മൃതദേഹം മാറിയ സംഭവം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

Posted on: July 15, 2018 6:57 pm | Last updated: July 15, 2018 at 6:57 pm
SHARE

ദുബൈ: അബുദാബിയില്‍ ആത്മഹത്യചെയ്ത വയനാട് സ്വദേശിയായ യുവാവിന്റെ മൃതദേഹത്തിന് പകരം തമിഴ്‌നാട് രാമനാഥപുരം സ്വദേശിയുടെ മൃതദേഹം നാട്ടില്‍ എത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു.
അമ്പലവയല്‍ പഞ്ചായത്തിലെ പായിക്കൊല്ലിയിലെ അഴീക്കോടന്‍ വീട്ടില്‍ ഹരിദാസന്റെ മകന്‍ നിഥിന്റെ ( 29 ) മൃതദേഹമാണ് മാറിയത്. പകരം തമിഴ്‌നാട് രാമനാഥപുരം സ്വദേശി കാമാച്ചി കൃഷ്ണന്റെ മൃതദേഹമാണ് നാട്ടില്‍ എത്തിച്ചത്.

അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന നിഥിന്‍ 10 ദിവസം മുമ്പാണ് അപകടത്തില്‍ മരിച്ചത്. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം എംബാം ചെയ്ത മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൃതദേഹം രാവിലെ 10 മണിയോടെ അമ്പലവയലിലെ സ്വകാര്യ ആശുപത്രി ഫ്രീസറിലേക്ക് മാറ്റാന്‍ കൊണ്ടുവന്നു. ഇതിനിടെയാണ് മൃതദേഹം മാറിയെന്നും നിഥിന്റെ മൃതദേഹം അബുദാബി ആശുപത്രിയില്‍ത്തന്നെയാണുള്ളതെന്നുമുള്ള വിവരം ആശുപത്രി അധികൃതര്‍ ബന്ധുക്കളെ ഫോണ്‍ വിളിച്ചറിയിക്കുന്നത്.
സംസ്‌കാരചടങ്ങിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വിവരമറിഞ്ഞ് ആശങ്കയിലായ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. ഓഫീസ് നിര്‍ദേശപ്രകാരം നോര്‍ക റൂട്‌സ് അധികൃതരും ഉന്നത പോലിസുദ്യോഗസ്ഥരും നിഥിന്റെയും തമിഴ്‌നാട് സ്വദേശിയുടെയും ബന്ധുക്കളുമായും രാമനാഥപുരം ജില്ലാ കലക്ടര്‍, പോലീസ് മേധാവി എന്നിവരുമായും ബന്ധപ്പെട്ടു. അബുദാബിയിലെ മലയാളി സംഘടനകളുടെയും സഹായം തേടി.

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നോര്‍ക റൂട്‌സിന്റെ സൗജന്യ ആംബുലന്‍സ് സേവനം വഴി രാമനാഥപുരത്തേക്ക് എത്തിക്കാന്‍ തീരുമാനിച്ചു.
നിഥിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായി നോര്‍ക്ക അധികൃതര്‍ ഇക്കാര്യത്തില്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

നിഥിന്റെ മൃതദേഹം ഇന്ന്
നാട്ടിലേക്ക് കൊണ്ടുപോകും

അബുദാബി: മൃതദേഹം മാറിയത് കാരണം നാട്ടിലേക്കയക്കാന്‍ കഴിയാതിരുന്ന വയനാട് അമ്പലവയല്‍ പായിക്കൊല്ലിയിലെ അഴീക്കോടന്‍ വീട്ടില്‍ ഹരിദാസന്റെ മകന്‍ നിഥിന്റെ (29) മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം കോണ്‍സുലര്‍ രാജ മുരുഗന്‍ സിറാജിനോട് പറഞ്ഞു.

നിഥിന്റെ പേരില്‍ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ഇത് നിഥിന്റെ യഥാര്‍ഥത്തിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികള്‍ക്ക് കാലതാമസം നേരിടാന്‍ ഇടയാക്കുകയായിരുന്നു.
നിലവിലെ എമിഗ്രേഷന്‍ റെക്കോര്‍ഡുകളിലുള്ള രേഖകള്‍ ശരിപ്പെടുത്തുന്നതിന് ഡിപ്പാര്‍ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ആവശ്യമായിവന്നുവെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവിധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ടത് മൂലം മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആവശ്യമായ എല്ലാ നടപടികളും പുരോഗമിക്കുന്നതായി സാമൂഹ്യ പ്രവര്‍ത്തകന്‍ എം എം നാസറും അറിയിച്ചു.

കുടുംബങ്ങളെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന നിഥിനെ 10 ദിവസം മുന്‍പാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം എംബാം ചെയ്ത മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here