Connect with us

Ongoing News

ക്രൊയേഷ്യ പൊരുതി വീണു; മൊഞ്ചോടെ ഫ്രഞ്ച്‌

Published

|

Last Updated

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളില്‍ വീണ്ടും ഫ്രഞ്ച് മുത്തം. 1998 ല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ കപ്പുയര്‍ത്തിയ ദിദിയര്‍ ദെഷാംസ് കോച്ചിന്റെ കുപ്പായത്തിലും ഫ്രാന്‍സിന് ലോക കിരീടം സമ്മാനിച്ചിരിക്കുന്നു. പൊരുതിക്കളിച്ച ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് കീഴടക്കിയത്. ലോകകപ്പില്‍ വിപ്ലവകരമായ കുതിപ്പ് നടത്തിയ ക്രൊയേഷ്യക്ക് മേല്‍ ഫ്രാന്‍സിന്റെ പ്രൊഫഷണലിസം വിജയക്കൊടി നാട്ടുകയായിരുന്നു.

ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ഫൈനലിലെത്തിയ ക്രൊയേഷ്യ ആദ്യ മിനിറ്റ് മുതല്‍ കിരീടദാഹത്തോടെ കളിച്ചെങ്കിലും കാര്യങ്ങളെല്ലാം ഫ്രാന്‍സിന്റെ വഴിക്കുതന്നെ വന്നു. മരിയോ മാന്‍സുകിച്ചിന്റെ സെല്‍ഫ് ഗോളിലൂടെ തുടങ്ങിയ ഫ്രാന്‍സിന് പിന്നീടൊരു പെനല്‍റ്റി ഗോളും ലഭിച്ചു. എന്നാല്‍ മൂന്നാമത്തെയും നാലാമത്തെയും ഗോളുകള്‍ അത്യുജ്വലമായിരുന്നു. അര്‍ജന്റീനയുള്‍പ്പെടെ പല വമ്പന്‍മാരുടെയും കഥ കഴിച്ച ഫ്രാന്‍സിന്റെ കൗണ്ടര്‍ അറ്റാക്കിങ് ഫുട്‌ബോളില്‍ ക്രൊയേഷ്യക്കും അടിതെറ്റുകയായിരുന്നു. 18ാം മിനിറ്റിലായിരുന്നു സെല്‍ഫ് ഗോള്‍ ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്. അന്റോണിയോ ഗ്രീസ്മാന്‍ (38), പോള്‍ പോഗ്ബ (59), കിലിയന്‍ എംബാപ്പെ (65) എന്നിവരും ഗോള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇവാന്‍ പെരിസിച്ചും (28) മരിയോ മാന്‍ഡ്യുകിച്ചുമാണ് (69) ക്രൊയേഷ്യയുടെ ഗോളുകള്‍ മടക്കിയത്. ഫ്രാന്‍സിന്റെ രണ്ടാമത് ലോകകപ്പ് നേട്ടമാണിത്. ഇതിനു മുമ്പ് 1998ലാണ് ഫ്രാന്‍സിന് ലോകകപ്പില്‍ മുത്തമിടാന്‍ ഭാഗ്യമുണ്ടായത്.
കലാശക്കളിക്ക് രണ്ട് ടീമുകളും തിരഞ്ഞെടുത്തത് 4-2-3-1 ശൈലിയാണ്. പന്ത് കിട്ടുമ്പോള്‍ അറ്റാക്ക് ചെയ്യാന്‍ എളുപ്പമുള്ള ഈ ശൈലിയില്‍ പ്രതിരോധവും ശക്തമാക്കാം.
ക്രൊയേഷ്യയുടെ മുന്നേറ്റങ്ങളായിരുന്നു ആദ്യ പത്ത് മിനുട്ടില്‍. പ്രതിരോധത്തിലേക്ക് വലഞ്ഞ ഫ്രാന്‍സ് കൂടുതല്‍ ശ്രദ്ധയോടെയാണ് കളിച്ചത്. ഇരുവിംഗുകളിലൂടെയുമുള്ള ക്രൊയേഷ്യന്‍ അറ്റാക്കിംഗില്‍ ഫ്രാന്‍സ് ഗോള്‍ മുഖം വിറച്ചു. പതിനഞ്ച് മിനുട്ട് തികഞ്ഞിട്ടും ക്രൊയേഷ്യന്‍ ഗോള്‍ മുഖത്തേക്ക് കാര്യമായ അറ്റാക്കിംഗ് ഉണ്ടായില്ല. എന്നാല്‍, എതിരാളിയെ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു ഫ്രാന്‍സ്. പന്ത് കൂടുതല്‍ നേരം കൈവശം വെച്ച് കളിക്കാന്‍ പോഗ്ബയും ഗ്രിസ്മാനുമടങ്ങുന്ന താരപ്പട ശ്രമിച്ചതോടെ ക്രൊയേഷ്യന്‍ ആധിപത്യം പതിയെ ഇല്ലാതായി.

ആദ്യ അറ്റാക്കിംഗില്‍ തന്നെ അവര്‍ക്ക് ഫ്രീകിക്ക് ലഭിച്ചു. പതിനെട്ടാം മിനുട്ടില്‍ അന്റോയിന്‍ ഗ്രിസ്മാനെടുത്ത ഫ്രീകിക്ക് ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടെ ഗോളായി. ഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെയാണ് ഹെഡറിലൂടെ ഗോള്‍ നേടിയതെന്ന് ആദ്യം തോന്നി. എന്നാല്‍, വരാനെയുടെ തലയിലുരസിയ പന്ത് ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍സുകിചിന്റെ തലയില്‍ തട്ടി വലയില്‍ കയറിയതാണെന്ന് റീപ്ലേയില്‍ നിന്ന് വ്യക്തമായി. ലോകകപ്പ് ഫൈനലിലെ ആദ്യ സെല്‍ഫ് ഗോള്‍ ! മാന്‍സുകിച് ആ ദുഷ്‌പേര് ഇനി പേറണം.
ഗോളിന്റെ ആഘാതത്തില്‍ കളി മറക്കാന്‍ ലൂക മോഡ്രിചും സംഘവും തയ്യാറല്ലായിരുന്നു. പോരാട്ടത്തിന് പേരുകേട്ടവര്‍ ആക്രമിച്ചു കളിച്ചു. ഇരുപത്തെട്ടാം മിനുട്ടില്‍ ഫലം കണ്ടു. ഇംഗ്ലണ്ടിനെതിരെ ഫിസിക്കല്‍ ഗോളടിച്ച ഇവാന്‍ പെരിസിചാണ് ഇത്തവണയും സമനില ഗോളടിച്ചത്. ലൂകയുടെ ഫ്രീകിക്ക് വെര്‍സാല്‍ക്കോ ബോക്‌സിലേക്ക് ഹെഡറിലൂടെ മറിച്ചിട്ടു. പെരിസിച് പന്തെടുക്കുമ്പോള്‍ മുമ്പിലുണ്ടായിരുന്നത് സാക്ഷാല്‍ കാന്റെ. പന്ത് റാഞ്ചിക്കളയും കാന്റെ. ബുദ്ധിപൂര്‍വം പെരിസിച് പന്ത് കാന്റെയുടെ ദിശ വെട്ടിച്ച് ഇടത്തേക്ക് തള്ളി വിട്ടു. ഇടങ്കാല്‍ കൊണ്ട് വെടിയുണ്ട പോലൊരു കിടിലന്‍ ഷോട്ട്. വരാനെ ബ്ലോക്കിന് ശ്രമിച്ചെങ്കിലും പന്ത് വലയില്‍ കയറി.

ഇരുടീമുകളും ആവേശകരമായ ഫുട്‌ബോള്‍ കാഴ്ചവെക്കുന്നതിനിടെ ഫൈനലിന്റെ മുഴുവന്‍ സ്പിരിറ്റും ചോര്‍ത്തിക്കൊണ്ട് പെനാല്‍റ്റിക്ക് വഴിയൊരുങ്ങി. ഗ്രിസ്മാന്റെ കോര്‍ണര്‍ കിക്ക് മറ്റിയൂഡി ഹെഡ് ചെയ്‌തെങ്കിലും മാര്‍ക്ക് ചെയ്ത പെരിസിചിന്റെ കൈകളില്‍ അബദ്ധത്തില്‍ തട്ടി. വി എ ആറിന് ഫ്രാന്‍സ് അപ്പീല്‍ ചെയ്തു. റഫറി വിലയിരുത്തി പെനാല്‍റ്റി വിധിച്ചു. ഗ്രിസ്മാന്‍ അനായാസം പന്ത് വലയിലാക്കി. പെനാല്‍റ്രി സ്‌പെഷ്യലിസ്റ്റായ അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കര്‍ ഗോളി സുബാസിചിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് വേഗം കുറച്ച് കിക്കെടുത്തു. 2-1ന് ഫ്രാന്‍സ് മുന്നില്‍.

ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ക്രൊയേഷ്യ ഗോള്‍ മടക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്രൊയേഷ്യ ഗോള്‍ മടക്കാന്‍ ശ്രമിച്ചു. ഇടതുവിംഗിലൂടെ കുതിച്ചെത്തിയ റെബിച് തൊടുത്ത ഷോട്ട് ഗോളി ലോറിസ് മുഴുനീളെ സ്‌ട്രെച് ചെയ്ത് തട്ടി.
അമ്പത്തൊമ്പതാം മിനുട്ടില്‍ പോള്‍ പോഗ്ബയുടെ ഗോളില്‍ ഫ്രാന്‍സ് മത്സരം പൂര്‍ണമായും വരുതിയിലാക്കി. കൗണ്ടര്‍ അറ്റാക്കിംഗില്‍ നിന്നായിരുന്നു ഗോള്‍. പോഗ്ബ ആദ്യം തൊടുത്ത ഷോട്ട് ബ്ലോക് ചെയ്‌തെങ്കിലും റീബൗണ്ട് പന്ത് ഇടത് കാല്‍ കൊണ്ട് പ്ലെയ്‌സ് ചെയ്ത് വലയിലാക്കി.
കിലിയന്‍ എംബാപെയുടെ വേഗമാണ് ഗോളിന് വഴിയൊരുക്കിയത്. വലത് വിംഗിലൂടെ ഓടിക്കയറിയ എംബാപെ പന്ത് ഗ്രിസ്മാന് നല്‍കി. ഗ്രിസ്മാന്‍ പോഗ്ബക്കും.നാലാം ഗോള്‍ വൈകാതെ സംഭവിച്ചു. ഇത്തവണ സ്‌കോറര്‍ കിലിയന്‍ എംബാപെ. അറുപത്തഞ്ചാം മിനുട്ടില്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ വകഞ്ഞ് മാറ്റി കുതിച്ചെത്തിയ ഹെര്‍നാണ്ടസ് പന്ത് എംബാപെക്ക് നല്‍കി. ബോക്‌സിന് തൊട്ടരികില്‍ നിന്നും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന പിഎസ്ജി താരം തൊടുത്ത ഷോട്ട് സുബാസിചിനെ കാഴ്ചക്കാരനാക്കി. ഇതോടെ, ക്രൊയേഷ്യയുടെ കഥ കഴിഞ്ഞു. ഫ്രാന്‍സാകട്ടെ വിജയാഹ്ലാദം തുടങ്ങുകയും ചെയ്തു. കോച്ച് ദിദിയര്‍ ദെഷാംസ് കാണികളോട് വിജയമുദ്ര കാണിച്ചു.
അപ്പോഴാണ് ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍ പിറക്കുന്നത്.
ഗോളി ലോറിസിന്റെ അബദ്ധം. ആത്മവിശ്വാസം കൂടിപ്പോയ ലോറിസ് മൈനസ് പാസ് സഹതാരങ്ങള്‍ക്ക് കൈമാറാന്‍ വൈകിപ്പിച്ചു. ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ മാന്‍സുകിച് ഓടിയടുത്തപ്പോള്‍ കട്ട് ചെയ്യാനൊരു ശ്രമം. മാന്‍സുകിച് കാല് വെച്ചതേയുള്ളൂ, പന്ത് വലയില്‍ (4-2). പിന്നീട് ഫ്രാന്‍സ് ജാഗ്രത കാണിച്ചു. ഫൈനല്‍ വിസില്‍ വരെ ക്രൊയേഷ്യ പൊരുതി നോക്കിയെന്ന് മാത്രം.

66 ശതമാനം ബോള്‍ പൊസഷന്‍ ക്രൊയേഷ്യക്കായിരുന്നു. പതിനാല് ഷോട്ടുകള്‍, ആറ് കോര്‍ണറുകള്‍ എന്നിങ്ങനെ ക്രൊയേഷ്യയാണ് അറ്റാക്കിംഗില്‍ മുന്നിട്ട് നിന്നത്. കുറച്ച് നേരം മാത്രം പന്ത് കൈവശം വെക്കുക, അവസരങ്ങള്‍ ഗോളാക്കുക എന്ന ഫ്രാന്‍സിന്റെ തന്ത്രമാണ് ഫൈനലിലും വിജയിച്ചത്.
ഫൈനല്‍ കളിക്കുന്ന സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപെ ചരിത്രത്തിലിടം പിടിച്ചു. ഫൈനല്‍ കളിക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് എംബാപെ.

1958 ല്‍ ബ്രസീലിനായി പെലെയും 1982 ്ല്‍ ഇറ്റലിക്കായി ഗ്യുസെപെ ബെര്‍ഗോമി കളിച്ചതുമാണ് എംബാപെക്ക് മുന്നിലുള്ള റെക്കോര്‍ഡുകള്‍.
ടൂര്‍ണമെന്റിലുടനീളം സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ വലിയ മാറ്റം വരുത്താന്‍ ഫ്രാന്‍സ് ശ്രമിച്ചിരുന്നില്ല. സെമിയില്‍ ബെല്‍ജിയത്തെ തോല്‍പ്പിച്ച അതേ നിര തന്നെയാണ് ഫൈനലിനും ഇറങ്ങിയത്. ഗോള്‍ കീപ്പറായി ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ്. ഡിഫന്‍സില്‍ പവാര്‍ഡ്, വരാനെ, ഉംറ്റിറ്റി, ഹെര്‍നാണ്ടസ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി എന്‍ഗോലോ കാന്റെയും പോള്‍ പോഗ്ബയും. വിംഗ് അറ്റാക്കേഴ്‌സായി എംബാപെയും മറ്റിയൂഡിയും. ഗ്രിസ്മാന്‍ മധ്യനിരക്കും ഏക സ്‌ട്രൈക്കറായ ഒലിവര്‍ ജിറൂദിനും ഇടയില്‍ കളി മെനഞ്ഞു.
സെമിഫൈനലിന് ശേഷം ക്രൊയേഷ്യന്‍ ടീമിനെ ചുറ്റിപ്പറ്റി പരുക്ക് വാര്‍ത്തകളുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഗോള്‍ നേടിയ ഇവാന്‍ പെരിസിചും മരിയോ മാന്‍സുകിചും ഫിറ്റ്‌നെസ് വീണ്ടെടുത്തില്ലെങ്കില്‍ ഫൈനല്‍ കളിക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ആശങ്കകള്‍ ദുരീകരിച്ചു കൊണ്ട് രണ്ട് പേരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ക്രൊയേഷ്യ കലാശപ്പോരിനിറങ്ങി.

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച അതേ ലൈനപ്പ് തന്നെയാണ് കോച്ച് സ്ലാകോ ഡാലിച് തിരഞ്ഞെടുത്തത്. ഗോള്‍ വല കാത്തത് വിശ്വസ്തനായ സുബാസിച്. സാലിച്‌കോ, ലോറന്‍, വിദ, പിവാരിച് എന്നിവര്‍ ഡിഫന്‍സില്‍. ബ്രൊസോവിച്, റാകിറ്റിച്, മോഡ്രിച് പെരിസിച്, റെബിച്, മാന്‍സുകിച് എന്നിങ്ങനെയാണ് ക്രൊയേഷ്യന്‍ ഫസ്റ്റ് ലൈനപ്പ്.