Connect with us

National

നവാസ് ശരീഫ്: കോണ്‍ഗ്രസിന്റെ ട്വീറ്റ് നിരാശാജനകമെന്ന് ഉമര്‍

Published

|

Last Updated

ശ്രീനഗര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ട്വീറ്റ് നിരാശപ്പെടുത്തിയെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ല. വിവിധ വിഷയങ്ങളില്‍ മോദിയെ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താനുള്ള മോദിയുടെ ശ്രമം അതില്‍പ്പെടുന്നതല്ല. പാക്കിസ്ഥാനിലെ ആഭ്യന്തര രാഷ്ട്രീയം എന്തുമാകട്ടെ. കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ട്വീറ്റ് ഏറെ നിരാശാജനകമാണ്- ഉമര്‍ അബ്ദുല്ല ട്വിറ്ററില്‍ കുറിച്ചു.

അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് നവാസ് ശരീഫ് ജയിലിലായതിന് പിന്നാലെ മോദിക്കെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മോദിയും ശരീഫും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെ പരാമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.
“നവാസ് ശരീഫ് അഴിമതി കേസില്‍ അറസ്റ്റിലായിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് എന്താണ് ഇതിനെക്കുറിച്ച് പറയാനുള്ളതെന്ന് അറിഞ്ഞാല്‍ കൊള്ളാം” എന്നായിരുന്നു മോദിയും ശരീഫും കൈകോര്‍ത്ത് നടന്നു നീങ്ങുന്ന 2015 ലെ ചിത്രം ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് ചോദിച്ചത്.

Latest