കാറില്‍ സഞ്ചരിച്ച ദമ്പതികളെ സ്‌കൂട്ടര്‍ യാത്രികര്‍ റോഡില്‍ തടഞ്ഞ് ആക്രമിച്ചു

Posted on: July 16, 2018 12:51 am | Last updated: July 16, 2018 at 12:51 am
SHARE

പൂച്ചാക്കല്‍: കാറില്‍ സഞ്ചരിക്കായായിരുന്ന ദമ്പതികളെ സ്‌കൂട്ടര്‍ യാത്രികര്‍ റോഡില്‍ തടഞ്ഞ് ആക്രമിച്ചു. അക്രമികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഒരാള്‍ ഓടി രക്ഷപ്പെട്ടു.ആക്രമണത്തില്‍ കൈ ഒടിഞ്ഞ യുവതിയെ അടിയന്തര ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുണ്ടന്നൂര്‍ നെടുനിലത്ത് റോഷന്‍ (30) ഭാര്യ ഡോണ എന്നിവര്‍ക്കാണ് ആക്രമണമേറ്റത്. രണ്ടു സുഹൃത്തുക്കള്‍ കാറിന് പിന്‍സീറ്റില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്കു പരുക്കില്ല.ഇന്നലെ വൈകിട്ട് മൂന്നോടെ അരൂക്കുറ്റി വടുതലയിലായിരുന്നു സംഭവം. കേസില്‍ അരൂക്കുറ്റി കോതാട്ട്‌നികര്‍ത്ത് അനൂപ്(31),സുഹൃത്ത് അഭിലാഷ്(32) എന്നിവരെ അറസ്റ്റു ചെയ്തതായി പൂച്ചാക്കല്‍ എസ്‌ഐ വി.കെ.ഭാനുദേവന്‍ പറഞ്ഞു.സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം കാറില്‍ വീട്ടിലേക്കു പോവുകയായിരുന്ന കുടുംബത്തെ സ്‌കൂട്ടര്‍ യാത്രികര്‍ പിന്തുടര്‍ന്ന് അസഭ്യം പറയുകയും കാറിന് കുറുകെ സ്‌കൂട്ടര്‍ ഓടിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയുമായിരുന്നെന്നു റോഷന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

കാര്‍ നിര്‍ത്തി ചില്ലു താഴ്ത്തിയപ്പോള്‍ അതിന്റെ വിടവിലൂടെ റോഷന്റെ മുഖത്ത് അടിച്ചു. പുറത്തിറക്കിയും മര്‍ദിച്ചു. ഇതു കണ്ടു ഡോണയും സുഹൃത്തുക്കളും പുറത്തിറങ്ങിയതോടെ ഡോണയുടെ കൈപിടിച്ചു തിരിക്കുകയും റോഡില്‍ തള്ളിവീഴ്ത്തുകയുമായിരുന്നു.
അക്രമികളെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. അതിനിടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. കാറ് സ്‌കൂട്ടറില്‍ ഇടിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.