റോഡപകട മരണങ്ങള്‍ക്ക് പ്രധാന കാരണം വാഹനം പെട്ടെന്ന് വെട്ടിത്തിരിക്കുന്നത്

Posted on: July 15, 2018 7:11 pm | Last updated: July 15, 2018 at 7:11 pm
SHARE

ദുബൈ: റോഡപകട മരണങ്ങള്‍ക്ക് പ്രധാന കാരണം സൂചന നല്‍കാതെയും പെട്ടെന്നുമുള്ള വാഹനങ്ങളുടെ ട്രാക്കുമാറ്റമാണെന്ന് ദുബൈ പോലീസ്. ഇത്തരത്തിലുള്ള അപകടങ്ങളില്‍ ഇതുവരെയായി 23 മരണങ്ങളാണ് സംഭവിച്ചത്. ഈ വര്‍ഷത്തെ ആദ്യ ആറ് മാസത്തെ കണക്കാണ് ദുബൈ പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 76 പേരാണ് മറ്റ് വിധത്തില്‍ ഉണ്ടായ 1250 അപകടങ്ങളില്‍ മരണപ്പെട്ടത്. 884 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1447 അപകടങ്ങളില്‍ 996 പേര്‍ക്ക് പരിക്ക് പറ്റുകയും ഈ വര്‍ഷത്തേതിന് സമാനമായ എണ്ണം മരണം സംഭവിക്കുകയും ചെയ്തിരുന്നു.

റോഡുകളിലെ അപകട മരണങ്ങള്‍ക്ക് പ്രധാന കാരണം പെട്ടന്ന് വാഹനങ്ങള്‍ വരി തെറ്റിക്കുന്നതാണ്. അപകടകരമായ ഈ പ്രവണതക്കെതിരെ പോലീസ് ബോധവല്‍കരണ കാമ്പയിനുകള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്തങ്ങളായ കാമ്പയിനുകളാണ് സുരക്ഷാ ബോധവത്കരണം ലക്ഷ്യമിട്ട് നടത്തുന്നത്. പെട്ടന്ന് വാഹനം തെറ്റിക്കുന്നത് മൂലം അപകട സാധ്യത വര്‍ധിക്കുകയും മരണം വരെ സംഭവിക്കാവുന്ന രൂപത്തില്‍ യാത്രികര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്യുമെന്ന് ദുബൈ പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് അല്‍ മുഹൈരി പറഞ്ഞു.

വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തത് മൂലം 235 അതീവ ഗുരുതര അപകടങ്ങളുണ്ടായി. ഇതില്‍ 15 പേരാണ് മരണപ്പെട്ടത്. 179 പേര്‍ക്ക് സാരമായതോ നിസാരമായതോ ആയ പരിക്കുകള്‍ പറ്റി. വരികള്‍ മാറുന്നതിന്റെ കൃത്യമായ നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ഉണ്ടായ അപകടങ്ങള്‍ രണ്ടാം സ്ഥാനത്താണ്. 132 അപകടങ്ങളില്‍ ചെറു വാഹനങ്ങള്‍ ഉള്‍പെട്ടിരുന്നു. 17 ജീവനുകള്‍ ഈ അപകടങ്ങളില്‍ പൊലിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അപകട മരണങ്ങള്‍ കുറക്കുന്നതിന് ദുബൈ പോലീസ്, ആഭ്യന്തര മന്ത്രാലയം എന്നിവ വ്യത്യസ്തങ്ങളായ കാമ്പയിനുകളാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാന റോഡുകളില്‍ വേഗ പരിധി കുറക്കുന്നതടക്കമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് (ഇ 311) എമിറേറ്റ്‌സ് റോഡ് (ഇ 611) എന്നിവിടങ്ങളില്‍ വേഗ പരിധി മണിക്കൂറില്‍ 110 കിലോമീറ്ററാക്കി കുറച്ചിട്ടുണ്ട്.
ഈ പാതകളില്‍ നിരന്തരമായി നടത്തിയ നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ഏറെ സമയവും വാഹനങ്ങള്‍ കൂടുതല്‍ കടന്ന് പോകുന്നവയാണെന്നും അപകട സാധ്യതയുള്ള കേന്ദ്രങ്ങള്‍ നിരവധിയാണെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വേഗ പരിധി പുനഃ നിശ്ചയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here