യുപിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തശേഷം യാഗശാലയിലെത്തിച്ച് ചുട്ടുകൊന്നു

Posted on: July 15, 2018 12:12 pm | Last updated: July 15, 2018 at 3:30 pm
SHARE

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീട്ടിനുള്ളില്‍ കുട്ടികള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ക്ഷേത്രത്തിന് സമീപത്തെ യോഗശാലയിലെത്തിച്ച് തീകൊളുത്തി കൊന്നു. സാംബല്‍ ജില്ലയിലാണ് മുപ്പത്തിയഞ്ചുകാരി ക്രൂരപീഡനത്തിനൊടുവില്‍ കൊല്ലപ്പെട്ടത്.

രാജ്പുരയിലെ വീട്ടില്‍ മക്കള്‍ക്കൊപ്പം കിടന്നുറങ്ങവെ ശനിയാഴ്ച പുലര്‍ച്ചയോടെ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം യുവതിയെ കൂട്ടം ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം പുറത്തുപോയി. ഈ സമയത്ത് ആക്രമണത്തിനിരയായ കാര്യം യുവതി ബന്ധുവിനെ ഫോണില്‍ വിളിച്ചറിയക്കവെ വീണ്ടും വീട്ടിലെത്തിയ അക്രമി സംഘം യുവതിയെ വലിച്ചിഴച്ച് ക്ഷേത്ര യാഗശാലയിലേക്കെത്തിച്ച് ചുട്ടുകൊല്ലുകയായിരുന്നു.

അക്രമികള്‍ തീ കൊളുത്തും മുമ്പ് യുവതി ഫോണില്‍ പോലീസിനെ അറിയിച്ചുവെങ്കിലും സഹായിച്ചില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. ഗാസിയാബാദില്‍ കൂലിപ്പണിക്കാരനാണ് യുവതിയുടെ ഭര്‍ത്താവ്. ആക്രമണത്തിന് ശേഷം യുവതി ബന്ധുവിനോട് സംസാരിച്ചതില്‍നിന്നും പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കൊലയാളികള്‍ കുറച്ച് കാലമായി യുവതിയെ ശല്യപ്പെടുത്തിവരികയായിരുന്നു.