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റിരുന്നു. ഇവരില്‍ സല്‍ഹാം ഖത്വര്‍ പൗരനാണ്. ഇയാളുടെ പരുക്ക് ഗുരുതരമാണ്.
എല്ലാ കൊലപാതകങ്ങളും സമാനമായ രീതിയിലാണ് നടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പുറത്തുനിന്ന് വരുന്ന ആളുകള്‍, രാത്രിയില്‍ വാഹനം ഓടിച്ച് അപരിചിതമായ സ്ഥലത്ത് കൂടെ പോകുന്നവര്‍, വഴി ചോദിക്കുന്നവര്‍, കുട്ടികള്‍ക്ക് മിഠായി നല്‍കുന്നവര്‍ എന്നിവരൊക്കെയാണ് സാധാരണ കൊല്ലപ്പെടുന്നവരില്‍ അധികവും. ഇവരൊക്കെ അപരിചിതരായതുകൊണ്ട് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന വ്യാജ പ്രചാരണവും ഉണ്ടാകുന്നുണ്ട്.

ആളുകളുടെ എണ്ണമാണ് പലപ്പോഴും മരണത്തിന് കാരണമാകുന്നത്. ഇവര്‍ സംഘടിക്കുന്ന രീതി, പോലീസിന്റെ സഹായം എന്നിവയും ഇതില്‍ നിര്‍ണായകമാണെന്ന് പോലീസ് പറയുന്നു. പോലീസ് സഹായം ലഭ്യമാകാതെയാണ് ഇതുവരെയായി 27 പേരും കൊല്ലപ്പെട്ടത്. സംഭവം നടക്കുന്ന സ്ഥലങ്ങളില്‍ പോലീസ് സ്റ്റേഷനുകള്‍ ഇല്ലാത്തതാണ് കാരണം. പലയിടത്തും പത്ത് കിലോമീറ്റര്‍ അപ്പുറത്താണ് പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. അക്രമം നടക്കുന്ന സ്ഥലത്ത് പോലീസ് എത്തിയാല്‍ തന്നെ ജനക്കൂട്ടത്തോട് പിടിച്ചുനില്‍ക്കാനുള്ള അംഗബലവും ഇവര്‍ക്കുണ്ടാകില്ല. പലയിടത്തും സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം പോലീസിന്റെ പ്രവര്‍ത്തനത്തേക്കാള്‍ വേഗത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ത്രിപുരയിലും ഝാര്‍ഖണ്ഡിലും പോലീസിന്റെ കണ്‍മുന്നില്‍ നിന്നാണ് പലരും കൊല്ലപ്പെട്ടത്. കൊല്ലുന്നവരെ ആള്‍ക്കൂട്ടത്തിലെ ഒരാള്‍ക്ക് പോലും പരിചയമുണ്ടാകില്ലെന്നാണ് കണ്ടെത്തല്‍.

പലയിടത്തും ആവശ്യത്തിന് പോലീസും ആയുധങ്ങളും ഇല്ലാത്തത് ആള്‍ക്കൂട്ട അതിക്രമത്തെ നേരിടുന്നതിന് തടസ്സം നില്‍ക്കുന്നതായി പോലീസ് തന്നെ സമ്മതിക്കുന്നുണ്ട്. ചെറിയ സര്‍ക്കിളുകളില്‍ പോലീസ് സ്റ്റേഷന്‍ ഇല്ലാത്തതും നിയമം കൈയിലെടുക്കുന്നതിന് ഇവരെ പ്രേരിപ്പിക്കുകയാണ്. പോലീസ് സ്റ്റേഷന്റെ അഭാവം കൊണ്ടുതന്നെ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നു എന്ന വാര്‍ത്തയില്‍ ഇവര്‍ക്ക് പരാതിപ്പെടാന്‍ സാധിക്കുന്നില്ല. ഝാര്‍ഖണ്ഡില്‍ എഴ്, തമിഴ്‌നാട്, തെലങ്കാന, എന്നീ സംസ്ഥാനങ്ങളില്‍ മൂന്നും അസമില്‍ രണ്ടും പശ്ചിമ ബംഗാളില്‍ രണ്ടും കര്‍ണാടകയിലും ഛത്തീസ്ഗഡിലും ത്രിപുരയിലുമായി നാലും മഹാരാഷ്ട്രയില്‍ ഒമ്പത് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, പശുക്കശാപ്പ് എന്നിവ ആരോപിച്ച് രാജ്യത്ത് പലയിടത്തും തല്ലിക്കൊല്ലല്‍ സംഭവങ്ങള്‍ തുടര്‍ക്കഥയായി മാറിയത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here