Connect with us

Articles

നമ്മുടെ ഉപ്പും മുളകും ചക്കേം മാങ്ങേം...

Published

|

Last Updated

രാവിലെ ചായ കുടിക്കുമ്പോള്‍ തുടങ്ങണം, ശ്രദ്ധ. പാലേതാണ്? ചായപ്പൊടിയില്‍ മായമുണ്ടോ? നിരോധിച്ച പാലായിരിക്കാം നിങ്ങളുടെ ചായയെ വെളുപ്പിച്ചത്. ചായ കുടിക്കുമ്പോള്‍ ചൊയ വരുന്നതായി തോന്നുന്നുണ്ടോ? മായമാകാം. വെറുതെയാകാം. എന്തായാലും മനസ്സിലൊരു ഇത്…
പതിനൊന്നരക്ക് ചായ വീണ്ടും. എണ്ണക്കടിയാണ്. കടക്കാരന്‍ കടി വറുത്തെടുക്കുന്ന എണ്ണ കണ്ടാല്‍ കഴിക്കാന്‍ തോന്നില്ല. കട തുടങ്ങിയത് മുതലുള്ള എണ്ണയായിരിക്കാം. അതില്‍ പുതുതായി എണ്ണ ഒഴിക്കുമ്പോള്‍ അതും മലിനമാകുന്നു. ശരിക്കും കരിഓയില്‍. കഴിച്ചു കഴിച്ച് രോഗങ്ങളുമായി ശിഷ്ടകാലം.
ഉച്ചഭക്ഷണം നന്നായി കഴിക്കണം എന്നാഗ്രഹിക്കാത്ത മലയാളികള്‍ കുറവായിരിക്കും. അരി പൊന്നി തന്നെ വേണം. പോളിഷ് ചെയ്തത്. തവിട് തീരെ ഇല്ലാത്തത്. കറികള്‍ ഉണ്ടാക്കാന്‍ കറിപൗഡര്‍. നമുക്ക് സ്വന്തമായി പൊടിക്കാനും ഇടിക്കാനും നേരമില്ല. ആയതിനാല്‍ കടയില്‍ നിന്ന് വാങ്ങുന്നു. വലിയ കമ്പനിക്കാരുടെ പൗഡറുകളിലും മായമാണ്. പത്രങ്ങളില്‍ വരുന്നതാണ്. ഇതൊക്കെ ശ്രദ്ധിക്കാന്‍ നേരമില്ല. നടീനടന്‍മാര്‍ പറയുന്ന പൊടി വാങ്ങുന്നു, കൂടെ രോഗവും!
കല്യാണത്തിന് പോയി വെട്ടിവിഴുങ്ങുമ്പോള്‍ ഓര്‍ക്കണേ… മായം കലര്‍ന്ന സാധനങ്ങളാണ് സദ്യക്ക്. പതിനാറ് വിഭവമെന്നൊക്കെ പറയും. കറിക്ക് മുമ്പന്‍, ഇലക്ക് പിമ്പന്‍ എന്ന ചൊല്ല് കേട്ടിട്ടില്ലേ? ആ കറിവേപ്പിലയുമുണ്ടാകും മായവുമായി ആദ്യാവസാനം. ഇത് മാത്രമല്ല, പാചകക്കാരന്‍ ഭക്ഷണസാധനങ്ങള്‍ക്ക് രുചി കൂട്ടാന്‍ ഓരോരോ പൊടിക്കൈകള്‍ പ്രയോഗിക്കും. അജ്‌നാമോട്ടോ വരെ ചേര്‍ക്കുമത്രേ. നാട്ടുകാരുടെ വയറ് കേടായാലെന്താ, നോം നല്ല പാചകക്കാരനാണെന്ന് നാലാള് പറയണം. അത്രമാത്രം.
പഴങ്ങളുടെ കാര്യം പറയാതെ തന്നെ അറിയാമല്ലോ. മാമ്പഴത്തിന്റെ കാര്യം പ്രത്യേകിച്ചും. കുത്തിവെപ്പുമായാണ് ഇതൊക്കെ വിപണിയിലിറങ്ങുന്നത്. അറിഞ്ഞുതന്നെ നാം വാങ്ങിക്കഴിക്കുന്നു.

പിന്നെ നാട്ടില് എന്താണുള്ളത്, മായമില്ലാത്തതായി? സംശയാണേയ്. ചക്കയുടെ കാര്യമാണ് പറയുക എന്നറിയാം. ഇപ്പോള്‍ ചക്കയുടെ ഉള്ളിലും കയറ്റുന്നുണ്ട് വിഷദ്രാവകം. അങ്ങനെ സംസ്ഥാന ബഹുമതി കിട്ടിയ ചക്കയും പോയി.
മീനായിരുന്നു നമ്മുടെ സ്വകാര്യ അഹങ്കാരം. ഒരു മായവുമില്ല. നല്ല പെടപെടക്കണ മത്തീം അയലേം അയക്കൂറയും… ഇക്കടലില്‍ പിടിച്ചത്, അക്കടലില്‍ പിടിച്ചത് എന്നൊക്കെ പറഞ്ഞ് വണ്ടിയും വില്‍പ്പനക്കാരനും. അതും പോയി. ഫോര്‍മാലിനില്‍ കുളിപ്പിച്ചതാ ഇപ്പോഴത്തെ മീന്‍. ഇന്നത്തെ മത്സ്യം നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്…
അമ്മ നന്മയാണ്. സ്‌നേഹത്തിന്റെ തലോടലാണ്. താരങ്ങളുടെ സംഘടനയായാലും അങ്ങനെത്തന്നെയാകണമല്ലോ. മക്കള്‍ എല്ലാം ഒരുപോലെ. ആണായാലും പെണ്ണായാലും ഒരുപോലെ. പണക്കാരനായാലും പാവപ്പെട്ടവനായാലും ഒരു പോലെ. എന്നാല്‍ ഈ അമ്മ അങ്ങനെയല്ല പോലും. നടിയോടൊപ്പം നില്‍ക്കുന്നു, നടന് വേണ്ടി പ്രാര്‍ഥിക്കുന്നു. അപ്പോള്‍ അമ്മ എന്ന സംഘടനയിലുമുണ്ട് മായം. ഇതാ, ഉപ്പും മുളകും. നമ്മുടെ അടുക്കളയിലെ കാര്യമല്ല, സീരിയലാണ്. അവരുടെ അടുക്കളേല്‍ മോശം പെരുമാറ്റം. ഒടുവില്‍ സംവിധായകനെ മാറ്റി.

പുതിയ വാര്‍ത്ത വന്നിട്ടുണ്ട്. അമ്മ സ്‌നേഹത്തോടെ നമ്മുടെ ദേഹത്തിട്ടു തന്ന പൗഡറിലും മായമാണെന്ന്. കറി പൗഡര്‍ മാത്രമല്ല, ടാല്‍കം പൗഡറും മായം. അമ്മേ…

---- facebook comment plugin here -----

Latest