Connect with us

International

ആറ് മാസത്തിനിടെ അഫ്ഗാനില്‍ 1,692 സിവിലിയന്‍ മരണം; 3,430ലധികം പേര്‍ക്ക് പരുക്കേറ്റതായി യു എന്‍ എ എം എ

Published

|

Last Updated

കാബൂള്‍: ഈ വര്‍ഷം അഫ്ഗാനിസ്ഥാനില്‍ തീവ്രവാദി ആക്രമണങ്ങളില്‍ മരിച്ച സാധാരണക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2018ലെ ആദ്യ ആറ് മാസങ്ങളില്‍ മാത്രം അഫ്ഗാനില്‍ മരിച്ചവരുടെ എണ്ണം 1,692 ആയെന്ന് യു എന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്‍(യു എന്‍ എ എം എ) പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയും കൂടുതല്‍ സാധാരണക്കാര്‍ തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്. 5122 ആക്രമണങ്ങളിലായി 3430ലധികം പേര്‍ക്ക് പരുക്കേറ്റതായും ഏജന്‍സി കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ആക്രമണങ്ങളില്‍ പരുക്കേല്‍ക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 15ശതമാനം കുറവാണ് ഇതിലുണ്ടായിരിക്കുന്നത്. റമസാന്‍ അവസാനിക്കുന്നതിനോടനുബന്ധിച്ചും പെരുന്നാള്‍ പ്രമാണിച്ചും അഫ്ഗാന്‍ സര്‍ക്കാറും താലിബാന്‍ തീവ്രവാദികളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയിരുന്നുവെങ്കിലും ഇതൊന്നും മരണ നിരക്ക് കുറച്ചിട്ടില്ലെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ചെറിയ പെരുന്നാള്‍ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരു വിഭാഗവും ആക്രമണം ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. അഫ്ഗാനിലെ സംഘര്‍ഷങ്ങള്‍ക്ക് എത്രയും വേഗം അറുതി വരുത്തണമെന്നും സംഘര്‍ഷങ്ങളില്‍ സാധാരണക്കാരാണ് കൂടുതല്‍ മരിച്ചുവീഴുന്നതെന്നും ഈ പ്രവണതക്ക് അവസാനം കുറിക്കണമെന്നും യു എന്‍ എ എം എ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

സാധാരണക്കാരുടെ മരണത്തില്‍, അഫ്ഗാനിലെ താലിബാന്‍ തീവ്രവാദികള്‍ക്കാണ് 42 ശതമാനവും ഉത്തരവാദിത്വമുള്ളത്. ഇസില്‍ ഭീകരവാദികള്‍ക്ക് 18 ശതമാനവും ഉത്തരവാദിത്വമുണ്ട്. 2014ല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യ സൈന്യം അഫ്ഗാന്‍ ദൗത്യം അവസാനിപ്പിച്ചിരുന്നു. തീവ്രവാദം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അഫ്ഗാന്‍ യുദ്ധത്തിന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ തുടക്കം കുറിച്ചിരുന്നത്. എന്നാല്‍ അഫ്ഗാനില്‍ നിന്നുള്ള വാര്‍ത്തകള്‍ പതിറ്റാണ്ടു നീണ്ടുനിന്ന തീവ്രവാദ വിരുദ്ധ യുദ്ധം ഫലം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്നതായി നിരീക്ഷകര്‍ പറയുന്നു.

Latest